Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസിഡന്റ് ട്രംപിനെയല്ല, ഞങ്ങൾക്ക് ഏറെയിഷ്ടം അച്ഛൻ ഒബാമയെ

obama-trump ഒബാമ മക്കൾക്കൊപ്പം, ട്രംപ് മകൾക്കൊപ്പം.

‘അച്ഛനെ എനിക്കേറെയിഷ്ട’മെന്നു ലോകം ആവർത്തിച്ചുപറഞ്ഞ ഒരു ദിനം കടന്നുപോയെങ്കിലും ചില ലോകനേതാക്കളുടെ ആ ദിനത്തിലെ പ്രതികരണങ്ങൾ സൃഷ്ടിച്ച ഓളങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കടുംചുവപ്പും വെളുപ്പുമുള്ള റോസാപുഷ്പങ്ങൾ സ്നേഹം മന്ത്രിക്കുന്നതിനിടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും മുൻ പ്രസിഡന്റ് ഒബാമയുടെയും സന്ദേശങ്ങളും അവയുടെ വൈരുദ്ധ്യവും.

ഓരോ പുതിയ തീരുമാനമെടുക്കുമ്പോഴും പ്രസംഗിക്കുമ്പോഴുമെല്ലാം ട്രംപിനെ ലോകം താരതമ്യം ചെയ്യുന്നുണ്ട് ഒബാമയുമായി. നയങ്ങളിലെന്നപോലെ വാക്കിലും നോക്കിലും പ്രവൃത്തിയിലും പരസ്പരം വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുപേർ. അച്ഛൻ ദിനങ്ങളിൽ അയച്ച സന്ദേശങ്ങളിലും പരസ്പരം പൊരുത്തപ്പെടാതെ നിൽക്കുന്നു. ട്വിറ്ററിൽ ഇതു വൻചർച്ചയ്ക്കും തുടക്കമിട്ടു. ജൂണിലെ മൂന്നാം ഞായറാഴ്ച ഒബാമയുടെ സന്ദേശത്തിൽ നിഷ്കളങ്ക സ്നേഹം നിറഞ്ഞുനിന്നപ്പോൾ രാഷ്ട്രീയം കലർത്തിയ തന്റെ മുദ്രാവാക്യങ്ങളിലുറച്ചുനിന്നുള്ള സന്ദേശമാണ് ട്രംപ് നൽകിയത്. ഇതാണു ചർച്ചയ്ക്കും വിവാദത്തിനും കാരണമായതും. 

ട്രംപിന്റെ വൈറ്റ് ഹൗസിലെ ആദ്യത്തെ അച്ഛൻ ദിനമാണു കടന്നുപോയത്. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് മെലനിയയും മകനും ഉൾപ്പെട്ട കുടുംബം ട്രംപിനോടൊപ്പം താമസിക്കാൻ ഔദ്യോഗികവസതിയിലെത്തിയത്. പക്ഷേ അച്ഛനെക്കുറിച്ചോ മകനെക്കുറിച്ചോ ആയിരുന്നില്ല ട്രംപിന്റെ സന്ദേശം. വീണ്ടും അമേരിക്കയെ മഹത്വമുള്ള രാജ്യമാക്കി മാറ്റുക എന്ന മുദ്രവാക്യം ആദ്യത്തെ വാചകം. എഴുപതിയൊന്നുകാരനായ പ്രസിഡന്റ് അങ്ങനെയെഴുതിയതിൽ ദുഷ്ടലാക്ക് കാണാനാകില്ല.

പക്ഷേ, ചില ദുഷ്ടശക്തികൾ ലക്ഷ്യത്തിൽനിന്നു വ്യതിചലിപ്പിക്കാൻ കഠിമായി ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കയെ മഹത്വത്തിലേക്കു മടക്കിക്കൊണ്ടുപോകാനുള്ള യത്നത്തിൽനിന്നു മാറില്ലെന്ന ദൃഡനിശ്ചയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.അനേകം പുതിയ ഉത്തരവാദിത്തങ്ങൾ,വ്യാവസായിക ഉണർവിലെ ആവേശം...ട്രംപ് തുടർന്നു. ഇതിലെവിടെയാണ് അച്ഛനോടുള്ള സ്നേഹമെന്നു തിരഞ്ഞുമടുത്തവർ അസ്വസ്ഥരായി.അവർ ഒബാമയുടെ സന്ദേശത്തിലെത്തി. ജീവിതത്തിൽ ചെയ്ത വലിയ കാര്യങ്ങളിലെല്ലാംവച്ച് ഞാൻ ഏറ്റവും കൂടുതൽ അഭിമാനംകൊള്ളുന്നത് സാഷയുടെയും മലിയയുടെയും അച്ഛനായിരിക്കുന്നതിൽ... ഒബാമ കുറിച്ചു. അച്ഛനാകാൻ ഭാഗ്യം സിദ്ധിച്ച എല്ലാ ഭാഗ്യവാൻമാർക്കും സന്തോഷം നിറഞ്ഞ ആശംസകൾ..ഒബാമ തുടർന്നു.

രണ്ടു ട്വീറ്റുകളിലെയും വ്യത്യാസം പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രസിഡന്റിന്റെയും മുൻപ്രസിഡന്റിന്റെയും സന്ദേശങ്ങൾ മാത്രമല്ല അവരുടെ ഭാര്യമാർക്കും എന്തു പറയാനുണ്ടെന്നും ജനം നോക്കി. കുടുംബത്തിന്റെ പഴയൊരു ഫോട്ടോയ്ക്കൊപ്പമാണ് മിഷേലിന്റെ അച്ഛൻ‌ദിന സന്ദേശം. ഒബാമയെ ടാഗ് ചെയ്തുകൊണ്ടു മിഷേൽ സന്തോഷദിനം ആശംസിച്ച് എഴുതി: ഞങ്ങളുടെ രണ്ടു പെൺകുട്ടികൾക്കും പ്രായമായിരിക്കുന്നു.അവർക്കു നീളം വച്ചിരിക്കുന്നു.പക്ഷേ ഇപ്പോഴും അവർ ഞങ്ങളുടെ കൊച്ചുകുട്ടികൾതന്നെ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു.

മിഷേലിന്റെ ഈ പോസ്റ്റ് ഒബാമ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പുതുമയില്ലാതെ, വൈകാരികമല്ലാതെ സന്തോഷം നിറഞ്ഞ അച്ഛൻദിനം ആശംസിക്കുന്നതുപകരം കുടുംബബന്ധങ്ങളുടെ ഉഷ്മളതയും സ്നേഹവും വാൽസല്യവും നിറഞ്ഞുനിന്നു ഒബാമയുടെയും മിഷേലിന്റെയും വാക്കുകളിൽ.

മെലനിയ ട്രംപ് ആകട്ടെ മൂന്നു വാക്കുകളിൽ തന്റെ ആശംസ ചുരുക്കി. ട്രംപിന്റെ മകൾ ഇവാങ്കയാകട്ടെ ട്വിറ്റർ സന്ദേശത്തിൽ തന്റെ മൂന്നു മക്കളുടെ അച്ഛൻ ഭർത്താവ് ജെറാദ് കുസ്നറെ പുകഴ്ത്തുന്നു. അച്ഛൻ ട്രംപിനെക്കുറിച്ച് ഇവാങ്കയുടെ മൗനവും ചർച്ചചെയ്യപ്പെട്ടു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഇവാങ്ക ട്രംപിനും ആശംസ അറിയിച്ചെങ്കിലും ആദ്യത്തെ വാക്കുകളിലെ ട്രംപിന്റെ അസാന്നിധ്യമാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തതും ആഘോഷിച്ചതും. ഡോണൾഡ് ട്രംപ് ജൂനിയറിന്റേത് ഒറ്റവരി സന്ദേശമായിരുന്നെങ്കിലും കുറച്ചെങ്കിലും സ്നേഹം തുടിച്ചുനിന്നു ആ വാക്കുകളിൽ. ട്രംപ് കുടുംബത്തിൽ അച്ഛൻ ദിനത്തിനു യോജിക്കുന്ന ഏക സന്ദേശമായും അതു വാഴ്ത്തപ്പെട്ടു. 

കാര്യങ്ങൾ ഇത്രയുമൊക്കെയായപ്പോൾ അടങ്ങിയിരിക്കാനാകുമോ ട്വിറ്റർ ഉപയോക്താക്കൾക്ക്.അവർ ചൂടുവാക്കുകളുമായി ഇറങ്ങിത്തിരിച്ചു. അച്ഛനായിരിക്കുന്നതിലെ സൗഭാഗ്യമാണ് ഒബാമയ്ക്കു പ്രധാനമെങ്കിൽ മാധ്യമങ്ങളുടെ വായടപ്പിക്കാനും മുദ്രാവാക്യം മുഴക്കാനുമാണ് ട്രംപിനു താൽപര്യമെന്ന് ഒരാൾ കുറിച്ചു.

അച്ഛനെക്കുറിച്ചോ മക്കളെക്കുറിച്ചോ പറയാത്ത ട്രംപിനു താൽപര്യം അദ്ദേഹം മാത്രമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ട്രംപിന്റെ സന്ദേശത്തിൽ നിറഞ്ഞുനിൽക്കുന്നത് സുരക്ഷിതത്വമില്ലായ്മയാണെങ്കിൽ ഒബാമയുടെ വാക്കുകൾ സ്നേഹം നിറഞ്ഞ ഹൃദയത്തിൽനിന്നു വരുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു. ട്രംപിന്റെ സന്ദേശം കണ്ടാൽ എങ്ങനെ ദുഃഖിക്കാതിരിക്കുമെന്നുപോലും ഒരാൾ കുറിച്ചു. മക്കളെക്കുറിച്ച് ഒബാമ അഭിമാനം കൊള്ളുമ്പോൾ പരാതിപ്പെടാനും വിദ്വേഷം പ്രചരിപ്പിക്കാനുമാണ് ട്രംപിനു താൽപര്യമെന്നു വേറെ ഒരാൾ. പ്രസിഡന്റ് എന്ന നിലയിൽ ട്രംപിനെ അംഗീകരിച്ചാൽപ്പോലും മനുഷ്യനെന്ന നിലയിൽ താൻ ഒബാമയ്ക്കൊപ്പമെന്നു മറ്റൊരു സന്ദേശം.