Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17 വർഷത്തിനു ശേഷം അമ്മ മകനെക്കണ്ടു; കണ്ണീരു തോർന്ന് നൂർജഹാൻ

hani ഉമ്മയ്ക്കും സഹോദരനുമൊപ്പം ഹാനി.

ഷാർജ വിമാനത്താവളത്തിലെ അറൈവൽ ടെർമിനലിലേക്ക് ഹാനി ഉറ്റുനോക്കിനിന്നു. അപ്പോൾ ഹാനി പതിനേഴുവയസ്സുകാരൻ കൗമാരക്കാരനായിരുന്നില്ല. മൂന്നു വയസ്സുകാരൻ കുട്ടി. ഉമ്മയെത്തേടി ഉഴറുന്ന കണ്ണുകളുമായി നിൽക്കുന്ന കൊച്ചുകുട്ടി. കോഴിക്കോട്ടുനിന്നുള്ള വിമാനത്തിൽ ഹാനിയുടെ ഉമ്മ വരുന്നു; നൂർജഹാൻ. 17 വർഷത്തിനുശേഷം ഹാനി ഉമ്മയെ കാണുകയാണ്.

പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ മാത്രം കണ്ടു പരിചയമുള്ള ഉമ്മ. ഇനിയൊരിക്കലും കാണാനാവില്ലെന്ന് ഉറപ്പിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി കാലം കാത്തുവച്ച സമാഗമത്തിന്റെ നിമിഷം.അവർക്കു കരച്ചിലടക്കാനായില്ല. കണ്ണുനീർ നിയന്ത്രിക്കാനായില്ല.ഏറെയാളുകൾ തങ്ങളെ നോക്കുന്നുണ്ടെന്നതു മറന്ന്, ക്യാമറകളുടെ ഫ്ലാഷ് വെളിച്ചങ്ങളും ഷൂട്ട് ചെയ്യുന്ന വീഡിയോയും മറന്ന് അവർ കെട്ടിപ്പുണർന്നു ; നിമിഷങ്ങളോളം.

നൂർജഹാൻ മകന്റെ ശിരസ്സിൽ തലോടി. മുഖത്തുകൂടി വിരലോടിച്ചു. ജൻമം കൊടുത്ത് ഏതാനും വർഷങ്ങൾക്കകം, കണ്ടു കൊതി തിരൂം മുമ്പ് തന്നിൽനിന്നു ബലമായി പിടിച്ചുമാറ്റപ്പെട്ട മകനെ ഉമ്മയ്ക്കു കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. അടുത്തുതന്നെയുണ്ടായിരുന്നു ഷമീറ.ഹാനിയുടെ സഹോദരി. വൈകാരിക നിമിഷത്തിനു സാക്ഷിയായി കണ്ണീർതൂവി ഷമീറ നിന്നു. രാജ്യാതിർത്തികൾ അപ്രസക്തമാക്കിയ കൂടിച്ചേരൽ. സ്നേഹം ഒരുമിപ്പിക്കുകയും വിദ്വേഷം അകറ്റുകയും ചെയ്തവർ വീണ്ടും സ്നേഹത്തിലൂടെ ഒരുമിച്ചുചേരുന്ന അപൂർവനിമിഷം.

കണ്ണീരും പുഞ്ചിരിയും ചാലിച്ച ഒരു ബോളിവുഡ് സിനിമയുടെ എല്ലാ ചേരുവകളുമുണ്ട് ഹാനി എന്ന ഹനി നദർ മെർഗാനി ഹാനിയുടെ കഥയ്ക്ക്.ഹാനിയുടെ പിതാവിന്റെ നാട് സുഡാൻ. അദ്ദേഹം കേരളത്തിലെത്തിയത് ഉന്നതവിദ്യാഭ്യാസത്തിന്.അക്കാലത്ത് കേരളത്തിൽനിന്ന് അദ്ദേഹം നൂർജഹാനെ വിവാഹം കഴിക്കുന്നു. ഹാനിക്കു പിന്നാലെ മൂന്നു സഹോദരിമാർ കൂടി ജനിച്ചു. അപ്പോഴേക്കും അദ്ദേഹവും നൂർജഹാനും തമ്മിൽ അകന്നു.മൂന്നു വയസ്സുള്ള ഹാനിയേയും കൂട്ടി പിതാവ് സുഡാനിലേക്ക് യാത്രയായി.

തടയാൻ നൂർജഹാന് ആയില്ല. ഇളം പ്രായത്തിൽ ഉമ്മയേയും സഹോദരിമാരെയും വേർപെട്ട് ഹാനി അജ്ഞാതമായ ഭാവിയിലേക്ക്, വിദുര രാജ്യമായ സുഡാനിലേക്ക്. അവിടെ ഹാനിക്കു കടന്നുപോകേണ്ടിവന്നതു ദുസ്വപ്നങ്ങൾക്കു സമാനമായ ദുരനനുഭവങ്ങൾ. ഹാനിയുടെ പിതാവ് വീണ്ടും വിവാഹം കഴിച്ചു. രണ്ടാനമ്മ ഹാനിയെ നിഷ്കരുണം പീഡിപ്പിച്ചു. നരകതുല്യമായിരുന്നു ജീവിതം.പ്രതീക്ഷ നഷ്ടപ്പെട്ട ദിവസങ്ങൾ സന്തോഷം ഇല്ലാതായ നിമിഷങ്ങൾ.കോഴിക്കോടിനെക്കുറിച്ചും ഉമ്മയെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചുമുള്ള ഓർമകളുമായി ഹാനി ജീവിതം തള്ളിനീക്കി. കുടുംബത്തെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ കയ്യിലുണ്ടായിരുന്നു; ഉമ്മയുടെ മങ്ങിത്തുടങ്ങിയ ഒരു പഴയ ചിത്രവും.

ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഹാനി വിവരങ്ങളും ചിത്രവും ഫെയ്സ്ബുകിൽ പങ്കുവച്ചു. അപ്പോഴാണു സഹോദരി ഷമീറ ദുബായിൽ കരാമയിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന വിവരമറിഞ്ഞത്.ഷമീറ ഹാനിയെ ബന്ധപ്പെട്ടു. സഹോദരനുവേണ്ടി ഒരു പാസ്പോർട് സംഘടിപ്പിച്ചു. ഏതാനും ദിവസം മുമ്പ് കരാമയിലെത്തി ഹാനി ഷമീറയെ  കണ്ടു. സഹോദരങ്ങളുടെ അപൂർവ സമാഗത്തിന്റെ വാർത്തകൾ നവമാധ്യമങ്ങളുൾപ്പെടെ റിപോർട് ചെയ്തു. ദുബായിൽ ഹാനിക്കു ജോലി വാഗ്ദാനങ്ങളുമായി അനേകം പേർ എത്തി.

അതേ, ലോകം മുഴുവൻ ഞങ്ങളെ സഹായിക്കാൻ നിൽക്കുന്നതുപോലെ എനിക്കു തോന്നി. എത്രയധികം നല്ല ആളുകൾ. സ്നേഹത്തിനു വില കൽപിക്കുന്നവർ.അകന്നുപോയ ഞങ്ങളുടെ കുടുംബം കാരുണ്യക്കടലിൽ ഒരുമിച്ചുചേർന്നപോലെ...വിതുമ്പിക്കൊണ്ടു ഷമീറ പറയുന്നു. 

മക്കൾ ദുബായിൽ ഒരുമിച്ചുകണ്ട വാർത്ത കോഴിക്കോട്ടുള്ള നൂർജഹാനും അറിഞ്ഞു. ഉമ്മയെ എങ്ങനെ ദുബായിലേക്കു കൊണ്ടുവരുമെന്നതായി അടുത്ത പ്രശ്നം. വീസക്കും ടിക്കറ്റിനുമുള്ള പണം കണ്ടെത്താൻ ദരിദ്രകുടുംബത്തിന് ആകുമായിരുന്നില്ല. ഹാനിയുടെ കഥ മാധ്യമങ്ങളിൽ വായിച്ച പാക്കിസ്ഥാനിൽനിന്നുള്ള തഹ്‍ല ഷാ എന്ന വ്യവസായി സഹായവാഗ്ദാനവുമായി എത്തി.

നൂർജഹാനു ദുബായിൽ എത്താൻ വീസയും ടിക്കറ്റും അദ്ദേഹം സംഘടിപ്പിച്ചു. നൂർജഹാന്റെ ആദ്യവിമാനയാത്ര. യാത്രയുടെ സംഭ്രമങ്ങളൊന്നും നൂർജഹാനെ അലട്ടിയില്ല. മനസ്സുമുഴുവൻ മകനായിരുന്നു. ആദ്യത്തെ കൺമണി. 17 വർഷം മുമ്പ് അകന്നുപോയ മകൻ. ഷമീറയുടെ ഒരു സൂഹൃത്ത് നൂർജഹാനു ദുബായിൽ താമസ സൗകര്യം ഏർപ്പാടാക്കി. അവർ നാട്ടിലേക്കു പോകുന്നതിനാൽ വീട് ഒഴിഞ്ഞുകിടക്കുകയാണ്. ആ വീട്ടിൽ നൂർജഹാനും ഷമീറയ്ക്കും ഹാനിക്കും സന്തോഷത്തോടെ താമസിക്കാം. രണ്ടു പതിറ്റാണ്ടു മുമ്പ് കോഴിക്കോട്ടെ കൊച്ചുവീട്ടിൽ സ്നേഹം പങ്കുവച്ചുകഴിഞ്ഞ നാളുകളിലെന്നപോലെ. 

നാട്ടിലുള്ള രണ്ടു സഹോദരിമാർ ഹാനിക്കുവേണ്ടി കുറേയധികം ഭക്ഷണസാധനങ്ങൾ കൊടുത്തുവിട്ടിട്ടുണ്ട്‌. ഞാനും കുറച്ചു പലഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അതിനെല്ലാമപ്പുറം മനസ്സുനിറഞ്ഞ സ്നേഹവുമായാണ് ഞാൻ വരുന്നത്...ഇടറുന്ന വാക്കുകളിൽ നൂർജഹാൻ പറഞ്ഞു. 

മലയാളികൾ ജീവിതത്തിന്റെ സ്വർഗം തീർക്കാൻ എത്തുന്ന ഗൾഫ് എന്ന സ്വപ്നഭൂമിയിലെ വിമാനത്താവളത്തിലെ തിരക്കിൽ നിൽക്കുമ്പോഴും അവർക്ക് എങ്ങനെ കരയാതിരിക്കാനാവും. ഒരിക്കലും നടക്കില്ലെന്നു കരുതിയ സമാഗമമല്ലേ മണലാരണ്യത്തിലെ മരുപ്പച്ചയായ ദുബായിൽ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. അവർ കരയട്ടെ. അതു വിഷാദം ഘനീഭവിപ്പിച്ച കണ്ണീർത്തുള്ളികളല്ല. സന്തോഷത്തിളക്കമുള്ള വൈഢൂര്യമുത്തുകൾ. ജീവിതത്തിന്റെ സമസ്തസൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന മഞ്ഞുകണങ്ങൾ. 

കേരളത്തിൽനിന്നുള്ള ഉമ്മയും സുഡാനിൽനിന്നെത്തിയ മകനും ഗൾഫിൽ ഒരുമിച്ചപ്പോൾ ആ സമാഗമം സാധ്യമാക്കിയ പാക്കിസ്ഥാൻ വ്യവസായി സാക്ഷിയായി എത്തിയില്ലേ? മഹാമനസ്കതയുള്ള ആ മനുഷ്യൻ അതു വെളുപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല. എവിടെയായിരുന്നാലും മനസ്സിന്റെ കണ്ണാടിയിൽ അദ്ദേഹത്തിനു സ്നേഹത്തിന്റെ കൂടിച്ചേരൽ കാണാനാകുമായിരിക്കാം. അതിർത്തികളെ അപ്രസക്തമാക്കാനും പുതിയ ലോകങ്ങൾ സൃഷ്ടിക്കാനും സ്നേഹത്തിനല്ലേ കഴിയൂ; സ്നേഹത്തിനു മാത്രം.