വിവാഹത്തിനു നിമിഷങ്ങൾക്കു മുമ്പ് വധു കൂട്ടമാനഭംഗത്തിനിരയായി; എന്നിട്ടും പ്രണയം കൈവിടാതെ വരൻ പക്ഷേ...

ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ഒരു പെണ്ണിനും അതിജീവിക്കാൻ കഴിയാത്ത ദുരന്തങ്ങളിലൂടെയാണ് അവൾ കടന്നുപോയത്. മൂർച്ചയേറിയ കത്തി നെഞ്ചിൽ തറച്ചു കയറുന്ന വേദനയോടെയല്ലാതെ അവൾക്ക് ഭൂതകാലത്തെ ഓർത്തെടുക്കാനാവില്ല. കെനിയയിലെ നെയ്റോബിയിലെ പാസ്റ്ററായ ടെറിയുടെ ജീവിത കഥ  കണ്ണുകലങ്ങാതെ വായിച്ചു തീർക്കാനാവില്ല. ഇത്രയുമൊക്കെ പരീക്ഷണങ്ങൾ ഒരു മനുഷ്യസ്ത്രീയ്ക്ക് അതിജീവിക്കാൻ കഴിയുമോ എന്ന ചോദ്യം മാത്രമേ ടെറിയുടെ ജീവിത കഥ കേട്ടാൽ നമ്മുടെ മനസ്സിൽ അവശേഷിക്കൂ.

വിവാഹദിനത്തിന്റെ തലേദിവസം വധുവും വരനും ഒരുമിച്ചു കഴിയണമെന്ന ആചാരം പാലിച്ചതിനുശേഷം വിവാഹദിനത്തിൽ പള്ളിയിലേക്കു പുറപ്പെടുമ്പോഴാണ് ടെറിയുടെ ജീവിതത്തെ കീഴ്മേൽ മറിക്കാൻ പോന്ന സംഭവങ്ങളുണ്ടായത്. പോകുന്ന വഴിയിൽ കാറിന്റെ മുകളിൽ ഒരു പുരുഷനിരിക്കുന്നത് ടെറി ശ്രദ്ധിച്ചിരുന്നു. അയാളെ കടന്ന് ടെറി നടന്നതും അയാൾ ടെറിയെ പിന്നിലൂടെ കടന്നു പിടിച്ച് കാറിനുള്ളിലേക്കു വലിച്ചിഴച്ചതും ഒരുമിച്ചായിരുന്നു. കുതറിയോടാൻ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ കാത്തിരുന്ന രണ്ടു പുരുഷന്മാർ ചേർന്ന് അവളുടെ വായിൽ തുണികുത്തിത്തിരുകി അവളെ നിശ്ശബ്ദയാക്കിയ ശേഷം ക്രൂരമായി മനഭംഗം ചെയ്തു.

കാറിനുള്ളിലേക്ക് വലിച്ചിഴയ്ക്കുമ്പോഴേ ഇന്നു തന്റെ വിവാഹമാണ് തന്നെ ഉപദ്രവിക്കരുതെന്ന് ടെറി പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ അവർ അവളെ നിശ്ശബ്ദയാക്കി. മൂന്നുപേരും മാറി മാറി മാനഭംഗം ചെയ്ത ശേഷം അവളെ ഓടുന്ന കാറിൽ നിന്നും റോഡിലേക്കു വലിച്ചെറിഞ്ഞു. റോഡിലുണ്ടായിരുന്ന ഒരു കൊച്ചുപെൺകുട്ടി ഇതുകണ്ട് അവളുടെ വീട്ടിൽ വിരമറിയിക്കുകയും അവളുടെ വീട്ടുകാർ പൊലീസിനൊപ്പമെത്തി ടെറിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.  അവൾ മരിച്ചുവെന്ന ധാരണയിൽ മോർച്ചറിയിലേക്കാണ് ആംബുലൻസ് വിട്ടത്.

എന്നാൽ വഴിയിൽവെച്ച് അവളെ പൊതിഞ്ഞിരുന്ന തുണി അനങ്ങുകയും അവൾ ചുമയ്ക്കുകയും ചെയ്തതോടെയാണ് അവൾക്ക് ജീവനുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ലൈംഗികരോഗങ്ങളും എയ്ഡ്സും വരാതിരിക്കാനുള്ള കുത്തിവെയ്പ്പുകളെടുത്ത ശേഷം ആശുപത്രി അധികൃതർ ടെറിക്കുവേണ്ട പ്രഥമ ശുശ്രൂഷകൾ നൽകി. ശരീരത്തിലെ പരുക്കുകൾ ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

പ്രതിശ്രുതവരൻ ഹാരിയും അതിഥികളുമെല്ലാം വധുവിന്റെ വരവിനുവേണ്ടി പള്ളിയിൽ കാത്തുനിൽപ്പു തുടങ്ങിയിട്ട് കുറേ നേരമായെങ്കിലും വധു എത്തിയില്ല. കാത്തിരിപ്പ് ആശങ്കകൾക്കു വഴിമാറിയപ്പോഴാണ് സമീപത്തെ ആശുപത്രിയിൽ നിന്ന് ആ വാർത്ത എത്തിയത്. വിവാഹം നടക്കേണ്ട വധു കൂട്ടമാനഭംഗത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സന്തോഷങ്ങളും ആഘോഷങ്ങളും സങ്കടങ്ങൾക്കും വിലാപങ്ങൾക്കും വഴിമാറി. വരനും ബന്ധുക്കളും പ്രാണവേദനയോടെ ആശുപത്രിയിലേക്കു പാഞ്ഞു. പക്ഷേ അപ്പോഴേക്കും ടെറിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ചതഞ്ഞു നീരുവെച്ച മുഖവും അന്യപുരുഷന്മാർ കയറിയിറങ്ങിയ ശരീരവുമായി മരണം കാത്തുകിടന്ന ടെറിയുടെ സമീപം പ്രതിശ്രുതവരൻ ഹാരിയെത്തി. അദ്ദേഹത്തിന്റെ മുഖത്തു നോക്കാതെ കരഞ്ഞുകൊണ്ടു ക്ഷമ പറഞ്ഞ ടെറിയുടെ മുഖമുയർത്തി ഹാരി പറഞ്ഞു. 'നിന്നെ വിവാഹം കഴിക്കാൻ ഞാനിപ്പോഴും തയാറാണ്'. പക്ഷേ ആ സന്തോഷവാർത്തയയ്ക്കും അധികം ആയുസ്സില്ലായിരുന്നു. ടെറിയെ വീണ്ടും സങ്കടപ്പെടുത്തിക്കൊണ്ട് ഡോക്ടർമാർ ആ വിവരം തുറന്നു പറഞ്ഞു. മാനഭംഗശ്രമത്തിനിടയിൽ  പ്രത്യുത്പാദന അവയവത്തിനു ഗുരുതരമായി പരുക്കുപറ്റിയതിനാൽ ടെറിക്കൊരിക്കലും ഒരു കുഞ്ഞിന്റെ അമ്മയാവാൻ കഴിയില്ല. ആകെത്തകർന്നു പോയ ടെറിയെ ഹാരി ആശ്വസിപ്പിച്ചു. ഇതൊന്നും തനിക്കൊരു വിഷയമേയല്ലെന്നും തന്റെ മനസ്സിലെ പ്രണയത്തെ തകർക്കാൻ ഈ മോശം വാർത്തകൾക്കൊന്നുമാവില്ലെന്നും അയാൾ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ 2005 ൽ അവർ വിവാഹിതരായി.

പക്ഷേ വീണ്ടും ഒരു ദുരന്തം ദൈവം ടെറിയ്ക്കായി കാത്തുവെച്ചിട്ടുണ്ടായിരുന്നു. വിവാഹത്തിനുശേഷമുള്ള 29–ാം നാൾ ഹാരി മരണപ്പെട്ടു. വീടിനുള്ളിൽ തണുപ്പായിരുന്നതിനാൽ ഹാരി തന്നെയാണ് ഒരു ചാർക്കോൾ സ്റ്റൗവ് വീടിനുള്ളിൽ വെച്ചത്. സാധാരണ വീടിനു പുറത്ത് എന്തെങ്കിലും പാചകം ചെയ്യാനാണ് അതുപയോഗിക്കുന്നത്. എന്നാൽ സ്റ്റൗ അണയ്ക്കാതെ അവർ ഉറങ്ങിപ്പോവുകയും സ്റ്റൗവിൽ നിന്നുള്ള ചൂട് അധികമായപ്പോൾ മുറിക്കുള്ളിൽ പുക നിറയുകയും ചെയ്തു. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ലെങ്കിലും അയൽക്കാരെ ഫോണിൽ വിളിച്ച് തങ്ങളെ രക്ഷിക്കണമെന്ന് ടെറി അറിയിച്ചു. അയൽക്കാർ സ്ഥലത്തെത്തുമ്പോഴേക്കും ടെറിയുടെ ബോധം നശിച്ചിരുന്നു. ബോധം വന്നപ്പോൾ ടെറി കേട്ടത് ഹാരിയുടെ മരണവാർത്തയായിരുന്നു.

ജീവിതത്തിൽ ആകെയുണ്ടായിരുന്ന ആശ്രയും പ്രതീക്ഷയും ഇല്ലാതായപ്പോൾ ടെറി ആകെത്തകർന്നു. പുറത്തെങ്ങുമിറങ്ങാതെ വീടിനുള്ളിൽ കൂനിക്കൂടിയിരുന്നു. ആകെ ആ വീട്ടിലെത്തുന്നത് ടോണി എന്നു പേരുള്ള പാസ്റ്ററായിരുന്നു. ടെറിയെ സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്തു. കാലം മുന്നോട്ടു പോയി. ടെറിയുടെ മനസ്സിലെ മുറിവുകൾ പതുക്കെ ഉണങ്ങിത്തുടങ്ങിയെന്നു മനസ്സിലായപ്പോൾ ടോണി ടെറിയോട് വിവാഹാഭ്യർഥന നടത്തി. തന്നെക്കുറിച്ചുള്ള വാർത്തകൾ വായിച്ചിട്ടു വരൂ അതിനു ശേഷം മറുപടി നൽകാമെന്നായി ടെറി. അതെല്ലാം തനിക്കറിയാമെന്നു ടോണി പറഞ്ഞപ്പോഴും ടെറി വിവാഹത്തിനെതിരു നിന്നു. തനിക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ലെന്ന കാര്യം ടോണിയെ അറിയിച്ചു. അതറിഞ്ഞപ്പോൾ ടോണിയുടെ മറുപടിയിതായിരുന്നു. കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്. ഇനി കുഞ്ഞുങ്ങൾ ഉണ്ടായില്ലെന്നു വെച്ചോളൂ അപ്പോൾ എനിക്കു നിന്നെ സ്നേഹിക്കാൻ കൂടുതൽ സമയം കിട്ടും എന്നായിരുന്നു.

വിവാഹം കഴിഞ്ഞു മൂന്നാം വർഷം ടെറിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. രോഗത്തിന്റെ രൂപത്തിൽ ദൈവം തന്നെ വീണ്ടും പരീക്ഷിക്കുകയാണെന്നു ടെറിക്കു തോന്നി. എന്നാൽ ആ വയ്യായ്കകളൊക്കെ പുതിയ അതിഥിയുടെ വരവറിയിക്കാനായിരുന്നുവെന്ന് അധികം വൈകാതെ ടെറിക്കും ടോണിക്കും മനസ്സിലായി. ഗർഭകാലം സുരക്ഷിതമായി കടന്നുപോയി. അധികം വൈകാതെ ടെറി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാലുവർഷത്തിനു ശേഷം ടെറി മറ്റൊരു പെൺകുഞ്ഞിനു കൂടി ജന്മം നൽകി. ദുരന്തങ്ങൾ തോരാമഴയായെത്തിയ ടെറിയുടെ ജീവിതത്തിൽ  സന്തോഷങ്ങൾ നിറഞ്ഞു.

ഇപ്പോൾ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ടെറി നിരവധി സ്ഥലങ്ങളിലേക്കു യാത്ര പോകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരകൾക്കുവേണ്ടി സംസാരിക്കുന്നുണ്ട്. താൻ അനുഭവിച്ച കൊടിയ പീഡനത്തിന്റെ കഥകൾ പങ്കുവയ്ക്കുകയും ആ ദുരന്തങ്ങളെ അതിജീവിച്ച് ഇന്നു കാണുന്ന സന്തോഷ പ്രദമായ ജീവിതം സ്വന്തമാക്കിയതെങ്ങനെയെന്നും അവർ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കും. അങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിലും അവർ പോസിറ്റീവായ ഊർജ്ജം നിറയ്ക്കും.