''വിവാഹത്തിനു തൊട്ടുമുമ്പ് വരൻ പറഞ്ഞു എനിക്കിഷ്ടം മറ്റൊരു പെൺകുട്ടിയെ''

ചിത്രത്തിന് കടപ്പാട് യുട്യൂബ്.

രണ്ടു മനസ്സുമായി വിവാഹപ്പന്തലിൽ കാലുകുത്തുന്നവരുടെ കഥ ഇന്നു പുതുമയല്ലാതായിരിക്കുന്നു. വിവാഹപ്പന്തലിൽ വെച്ച് വിവാഹത്തിനു തൊട്ടുമുമ്പ് പ്രണയിച്ചവരുടെ കൂടെയിറങ്ങിപ്പോകുന്നതും സ്ത്രീധനത്തിന്റെ പേരിലും മറ്റും വിവാഹം നിർത്തിവെയ്ക്കുന്നതുമൊന്നും ഒരു വാർത്തയേ അല്ലാതാവുന്ന കാലത്താണ്. ഒരു പുരുഷൻ വിവാഹവേദിയിൽവെച്ച് മറ്റൊരു പെൺകുട്ടിയെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞത്.

വിവാഹത്തിനെത്തിയ അതിഥികൾ എന്താണു സംഭവിക്കുന്നതെന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ അതിഥികൾക്കിടയിലേക്കു കൈചൂണ്ടി വരൻ ആ പെൺകുട്ടിയെ വിളിച്ചു. അവളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും ജീവിതകാലം മുഴുവൻ ഒരു സങ്കടവും വരാതെ സംരക്ഷിച്ചുകൊള്ളാമെന്നും അവിടെ കൂടിയിരിക്കുന്ന ആളുകളുടെ മുന്നിൽവെച്ച് വാക്കു നൽകി. ആ ദൃശ്യങ്ങൾ കണ്ട് വധുവും അതിഥികളും സന്തോഷിച്ചു. 

മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് വരൻ പരസ്യമായി പറഞ്ഞിട്ടും വിവാഹം മുടങ്ങിയില്ല. അതിനു പിന്നിലെ കഥയിങ്ങനെ:-  പോർച്ചുഗൽ സ്വദേശികളായ ജെഫേഴ്സൺ– ജെസീക ദമ്പതികളുടെ വിവാഹദിവസം നടന്ന നാടകീയമായ സംഭവങ്ങൾ മനസ്സിലാകണമെങ്കിൽ നിങ്ങൾക്ക് പോർച്ചുഗീസ് ഭാഷ അറിയണമെന്ന് നിർബന്ധമില്ല. അതിന് നന്മയുള്ള ഒരു മനസ്സുണ്ടായാൽ മതി.

വിവാഹത്തിനു തൊട്ടുമുമ്പ് വധുവിനെ കൈയൊഴിയാനല്ല ജെഫേഴ്സൺ മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞത്. മറിച്ച് ജെസീകയുടെ ജീവിതം കൂടുതൽ മനോഹരമാക്കാനാണ്. അങ്ങനെ ആ വിവാഹം കൂടുതൽ കാൽപനീകമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വരൻ മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു നിന്ന ആളുകൾക്കു മുന്നിൽ മൈക്കിൽ അദ്ദേഹം അതിനുള്ള കാരണം വെളിപ്പെടുത്തി. അദ്ദേഹം സ്നേഹിക്കുന്ന ആ പെൺകുട്ടി ജെസീക്കയുടെ മകളാണ്. ആ എട്ടുവയസ്സുകാരി സ്വന്തം മകളല്ലെങ്കിൽക്കൂടിയും ജെസീക്കയെ വിവാഹം കഴിക്കുന്നതോടൊപ്പം അവളെയും മകളായി വളർത്താനാണ് ജെഫേഴ്സണിന്റെ പദ്ധതി.

ചിത്രത്തിന് കടപ്പാട് യുട്യൂബ്.

ആ നിമിഷത്തിനായി കാത്തിരുന്നെന്നപോലെ ഗിയോവന്ന എന്ന കൊച്ചുപെൺകുട്ടി തന്റെ അമ്മയുടെ പ്രതിശ്രുതവരന്റെ അരികിലെത്തി. തന്റെ കണ്ണിൽ നോക്കി ജീവിതകാലം മുഴുവൻ തന്നെ സ്വന്തം മകളെപ്പോലെ പരിപാലിക്കുമെന്ന് ഉറപ്പു നൽകിയ ആ അച്ഛനെ ചേർത്തുപിടിച്ച് അവൾ നന്ദി പറഞ്ഞു. വിവാഹദിനത്തിനുള്ള ജെഫേഴന്റെ പ്രസംഗവും കുഞ്ഞിന്റെ നന്ദി പറച്ചിലും അതിഥികളുടെ കണ്ണുനനയിച്ചു. ഈ വിവാഹദിനം ഒരിക്കലും മറക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് അതിഥികൾ പിരിഞ്ഞത്.