വധുവിന്റെ രണ്ടുമൈൽ നീളമുള്ള സാരിപിടിക്കാനെത്തിയത് 250 സ്കൂൾ കുട്ടികൾ; സംഭവം വിവാദം

സ്കൂളിലെ പ്രവൃത്തി ദിവസം കുട്ടികൾ ജാഥയായി നടു റോഡിൽ നിരന്നാൽ എങ്ങനെയുണ്ടാവും. അതും ഒരു സ്വകാര്യച്ചടങ്ങിനു വേണ്ടി.  യൂണിഫോമണിഞ്ഞ 250 കുട്ടികളെ സ്വകാര്യച്ചടങ്ങിനുവേണ്ടി വിനിയോഗിച്ച  ശ്രീലങ്കയിലെ വധുവും കൂട്ടരും പുലിവാലു പിടിച്ചിരിക്കുകയാണ്. വിവാഹദിനം വ്യത്യസ്തമാക്കാനാണ് ഇങ്ങനെചെയ്തതെന്നു വധുവും കൂട്ടരും സമ്മതിക്കുന്നുണ്ടെങ്കിലും ഈ സംഭവത്തെ ലഘുവായി കാണാൻ ചൈൽഡ് ലൈൻ പ്രവർത്തകർ ഒരുക്കമല്ല. 

കുട്ടികളുടെ പഠിപ്പു മുടക്കിക്കൊണ്ടുള്ള ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനുശേഷം ഇവർക്കെതിരെ നടപടിയെടുക്കുമെന്നുമാണ് അധികൃതർ പറയുന്നത്. കുറ്റംതെളിഞ്ഞാൽ 10 വർഷത്തെ ജയിൽ ശിക്ഷ വരെ ഇവർക്കു കിട്ടാം. വധുവണിഞ്ഞ 3.2 മീറ്റർ (രണ്ടുമൈൽ) നീളമുള്ള സാരിയുടെ തുമ്പു പിടിക്കാനാണ് സർക്കാർ സ്കൂളിലെ 250 ഓളം കുട്ടികളെ വിനിയോഗിച്ചത്. അതു കൂടാതെ നൂറോളം കുട്ടികളെ വിവാഹവേദിയിൽ ഫ്ലവർഗേൾസുമാക്കിയിരുന്നു.

സാരിയുടെ തുമ്പു പിടിച്ചുകൊണ്ട് വധുവിനെയും വരനെയും അനുഗമിക്കുന്ന യൂണിഫോമണിഞ്ഞ കുട്ടികളുടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഈ പ്രവണത അംഗീകരിക്കാൻ ഞങ്ങൾ ഒരുക്കമല്ല. സ്കൂൾ സമയത്ത് കുഞ്ഞുങ്ങളെ ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കുന്നത് നിയമത്തിനെതിരാണ്. കുറ്റം തെളിഞ്ഞാൽ വിവാഹപ്പാർട്ടിക്ക് 10 വർഷം വരെ തടവു ലഭിക്കാമെന്നും അധികൃതർ പറയുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുക, അവരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തുക, അവരുടെ അഭിമാനം വ്രണപ്പെടുത്തുക ഇതെല്ലാം ക്രിമിനൽ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നും നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി അധികൃതർ പറയുന്നു.