''എന്റെ മക്കളെ വെറുതേ വിട്ടേയ്ക്ക്''; സച്ചിൻ ടെൻഡുൽക്കർ

സച്ചിൻ തെൻഡുൽക്കർ കുടുംബത്തോടൊപ്പം.

മക്കളെക്കുറിച്ച് മോശമായതൊന്നും കേൾക്കാൻ ഒരച്ഛനും ഇഷ്ടപ്പെടില്ല. കേൾക്കുന്നത് ഇല്ലാവചനങ്ങളായാൽ അതുകേട്ടു മിണ്ടാതിരിക്കാൻ ഒരച്ഛനും കഴിയുകയുമില്ല. ക്രിക്കറ്റ് ദൈവം എന്ന് ആരാധകർ വിശേഷിപ്പിച്ച ഇതിഹാസതാരമാണ് ഇപ്പോൾ അപേക്ഷയുമായി ആരാധകരുടെ മുന്നിലെത്തുന്നത്. എന്റെ മക്കളേ വെറുതേ വിടൂ എന്നാണ് സച്ചിൻ ടെൻഡുൽക്കറിന്റെ അപേക്ഷ.

സച്ചിന്റെ മക്കൾ അർജുനെക്കുറിച്ചും സാറയെക്കുറിച്ചും ഏറെ നുണക്കഥകൾ സൃഷ്ടിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ട്വിറ്ററിൽ സ്വന്തമായി അക്കൗണ്ടുകൾ പോലുമില്ലാത്ത ഇരുവരുടെയും പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളാണുള്ളത്. ഇരുവരുടെയും പേരിലുള്ള വ്യാജഅക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് 2014 ൽ സച്ചിൻ ട്വിറ്റർ അധികൃതരോട് അപേക്ഷിച്ചിരുന്നു. 

2017 ആയിട്ടും കാര്യങ്ങൾക്ക് മാറ്റമില്ലാതെ തുടർന്നപ്പോഴാണ് സച്ചിന് വീണ്ടും ഇക്കാര്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടേണ്ടി വന്നത്. മക്കളുടെ പേരിലുള്ള വ്യാജഅക്കൗണ്ടുകൾ സൃഷ്ടിക്കുന്ന  പ്രശ്നങ്ങളും ദുരന്തങ്ങളും ചില്ലറയല്ലെന്നും എത്രയുംവേഗം ഇതു നിർത്തലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. വ്യാജഅക്കൗണ്ടുകൾക്കു പുറമേയാണ് സച്ചിന്റെ മകൾ സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനെയുണ്ടാവും എന്ന തരത്തിലുള്ള  വ്യജവാർത്തകളും കുടുംബത്തെ അലട്ടുന്നത്.