Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിച്ച് മൂന്നാം ദിവസം മകളെ നഷ്ടപ്പെട്ടു; 17 വർഷത്തിനു ശേഷം തിരിച്ചുകിട്ടിയത് രണ്ടാമത്തെ മകളുടെ കൂട്ടുകാരിയായിട്ട്

family ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

വർഷം 1997. സെലസ്റ്റ് നഴ്സ് എന്ന യുവതി ഒരു പെൺകുഞ്ഞിനു ജൻമം കൊടുക്കുന്നു. സുന്ദരിയായ മകൾക്ക് സുന്ദരമായ പേരുമിട്ടു: സെഫാനി. കുഞ്ഞ് ജനിച്ച സന്തോഷം പക്ഷേ ദിവസങ്ങളേ നീണ്ടുനിന്നുള്ളൂ. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഉറങ്ങിക്കിടന്ന അമ്മയുടെ കയ്യിൽനിന്ന് സെഫാനി മോഷ്ടിക്കപ്പെട്ടു.

സെലസ്റ്റും ഭർത്താവു മോൺ നഴ്സും ആകെത്തകർന്നു. പൊലീസിന്റെ സഹായം തേടി. അജ്ഞാതയായ ഒരു സ്ത്രീ ആശുപത്രിയിലെത്തിയതായും കുഞ്ഞിനെ എടുത്തുകൊണ്ടുപോയതായും വെളിപ്പെട്ടു. വ്യാപക അന്വേഷണം നടത്തിയെങ്കിലും കുട്ടിയേയോ അജ്ഞാത സ്ത്രീയേയോ കണ്ടെത്താനായില്ല. വർഷങ്ങൾ കഴിഞ്ഞു. അന്വേഷണം നീണ്ടുപോയി. തിരച്ചലിന് ഫലമുണ്ടായില്ലെന്നു മാത്രം. സെലസ്റ്റ് വീണ്ടും അമ്മയായി. പക്ഷേ സെലസ്റ്റും മോണും സെഫാനിയെ മറന്നില്ല. 

ഞാൻ ഒരിക്കലും പ്രതീക്ഷ പൂർണമായി കൈവിട്ടില്ല. എന്റെ മകൾ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കുറപ്പുണ്ട്. അധികം ദൂരെയല്ലാതെ, അടുത്തെവിടെയോ. എന്നെങ്കിലുമൊരിക്കൽ അവളെ കണ്ടെത്താനാകുമെന്നും ഞാൻ പ്രതീക്ഷിച്ചു: മോൺ പറയുന്നു. എല്ലാ വർഷവും സെഫാനിയുടെ ജന്മദിനം അവർ കുട്ടികളുമായി ഒരുമിച്ച് ആഘോഷിച്ചു. മോണിന്റെ പ്രതീക്ഷ വെറുതെയായിരുന്നില്ല. സെലസ്റ്റിന്റെ ഹൃദയം തുടിച്ചതും വെറുതെയല്ല. അവരുടെ വീടിന് അടുത്തുതന്നെയുണ്ടായിരുന്നു സെഫാനി. അതു വെളിപ്പെടാൻ ഒരു വഴിത്തിരിവ് ഉണ്ടാകേണ്ടിവന്നു എന്നു മാത്രം.

മോണിന്റെയും സെലസ്റ്റിന്റെയും മകൾ കാസ്സിഡി സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നു. ഒരു സ്കൂളിന്റെ പേരും മനസ്സിലുറപ്പിച്ചിരുന്നു. പക്ഷേ, അവസാന നിമിഷം അവർ സ്കൂൾ മാറ്റി. അതായിരുന്നു വഴിത്തിരിവ്. ആ സ്കൂളിൽവച്ച് ആകസ്മികവും അപ്രതീക്ഷിതവുമായി കാസ്സിഡി നഷ്ടപ്പെട്ട സഹോദരി സെഫാനിയെ കണ്ടെത്തുന്നു ! . 

കാസ്സിഡിയും സെഫാനിയും ഒരേ ക്ലാസിലായിരുന്നില്ല. അവർ ഒരു പ്രായക്കാരും ആയിരുന്നില്ല. പക്ഷേ എങ്ങനെയോ അവർ അടുത്തു. കൂട്ടുകാരായി. ഒരുമിച്ചായി കളികൾ. കറക്കം. സഹോദരിമാരെപ്പോലെതന്നെ അവർ ജീവിച്ചു. 

ഒരുദിവസം വീട്ടിലെത്തിയ കാസ്സിഡി ഡാഡിയോടു പറഞ്ഞു: സ്കൂളിൽ എന്നെപ്പോലെതന്നെ ഇരിക്കുന്ന മറ്റൊരു കുട്ടിയുണ്ട്. അവളെക്കുറിച്ച് എനിക്കു കൂടുതലറിയണം.

സെഫാനിയെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടാതിരുന്ന മോണിന്റെ മനസ്സ് അലകടൽ പോലെ ഇളകിമറിഞ്ഞു. അയാൾ അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. പെട്ടെന്നുതന്നെ ആ കുട്ടിയെ കാണാൻ അവർ തീരുമാനിച്ചു. ഒരു ദിവസം കാസ്സിഡിയെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടുവരാൻപോയ മോൺ അവളെ സെഫാനിക്കൊപ്പം ഒരു റസ്റ്റോറന്റിൽ കണ്ടെത്തി. അത്ഭുതകരമായിരുന്നു സാദൃശ്യം. നീ ഞങ്ങളെപ്പോലെതന്നെയിരിക്കുന്നു: ആദ്യകാഴ്ചയിൽ മോൺ അത്ഭുതം അടക്കാതെ പറഞ്ഞു. സെഫാനി പുഞ്ചിരിച്ചതേയുള്ളൂ. 

മോൺ ചില കാര്യങ്ങൾകൂടി സെഫാനിയോടു ചോദിച്ചു. ജൻമദിനം എന്ന് ? എവിടെയാണു ജനനം? മാതാപിതാക്കൾ ആരൊക്കെ എന്നിങ്ങനെ. തെളിവുകളെല്ലാം ഒരുകാര്യം ഉറപ്പിച്ചു: അനിഷേധ്യമായി ഉറപ്പിച്ചു: ഇതു സെഫാനി തന്നെ. മോണിന്റെയും സെലസ്റ്റിന്റെയും നഷ്ടപ്പെട്ട മകൾ. മോൺ ഫോട്ടോ സെലസ്റ്റിന് അയച്ചുകൊടുത്തു. ഫോട്ടോ കണ്ടപ്പോൾ സെലസ്റ്റിന്റെ മനസ്സിൽ എന്തോ സംഭവിച്ചു. ഇതെന്റെ മകൾ തന്നെ. ഇതെന്റെ മകൾ തന്നെ...സെലസ്റ്റ് ഉറക്കെ അലറിവിളിച്ചു.

വീണ്ടും പൊലീസ് അന്വേഷണം. ആകാംക്ഷയുടെ ആറ് ആഴ്ചകൾ കടന്നുപോയി. ഡിഎൻഎ ടെസ്റ്റ്. 17 വർഷം മുമ്പ് നഷ്ടപ്പെട്ട സെഫാനി തന്നെയാണു കാസ്സിഡിയുടെ കൂട്ടുകാരി എന്നു തെളിയിക്കപ്പെട്ടു. കാത്തിരുന്ന ആ ഫോൺ കോൾ വന്നു. സെലസ്റ്റ് ഓർമിക്കുന്നു. പൊലീസ് വിളിക്കുന്നു–‘ സെലസ്റ്റ്, നിങ്ങൾ വീണ്ടും അമ്മയായിരിക്കുന്നു ! 

ഒരു വാക്കു പോലും പറയാനാകാതെ സെലസ്റ്റ് കണ്ണീരിൽ മുങ്ങിപ്പോയി. 

സെഫാനി ജീവിക്കുന്നത് ഏതാനു മൈലുകൾ അകലെ മാത്രം. രണ്ടു കുടുംബങ്ങളും ഒരുമിച്ചുകണ്ടു. അവളെ വീണ്ടും കണ്ടപ്പോൾ കരച്ചിൽ നിയന്ത്രിക്കാൻ എനിക്കായില്ല. അവസാനം നിന്നെ ഞങ്ങൾക്കു കിട്ടിയിരിക്കുന്നു..എന്നു മാത്രം ഞാൻ പറഞ്ഞു. ഇക്കഴിഞ്ഞ 17 വർഷവും നിനക്കുവേണ്ടിയുള്ള തിരച്ചിൽ ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ഇതാ ഇപ്പോൾ നിന്നെ ഞങ്ങൾക്കു കിട്ടിയിരിക്കുന്നു.

സെഫാനിയെ ആശുപത്രിയിൽനിന്നു കടത്തിക്കൊണ്ടുപോയ സ്ത്രീ തന്നെയാണ് ഇപ്പോഴും അവളെ സംരക്ഷിക്കുന്നത്. പൊലീസ് തട്ടിയെടുക്കൽ കുറ്റം രേഖപ്പെടുത്തി. ആശുപത്രിയിലെ നഴ്സുമാരും അന്നത്തെ അജ്ഞാത സ്ത്രീയെ തിരിച്ചറിഞ്ഞു. പക്ഷേ ആ സ്ത്രീ കോടതിയിൽ പറയുന്നത് മറ്റൊരു കഥ. ഒരു റെയിൽവെ സ്റ്റേഷനിൽവച്ച് ആരോ കുട്ടിയെ അവർക്കു കൈമാറുകയായിരുന്നത്രേ.

സാഹചര്യം പൂർണമായി മനസ്സിലാക്കിയപ്പോൾ മകളെ തട്ടിയെടുത്ത സ്ത്രീയോടു ക്ഷമിക്കാൻ തയ്യാറായി സെലസ്റ്റും മോണും. ഒരു പോറൽപോലും വരാതെ തങ്ങളുടെ സെഫാനിയെ ഇത്രയും നാൾ സംരക്ഷിച്ചില്ലേ. സെലസ്റ്റും മോണും നന്ദി പറഞ്ഞു. സെഫാനിയെ കൂറേക്കൂടി ഗാഢമായി കെട്ടിപ്പുണർന്നു. ഇനിയൊരിക്കലും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാനെന്നപോലെ.