''എന്റെ മകളെ എന്തിനാണ് മറ്റു താരപുത്രിമാരുമായി താരതമ്യം ചെയ്യുന്നത്''?

ശ്രീദേവി, ജാൻവി, സാറ.

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ബിടൗണിൽ ചുവടുറപ്പിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ബോളിവുഡിൽ സാന്നിധ്യമുറപ്പിക്കും മുമ്പ് അവളെ മറ്റു താരപുത്രിമാരുമായി താരതമ്യം ചെയ്യുന്നതാണ് ശ്രീദേവിയെ ചൊടിപ്പിക്കുന്നത്. ''മക്കളുടെ കാര്യത്തിൽ എല്ലാ അമ്മമാർക്കുമുള്ള ആശങ്കയും ആകാംക്ഷയും മാത്രമേ എനിക്കുമുള്ളൂ. പക്ഷേ അവളെ മറ്റുതാരപുത്രിമാരുമായി താരതമ്യം ചെയ്യുന്നതെന്തിനാണെന്നാണ് എനിക്കു മനസ്സിലാവാത്തത്''. 

സെയ്ഫ് അലീഖാന്റെ മകൾ സാറ അലീഖാനെയും ജാൻവിയെയുമാണ് ആരാധകർ താരതമ്യം ചെയ്യുന്നത്. സാറ ബിടൗണിൽ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.''സിനിമാ മേഖലയിൽ നിന്ന് മത്സരബുദ്ധിയെ ഒഴിവാക്കാൻ സാധിക്കില്ല. എതിരാളികൾ ഉണ്ടാവുമ്പോഴേ നമുക്ക് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ പറ്റൂ. കൂടുതൽ കഠിനാധ്വാനത്തോടെ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ കഴിയൂ. അതുകൊണ്ട് കുട്ടികൾ അവരുടെ ജോലി ഭംഗിയായി നിർവഹിക്കട്ടെ''.ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീദേവി പറഞ്ഞു.

എന്തിനാണ് വെറുതെ അവരെ താരതമ്യം ചെയ്യുന്നത്. ഒരു അമ്മ എന്ന നിലയിൽ മകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകാറുണ്ട്. മക്കൾക്ക് ഇഷ്ടമുള്ള ജോലി അവർ തിരഞ്ഞെടുക്കട്ടെ. ഇനി സിനിമയിൽ വരാനാണ് താൽപ്പര്യമെങ്കിൽപ്പോലും അനാവശ്യ നിർദേശങ്ങളുമായി ഞാൻ പിറകേ പോവില്ല. അവളുടെ ശൈലി അവൾ തന്നെ രൂപപ്പെടുത്തിയെടുക്കട്ടെ.

ഒരു അമ്മ എന്ന നിലയിൽ ഭക്ഷണ ശീലത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമെല്ലാം ചെറിയ ടിപ്സ് കൊടുക്കാറുണ്ട്. തെറ്റിനെക്കുറിച്ചും ശരിയെക്കുറിച്ചുമൊക്കെ ഏകദേശ ധാരണ നൽകാനും കഴിയും. അതിലപ്പുറം മക്കളുടെ ഇഷ്ടങ്ങളിൽ അനാവശ്യമായി കൈകടത്താൻ ഞാൻ തയാറല്ല.