മഹതി ഒരു അപൂർവസുന്ദര രാഗം; നാളെ അവൾക്കു പിറന്നാൾ

മഹതി അമ്മ പാപ്പാത്തിക്കൊപ്പം.

കർണാടക സംഗീതത്തിലെ കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ തന്റെ ശിഷ്യൻ തിരുവയ്യാർ ശേഖരനു 12 വർഷത്തിനു ശേഷം പിറന്ന പെൺകുഞ്ഞിനു മഹതി എന്നു പേരിട്ടു. ബാലമുരളീകൃഷ്ണയുടെ മകളുടെ പേരും അദ്ദേഹം സ്വയം ചിട്ടപ്പെടുത്തിയ രാഗത്തിന്റെപേരും ഇതുതന്നെ.

ശിഷ്യന്റെ മകൾ മഹതി ഇപ്പോൾ കർണാടക സംഗീതത്തിൽ ഏറെ പ്രശസ്ത. ഈ മഹതിയുടെ ആരാധകരായ തിരുനക്കര തെക്കേനടയിൽ താമസിക്കുന്ന തിരുനെല്ലി ശ്രീവൈകുണ്ഠം സ്വദേശികളായ സേതു –  പാപ്പാത്തി ദമ്പതികൾക്കു 12 വർഷത്തിനുശേഷം ജനിച്ച പെൺകുഞ്ഞിന് അവർ മഹതി എന്നാണു പേരിട്ടത്.  

മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവാണ് സേതുവിന്റെ മകൾ മഹതി. മഹതിക്കു നാളെ ഒന്നാം പിറന്നാൾ. മാതാപിതാക്കളും സുഹൃത്തുക്കളും  പിറന്നാൾ  ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. നാളെ 11നു മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിലാണു ആഘോഷം. ഡോക്ടർമാരും സുഹൃത്തുക്കളും  പങ്കെടുക്കും. 

പാട്ടുകളോടും പാട്ടുകാരോടുമുള്ള ആരാധന കൂടിയപ്പോൾ മകൾക്കുള്ള പേരിനായി അധികം ചിന്തിക്കേണ്ടിവന്നില്ലെന്നും മകളെ പാട്ടുകാരിയാക്കാനാണു മോഹമെന്നും സേതു പറഞ്ഞു. കർണാടക സംഗീത പ്രതിഭകളുടെ ഫോട്ടോകൾ തിരുനക്കര തെക്കേനടയിലെ മണികണ്ഠസ്വാമി ഭവനിൽ ഇടംപിടിച്ചിട്ടുണ്ട്. 

മഹതിരാഗത്തിൽ ഉള്ള എളുപ്പം ഓർമവരുന്ന പാട്ട് ഏതെന്നു ചോദിച്ചാൽ ഉടൻ ഉത്തരം വരും. ‘അപൂർവരാഗങ്ങൾ’ എന്ന ചിത്രത്തിൽ കണ്ണദാസൻ എഴുതിയ ‘അതിശയ രാഗം...’ എന്ന ഗാനം. 

സേതു – പാപ്പാത്തി ദമ്പതികൾക്കു കഴിഞ്ഞ നവംബർ 18ന് ആണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുഞ്ഞു പിറന്നത്. പുണർതമാണു ജന്മനക്ഷത്രം. നാളെ പിറന്നാൾ ആഘോഷത്തിലേക്ക് ഒരു വർഷത്തിനുള്ളിൽ മെഡിക്കൽ കോളജിൽ പിറന്ന ടെസ്റ്റ്യൂബ് ശിശുക്കളെയും മാതാപിതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ 2015 ലാണ് ടെസ്റ്റ്യൂബ് ശിശുകേന്ദ്രവും വന്ധ്യതാ ചികിൽസാകേന്ദ്രവും ആരംഭിച്ചത്. പൂർണ ആരോഗ്യത്തോടെ ആദ്യ കുഞ്ഞു പിറന്നതു പാപ്പാത്തിക്കാണ്. പാപ്പാത്തി തിരുനക്കരയിൽ ബ്യൂട്ടിപാർലർ നടത്തുകയാണ്. സേതു മലയാളം – തമിഴ് പത്രങ്ങളുടെ ഏജന്റാണ്. ജോലി തേടിയാണ് ഇവർ കേരളത്തിൽ    എത്തിയത്.