കുഞ്ഞ് അബ്രാം അങ്ങനെയാണു വിശ്വസിക്കുന്നത്; ബിഗ്ബിയോടു രഹസ്യം വെളിപ്പെടുത്തി ഷാരൂഖ്

ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ സംഭവിച്ച ചില കുഞ്ഞുകാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. പാർട്ടിയിൽ പങ്കെടുക്കാൻ അച്ഛൻ ഷാരൂഖിനൊപ്പം അബ്രാമുമെത്തി. പാർട്ടിക്കിടയിൽ അബ്രാമിനൊരാഗ്രഹം കോട്ടൺ കാൻഡി കഴിക്കണം. ഉടൻ ഷാരൂഖിനൊപ്പം അബ്രാമിനെയും കൂട്ടി കോട്ടൻകാൻഡി ലഭിക്കുന്നിടത്തേക്ക് ബിഗ്ബിയും പോയി.

കണ്ണിൽ കൊതിനിറച്ച് കുസൃതിയുമായി കോട്ടൺ കാൻഡിക്കായി ക്ഷമയോടെ  കാത്തു നിൽക്കുന്ന അബ്രാമിന്റെ ചിത്രം ബിഗ്ബി ട്വിറ്ററിൽ പങ്കുവെച്ചു. കോട്ടൺകാൻഡി കിട്ടിയപ്പോൾ അവന്റെ മുഖത്തുണ്ടായ സന്തോഷം വിലമതിക്കാനാവാത്തതാണെന്നായിരുന്നു ജൂനിയർ ഖാനെക്കുറിച്ച് ബിഗ്ബി പറഞ്ഞത്.

അതിനു മറുപടിയായി നൽകിയ ട്വീറ്റിലാണ് കിങ്ഖാൻ ആ കുഞ്ഞു രഹസ്യം വെളിപ്പെടുത്തിയത്. ഈ നിമിഷം അവന്റെ ഓർമയിൽ എന്നെന്നുമുണ്ടാവുമെന്നും ടിവിയിൽ താങ്കളെ കാണുമ്പോൾ താങ്കൾ എന്റെ പപ്പയാണെന്നാണ് അവൻ പറയുന്നതെന്നും ഷാരൂഖ് കുറിയ്ക്കുന്നു.