എന്തൊരു ആനിവേഴ്സറി ഗിഫ്റ്റാണിത് രോഹിത് ശർമ്മ; റിഥിക ഭാഗ്യവതിയായ ഭാര്യയാണ്

ഇതിലും വലിയൊരു സന്തോഷം ഏതെങ്കിലും ഭർത്താവിന് ഭാര്യയ്ക്കു നൽകുവാൻ കഴിയുമോ? അതും വിവാഹ വാർഷിക ദിനത്തിൽ. മൂന്നാം  ഡബിൾ സെ‍ഞ്ച്വറിയടിച്ച രോഹിത് ശർമ്മയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പടരുന്ന വാർത്തകളിലെ പ്രധാന ചോദ്യമിതാണ്. ഭർത്താവിന്റെ ക്രീസിലെ പ്രകടനം കാണാൻ ഗാലറിക്കു മുന്നിലിരിക്കുന്ന റിഥികയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങളോടെയാണ് ക്രിക്കറ്റ് ആരാധകർ ഈ വിജയം ആഘോഷിക്കുന്നത്.

ഭർത്താവ് ഡബിൾ സെഞ്ച്വറിയടിക്കുന്നത് ആനന്ദക്കണ്ണീരോടെയാണ് റിഥിക കണ്ടിരുന്നത്. ക്രീസിലെ മികച്ച പ്രകടനം രോഹിത് ഭാര്യയ്ക്കു നൽകിയ വിവാഹവാർഷിക സമ്മാനമാണെന്നാണ് ആരാധകർ പറയുന്നത്. രണ്ടാം വിവാഹവാർഷിക ദിനത്തിലാണ് ഡബിൾസെഞ്ച്വറിയടിച്ച് രോഹിത് കളിക്കളത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. വിജയത്തിന്റെ സന്തോഷം പങ്കുവെയ്ക്കാൻ കളിക്കളത്തിൽ നിന്ന് ഗാലറിയിലിരിക്കുന്ന ഭാര്യയ്ക്കു നേരെ ചുംബനം കൈമാറുന്ന ചിത്രം പങ്കുവെച്ച് ഒരാരാധകൻ പറയുന്നതിങ്ങനെ ലോകത്തിന്റെ ഏതു കോണിൽ നിന്നാണ് നിങ്ങൾ ഈ ചിത്രം കാണുന്നതെങ്കിലും ഈ ചങ്ങാതിക്ക് എഴുന്നേറ്റു നിന്ന് ഒരു സല്യൂട്ട് കൊടുക്കണം. കാരണം അത്ര മനോഹരമായ ഒരു വിവാഹ വാർഷിക സമ്മാനമാണ് ഇദ്ദേഹം ഭാര്യയ്ക്ക് നൽകിയിരിക്കുന്നത്.

സൂപ്പർ റൊമാന്റിക് മൊമെന്റ് എന്നാണ് കണ്ണുനിറഞ്ഞു തുളുമ്പി ഭർത്താവിന്റെ സെഞ്ച്വറിക്കു കൈയടിക്കുന്ന റിഥികയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകർ പറയുന്നത്. റിഥിക ഒരു കെയറിങ് വൈഫ് ആണെന്നും ഭർത്താവിന്റെ വിജയത്തിൽ ഓവർ എക്സൈറ്റഡ് ആവാതെ പതുക്കെ കൈയടിക്കുന്ന ആ ചിത്രം മനസ്സിൽ പതിഞ്ഞുവെന്നും ചിലർ കുറിച്ചു. വിവാഹവാർഷികത്തിന് ഭാര്യയ്ക്ക് ഇത്തരമൊരു സമ്മാനം നൽകിയ വേറൊരു ക്രിക്കറ്റർ ഭൂമിയിലില്ല എന്നായിരുന്നു ചിലരുടെ കമന്റ്. എന്തായാലും താരത്തോടൊപ്പം ആഘോഷത്തിലാണ് ആരാധകർ. 

വിവാഹവാർഷികം മാത്രമല്ല ഇവരുടെ പ്രണയവും ആരാധകർക്ക് ഒരു സർപ്രൈസ് ആയിരുന്നു. പ്രണയത്തെപ്പറ്റി അന്ന് രോഹിത് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ ;- 

'' ഇതുവരെ ആത്മാർഥ സുഹൃത്തുക്കൾ, ഇനിയിവൾ എന്റെ ആത്മാവിന്റെ നല്ലപാതി. ഇതിലും നല്ലൊരാളെ എനിക്കിനി കിട്ടാനില്ല''... മേയ് മൂന്നിന് ഇന്ത്യൻ താരം രോഹിത് ശർമയുടെ ട്വിറ്റർ സന്ദേശം ഇങ്ങനെയായിരുന്നു. ഒപ്പമൊരു ഫോട്ടോയും-നിറചിരിയുമായി നിൽക്കുന്ന രോഹിത്തിനൊപ്പം ഒരു വെളുത്തുമെലിഞ്ഞ സുന്ദരി, കക്ഷിയുടെ കൈവിരലിലൊരു മോതിരവും. ആറു വർഷമായി പരിചയത്തിലിരിക്കുന്ന സുഹൃത്തുമൊത്തുള്ള എൻഗേജ്മെന്റ് വിശേഷം ലോകത്തെ അറിയിച്ചതായിരുന്നു രോഹിത്. പെൺകുട്ടിയുടെ പേര് റിഥിക സജ്ദേ. ഏപ്രിൽ 28നായിരുന്നത്രേ രോഹിത് റിഥികയെ പ്രപ്പോസ് ചെയ്തത്. അതും മുംബൈയിലെ ബോറിവ്ലി സ്പോർട്സ് ക്ലബിലെ ക്രിക്കറ്റ് മൈതാനത്ത്, അർധരാത്രിയിൽ! 

പതിനൊന്നാം വയസ്സിൽ രോഹിത് ക്രിക്കറ്റ് പരിശീലനത്തിന്റെ ഇന്നിങ്സ് തുടങ്ങുന്നത് ഈ ക്ലബിൽ വച്ചായിരുന്നു. റിഥികയെ പരിചയപ്പെടുന്നതും ഇവിടെ വച്ചു തന്നെ. പിന്നീട് രോഹിത്തിന്റെ സ്പോർട്സ് ഇവന്റ്സുകളുടെ മാനേജരും ഇരുപത്തിയെട്ടുകാരിയായ റിഥികയായിരുന്നു. ഏപ്രിൽ 30നായിരുന്നു രോഹിത് ശർമയുടെ 28—ാം പിറന്നാൾ. അതിനും രണ്ടു ദിവസം മുൻപ് രാജസ്ഥാൻ റോയൽസുമായുള്ള മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ മത്സരം നടക്കുന്ന സമയം. അന്നായിരുന്നു അപ്രതീക്ഷിതമായി റിഥികയുമൊത്ത് രോഹിത് ക്ലബിലെത്തിയത്. അവിടെവച്ചു പ്രപ്പോസലും നടന്നു. ഒരാഴ്ചയോളം ഈ വാർത്ത ഇരുവരും ആരെയുമറിയിക്കാതെ വച്ചു. ഒടുവിൽ ചിലരൊക്കെ റിഥികയുടെ മോതിരം കണ്ട് സംശയം പ്രകടിപ്പിച്ചതോടെയായിരുന്നു രോഹിത്തിന്റെ എൻഗേജ്മെന്റ് ട്വീറ്റെത്തിയത്. 

രോഹിത്തിന്റെ പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയ ആരാധകർ വിവാഹവാർഷികവും തകർത്താഘോഷിക്കുകയാണ്.