''അവൾ കരയുമ്പോൾ എന്റെ ഹൃദയം തകരുന്നു''; അമ്മയായതിന്റെ അങ്കലാപ്പിൽ സെറീന

സെറീന വില്യംസ് കുഞ്ഞിനോടൊപ്പം.

ടെന്നീസ് കോർട്ടിൽ വാശിയോടെ, ധൈര്യത്തോടെ പോരാടി എതിരാളികളെ കീഴടക്കുന്ന സെറീന വില്യംസ് അമ്മയായതോടെ വല്ലാത്ത അങ്കലാപ്പിലാണ്. കുഞ്ഞ് വളർച്ചയുടെ ഓരോ ഘട്ടങ്ങളെ പിന്നിലാക്കുന്നതിനനുസരിച്ച്  തന്റെ ധൈര്യം പോയി മറയുന്നുവെന്നും അവളുടെ കണ്ണീരു കാണുമ്പോൾ ഹൃദയം തകർന്നു പോകുന്നതുപോലെ തോന്നുന്നു എന്നുള്ള സങ്കടങ്ങളാണ് സെറീന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കുന്നത്.

ഒരമ്മയാവാൻ പോകുന്നുവെന്ന സന്തോഷവാർത്തയറിഞ്ഞപ്പോൾ മുതൽ കുഞ്ഞിന്റെ പിറവിവരെയുള്ള കാര്യങ്ങൾ സെറീന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ചെറിയ ചെറിയ കുറിപ്പുകളിലൂടെയും ആരാധകരോട് പങ്കുവെച്ചിരുന്നു. കുടുംബത്തിലെ നല്ല വിശേഷങ്ങൾ മാത്രമല്ല പേരന്റിങ്ങിനെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ ആരാധകരോടു ചോദിക്കുകയും ചെയ്യുന്നുണ്ട് താരം.

കുഞ്ഞിനെ എത്രകാലം മുലയൂട്ടണം?. മുലയൂട്ടൽ നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ വൈകാരികമായി എന്തൊക്കെയോ അസ്വസ്ഥകൾ തോന്നുന്നു. ഇത് എന്റെ മാത്രം പ്രശ്നമാണോ അതോ എല്ലാവർക്കും ഇങ്ങനെയൊക്കെയാണോ എന്നൊക്കെയായിരുന്നു സെറീനയുടെ സംശയം. താരത്തിന്റെ മാനസീകാവസ്ഥ മനസ്സിലാക്കിയ ആരാധകരായ അമ്മമാരെല്ലാം അവരുടെ അറിവുകൾ പങ്കുവെച്ചു.

അതിനു പിറകേയാണ് മറ്റൊരു സങ്കടവുമായി താരമെത്തിയത്. മകൾക്ക് പല്ലുമുളച്ചു തുടങ്ങിയെന്നും അതിനാൽ അവൾ വല്ലാതെ അസ്വസ്ഥയാണെന്നും കരച്ചിൽ നിർത്തുന്നതേയില്ലെന്നും അവളുടെ കരച്ചിൽ തന്റെ ഹൃദയം തകർക്കുന്നുവെന്നും താരം കുറിച്ചു. തന്റെ അമ്മയുടെ സാമീപ്യം ആഗ്രഹിക്കുന്നുവെന്നും ഈ മാനസീകാവസ്ഥയെ അതിജീവിക്കാൻ ആരെങ്കിലും സഹായിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് താരം വിഷമങ്ങൾ പങ്കുവെച്ചത്.

എന്നാൽ ഇങ്ങനെ സങ്കടപ്പെടേണ്ടതില്ലെന്നും ആദ്യമായി അമ്മയായതിന്റെ ആശയങ്കകളാണിതെന്നും എല്ലാം സാവധാനം നേരെയാകുമെന്നും പറഞ്ഞുകൊണ്ട് നല്ല പിന്തുണയാണ് ആരാധകർ താരത്തിന് നൽകുന്നത്.