ആദിത്യയുടെ ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു; റാണിമുഖർജി

തന്റെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു സംവദിക്കവേയാണ് റാണി മുഖർജി ആ കാര്യങ്ങൾ തുറന്നു പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത റാണി യഷ്രാജ്ഫിലിംസിന്റെ പേജിലൂടെയാണ് ആരാധകർക്കായി ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കുന്നത്.

ഈ അടുത്തായിരുന്നു ആദിത്യചോപ്രയുടെയും റാണിമുഖർജിയുടെയും മകൾ ആദിറയുടെ പിറന്നാളാഘോഷം. ബി ടൗണിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്ത ആഘോഷത്തിന്റെ നിരവധിച്ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

പിറന്നാൾകുട്ടിയുടെ അമ്മയായ റാണിയും ബോളിവുഡിലെ താരങ്ങളും ചേർന്നെടുത്ത നിരവധി ചിത്രങ്ങൾ പുറത്തുവന്നെങ്കിലും പിറന്നാളുകാരിയായ ആദിറയുടെ ചിത്രം മാത്രം എങ്ങും കണ്ടില്ല. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് റാണി മറുപടി പറഞ്ഞതിങ്ങനെയാണ്.

''പല മാഗസിനുകളും ആദിറയുടെ ചിത്രം കവർപേജാക്കണമെന്ന ആവശ്യവുമായി ഞങ്ങളെ സമീപിക്കുന്നുണ്ട്. ഭർത്താവ് സ്വകാര്യത ആഗ്രഹിക്കുന്ന ആളാണ്. മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും ഉപയോഗിക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല.  അതൊരു അച്ഛന്റെ തീരുമാനമാണ്. തീർച്ചയായും ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.

എനിക്ക് മകളുടെ ചിത്രം പകർത്തുന്നതിനോടോ അതു പ്രസിദ്ധീകരിച്ചു വരുന്നതിനോടോ വ്യക്തിപരമായി വിയോജിപ്പൊന്നുമില്ല. മകളുടെ ചിത്രം മുൻപ് പ്രസിദ്ധീകരിച്ചപ്പോഴൊക്കെ അതിന് വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചിരുന്നത്. എങ്കിലും ഒരു അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും ആദിത്യയുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. ഭർത്താവിന്റെ ഈ തീരുമാനം എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ആഘോഷപരിപാടികൾക്കു വന്നവരാരും കുഞ്ഞിന്റെ ചിത്രങ്ങൾ പകർത്തിയതുമില്ല''.