ഐശ്വര്യയും അഭിഷേകും പുതിയ വീട്ടിലേക്ക് ഉടനില്ല, കാരണം?

അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ.

ബന്ധങ്ങളേക്കാൾ വലുതല്ല ഒരു ആഡംബര സമുച്ചയവുമെന്ന് പറയാതെ പറയുകയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. മുംബൈയിലെ ബാന്ദ്ര-കുര്‍ള മേഖലയിലുള്ള സിഗ്നിയ ഐല്‍സ് എന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലെ 5,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ആഡംബര അപാര്‍മെന്റ്ിലേക്ക് താരദമ്പതികൾ ഉടൻ താമസം മാറുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

എന്നാൽ ഉടനെയൊന്നും ജൽസ എന്ന പ്രിയപ്പെട്ട വീടുപേക്ഷിക്കാൻ ഇരുവരും തയാറല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 21 കോടി മൂല്യമുള്ള ഫ്ലാറ്റ് ജീവിതത്തേക്കാളും അഭിഷേകും ഐശ്വര്യയും പ്രാധാന്യം കൽപ്പിക്കുന്നത് മാതാപിതാക്കളുടെയൊപ്പം താമസിക്കുന്നതിനാണ്. 2007 ൽ വിവാഹിതരായപ്പോൾ മുതൽ അഭിഷേകിന്റെ മാതാപിതാക്കളോടൊപ്പമാണ് ഇരുവരുടെയും താമസം.

മാതാപിതാക്കളെ പിരിഞ്ഞു താമസിക്കാനുള്ള മടികൊണ്ടാണ് അഭിഷേക് മാറിത്താമസിക്കാൻ തയാറാകാത്തതെന്നും ഇക്കാര്യത്തിൽ അഭിഷേകിന്റെ പക്ഷത്തു തന്നെയാണ് ഐശ്വര്യയെന്നുമാണ് ഇരുവരോടും അടുപ്പമുള്ള ആളുകൾ സൂചിപ്പിക്കുന്നത്. മാതാപിതാക്കളിൽ നിന്ന് മാറിത്താമസിക്കാൻ ഐശ്വര്യ അഭിഷേകിനെ നിർബന്ധിക്കാറില്ല. അഭിഷേകിന് അച്ഛനമ്മമാരോടുള്ള അടുപ്പവും കരുതലും മറ്റാരേക്കാളും ഐശ്വര്യക്കറിയാം.

തന്റെ മാതാപിതാക്കൾക്ക് എത്രത്തോളം കരുതലും സ്നേഹവും നൽകുന്നുണ്ടോ അത്ര തന്നെ പ്രാധാന്യം ഐശ്വര്യയുടെ വീട്ടുകാർക്കും അഭിഷേക് നൽകുന്നുണ്ട്. ഐശ്വര്യയുടെ അച്ഛൻ മരിച്ചതിനെത്തുടർന്ന് തനിച്ച് ഫ്ലാറ്റിൽ താമസിക്കുന്ന അമ്മ വൃന്ദയെ ഒപ്പം താമസിക്കാൻ അഭിഷേക് പലകുറി നിർബന്ധിച്ചിരുന്നു. പക്ഷേ അപ്പോഴൊക്കെയും തനിക്ക് തനിച്ചു താമസിക്കാനാണ് ഇഷ്ടമെന്നു പറഞ്ഞ് വൃന്ദ ഒഴിവാകുകയായിരുന്നു. വൃന്ദ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടുത്തമുണ്ടായപ്പോൾ സംഭവസ്ഥലത്ത് ഓടിയെത്തുകയും ഒരു മകന്റെ സ്ഥാനത്തു നിന്ന് വേണ്ട കാര്യങ്ങളെല്ലാം അഭിഷേക് ചെയ്യുകയും ചെയ്തു. 

അഭിഷേകിനെ ഐശ്വര്യയെപ്പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ലെന്നും. ശാരീരികമായും മാനസീകമായും മാതാപിതാക്കളോട് അത്ര അടുപ്പം പുലർത്തുന്ന അഭിഷേകിന് അവരെ വിട്ടു മാറിത്താമസിക്കുക എന്നത് വളരെ വേദനാജനകമാണെന്ന് അറിയാവുന്നതുകൊണ്ടാണ് അത്തരമൊരു ആവശ്യം ഐശ്വര്യ ഉന്നയിക്കാത്തതെന്നും അവരോടു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

കരീനയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് അഭിഷേക് പണ്ട് പിന്തിരിഞ്ഞത് ഈ ഒരൊറ്റ കാരണത്താലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിവാഹശേഷം മാതാപിതാക്കളെ വിട്ട് മാറിത്താമസിക്കണമെന്ന് അഭിഷേകിനോട് കരീന ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു ആവശ്യം കരീനയുടെ ഭാഗത്തു നിന്നുണ്ടായതുകൊണ്ടു മാത്രമാണ് ആ ബന്ധം വിവാഹത്തിൽ കലാശിക്കാതിരുന്നതെന്നും ഐശ്വര്യയെപ്പോലെ കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരാളെ അഭിഷേകിന് ഭാര്യയായി ലഭിച്ചതെന്നും അവർ പറയുന്നു.

2015 ല്‍ തന്നെ ഫ്ലാറ്റ് വാങ്ങിയിരുന്നെങ്കിലും അടുത്തിടെയാണ് താരദമ്പതികള്‍ ഫ്ലാറ്റിന്റെ  ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ പൂർത്തിയായാലുടൻ ദമ്പതികൾ അവിടേയ്ക്ക് താമസം മാറുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ജൽസയിൽ നിന്ന് പെട്ടന്ന് മാറിത്താമസിക്കാൻ ഇരുവർക്കും ഉദ്ദേശമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.