വിവാഹം കഴിഞ്ഞ് 40–ാം ദിവസം വിവാഹമോചനം; കാരണം വിചിത്രം

പല വിവാഹ മോചനങ്ങളുടെയും പിന്നിലുള്ള കാരണം ചിലപ്പോഴൊക്കെ വളരെ നിസ്സാരമായിരിക്കും. പരസ്പരം മനസ്സു തുറന്നൊന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടാവുകയുള്ളൂ. പങ്കാളിയുടെ എടുത്തു ചാടിയുള്ള തീരുമാനമോ മൂന്നാം കക്ഷികളുടെ കൈകടത്തലുകളോ ഒക്കെ ചിലപ്പോൾ വിവാഹമോചനങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഇവിടെയൊരു യുവതി വിവാഹത്തിന്റെ നാൽപ്പതാം ദിവസമാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.

ഈജിപ്തിലാണ് സംഭവം. അറുപിശുക്കനായ ഭർത്താവിനെക്കൊണ്ട് പൊറുതി മുട്ടിയിട്ടാണ് സമീഹ എന്ന യുവതി വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്നും വിവാഹത്തിന് രണ്ടുമാസം മുമ്പു മാത്രമാണ് വരനെ കണ്ടതെന്നും യുവതി പറയുന്നു. വിവാഹത്തിന്റെ ആദ്യനാളുകളിൽത്തന്നെ തനിക്കു പുറത്തു പോകുന്നതിഷ്ടമല്ലെന്നും അതൊക്കെ വല്യ പണച്ചിലവാകുമെന്നും ഭർത്താവ് തന്നോടു പറഞ്ഞുവെന്നും. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള സംസാരവും പെരുമാറ്റവും തന്നെ അന്നേ ഞെട്ടിച്ചിരുന്നുവെന്നും യുവതി പറയുന്നു.

വിവാഹം ശേഷം ഏറെനാൾ കഴിഞ്ഞിട്ടും തന്നെ പുറത്തുകൊണ്ടുപോകാൻ ഭർത്താവ് മനസ്സുകാട്ടിയില്ലെന്നും ഒടുവിൽ തന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ദിവസം മാത്രം പുറത്തുകൊണ്ടു പോയെന്നും അന്ന് തനിക്കൊരു ഷവർമ്മ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതു നിരാകരിക്കുകയും തന്നെ ശകാരിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. ഒടുവിൽ ഒരു ജ്യൂസ് മാത്രം വാങ്ങിത്തന്ന് തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോയെന്നും വഴിയിലുടനീളം ശകാരിക്കുകയും വഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ സമ്പാദ്യം നശിപ്പിക്കാനെത്തിയവൾ എന്നാണ് തന്നെ അഭിസംബോധന ചെയ്തതെന്നും ഇത്രയും പിശുക്കനും സ്ത്രീകളോട് നന്നായി പെരുമാറാൻ അറിയാത്തവനുമായ ഒരാളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്നു പറഞ്ഞുകൊണ്ടാണ് യുവതി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത്.