കഷണ്ടിത്തലയനെ വേണ്ട, വധു പന്തലിൽ നിന്നിറങ്ങി; അപരിചിതയെ കെട്ടി ഡോക്ടർ ചെക്കൻ മടങ്ങി

നിറയെ ട്വിസ്റ്റും സസ്പെൻസുമുള്ള ഒരു സിനിമ കാണുന്നതുപോലെയാണ് ആ വിവാഹത്തെക്കുറിച്ച് അതിഥികൾക്ക് തോന്നിയത്. വിവാഹച്ചടങ്ങുകൾ പൂർത്തിയാകാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് അതു സംഭവിച്ചത്. തനിക്ക് ഈ വരനെ വേണ്ടന്ന് പറഞ്ഞുകൊണ്ട് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. വധു വിവാഹത്തിൽ നിന്ന് പിന്മാറാനുണ്ടായ കാരണമാണ് വിചിത്രം. കല്യാണ സമയത്ത് തലപ്പാവ് മാറ്റിയപ്പോഴാണ് വരന് കഷണ്ടിയുണ്ടെന്നു മനസ്സിലായതെന്നും ഇങ്ങനെയൊരു വരനല്ല തന്റെ സങ്കൽപ്പത്തിലുള്ളതെന്നും പറഞ്ഞുകൊണ്ടാണ് വധു വിവാഹം നിർത്തിവെച്ചത്.

ബിഹാറിലാണ് സംഭവം.ഡൽഹിയിലെ ആശുപത്രിയിൽ ന്യൂറോളജിസ്റ്റായ ഡോക്ടർ രവികുമാറിനാണ് കഷണ്ടി വിനയായത്. ഒരുവർഷം മുമ്പാണ് രവികുമാറും  ബിഹാറിലെ സുഗൗളി ഗ്രാമത്തിലുള്ള പെൺകുട്ടിയും തമ്മിലുള്ള വിവാഹമുറപ്പിച്ചത്. എന്നാൽ വിവാഹദിവസം വരെ ചെറുക്കനും പെണ്ണും പരസ്പരം കണ്ടിരുന്നില്ല. വരൻ ആഘോഷത്തോടെ പന്തലിലെത്തിയപ്പോഴും പരസ്പരം മാല ചാർത്തിയപ്പോഴുമൊന്നും വരന്റെ കഷണ്ടി വധു ശ്രദ്ധിച്ചില്ല. എന്നാൽ വിവാഹച്ചടങ്ങിനിടെ വരൻ തലപ്പാവു മാറ്റിയതോടെയാണ് വരന് കഷണ്ടിയുണ്ടെന്ന് വധു തിരിച്ചറിഞ്ഞത്. 

ബാഹ്യസൗന്ദര്യത്തിൽ കാര്യമില്ലെന്നും ഇങ്ങനെയൊരു നിസാരകാര്യത്തിന്റെ പേരിൽ കല്യാണം നിർത്തിവെച്ച് ഇരുവീട്ടുകാർക്കും അപമാനവും സങ്കടവുമുണ്ടാക്കരുതെന്നും ബന്ധുക്കൾ വധുവിനെ ഉപദേശിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ വധു തയാറായില്ല. എന്നാൽ വധുവിന്റെ ദുശ്ശാഠ്യത്തിനു മുന്നിൽ തലകുനിച്ച് തിരികെപ്പോകാൻ വരനും കൂട്ടരും തയാറായതുമില്ല. വിവാഹം നടക്കാതെ ഡലി‍ഹിയിലേക്കു മടക്കമില്ലെന്ന് വരനും ഉറപ്പിച്ചു.

പറ്റിയ ഒരു വധുവിനായുള്ള തിരച്ചിലിനൊടുവിൽ ആ ഗ്രാമത്തിൽത്തന്നെയുള്ള നേഹാകുമാരിയെന്ന പെൺകുട്ടിയെ രവികുമാർ വിവാഹം ചെയ്തു. നിശ്ചയിച്ചുറപ്പിച്ച പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയെങ്കിലും അപരിചിതയായ പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടി വന്നതിലുമൊന്നും ഒട്ടൊരു ജാള്യവും രവികുമാറിനില്ലെങ്കിലും എടുപിടീന്ന് കല്യാണം നടന്നതിലുള്ള അമ്പരമ്പ് നേഹയ്ക്കുണ്ട്.

തന്നെ അപമാനിച്ചു വിവാഹം മുടക്കിയ പെൺകുട്ടിയുടെ മുന്നിൽ നവദമ്പതികൾ സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കട്ടെയെന്നാണ് ഇരുവരെയും അനുഗ്രഹിച്ചുകൊണ്ട് അതിഥികൾ ആശംസിച്ചത്. ശേഷം കാര്യങ്ങൾ കാലം തെളിയിക്കട്ടെയെന്നാണ് അവർ പറയുന്നത്