Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കു തകർക്കും ഈ ചിത്രങ്ങൾ; ജീവനില്ലാതെ പിറന്ന കുഞ്ഞിനെ എന്നെന്നും ഓർക്കാൻ ഒരമ്മ ചെയ്തത്

mom-hold-still-born

പിറക്കാൻ പോകുന്ന കുഞ്ഞിനെ സ്വപ്നം കണ്ടുകൊണ്ടാണ് ഗർഭിണികളായ സ്ത്രീകൾ ഓരോ ദിവസവും ഉണരുന്നത്. ആ കാത്തിരിപ്പിന്റെ സുഖത്തിൽ ഗർഭപീഡകളും അസ്വസ്ഥതകളും അവർ പെട്ടന്നു മറക്കുകയും ചെയ്യും. എന്നാൽ ആ കാത്തിരിപ്പുകൾ അവസാനിക്കുന്നത് ഒരു കൊടിയ ദുരന്തത്തിലാണെങ്കിലോ തന്റെ ശരീരത്തിലെ അമ്മ മുറിവുകളെ കാണുമ്പോഴൊക്കെ തനിക്കു നഷ്ടപ്പെട്ടുപോയ കൺമണിയെയോർത്ത് അമ്മയുടെ നെഞ്ചുവിങ്ങും.

അങ്ങനെ ദുഖകരമായ ഒരു കഥ പങ്കുവയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കാത്തിരുന്ന കുഞ്ഞിന് ജീവനില്ല എന്നറിഞ്ഞപ്പോൾ തകർന്നു പോയ അമ്മ പിന്നീട് മകനെ എന്നെന്നേക്കുമായി യാത്രയയക്കുന്നതിന്റെ ഹൃദയഭേദകമായ ചിത്രങ്ങളാണ് ആളുകളുടെ ഹൃദയത്തിൽ വേദനയുടെ മുറിപ്പാടവശേഷിപ്പിച്ചുകൊണ്ട് പ്രചരിക്കുന്നത്.

അമ്മയുടെ പേര് സാറ. ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ സാറയും ഭർത്താവ് റ്റിമ്മും മൂന്നു വയസ്സുകാരൻ മകൻ ആർതറിനോട് അവനൊരു കുഞ്ഞനിയൻ വരാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ടാണ് കുഞ്ഞതിഥിക്കുവേണ്ടി കാത്തിരുന്നത്. ഗർഭകാലത്തിന്റെ ആദ്യം മുതൽ എന്തോ ഒരു ഭയം തന്നെ അലട്ടിയിരുന്നുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ചില പരിശോധനകളും സ്കാനുകളും നടത്തിയപ്പോഴാണ് അത് തന്റെ വെറും ഭയം മാത്രമല്ലെന്ന് മനസ്സിലായതെന്നും സാറ പറയുന്നു. 

ഗർഭത്തിന്റെ 20–ാം ആഴ്ചയാണ് കുഞ്ഞിന്റെ തലച്ചോറിന് അസുഖം ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞത്. എന്നിട്ടും പ്രാർഥനയോടെ സാറയും കുടുംബവും കാത്തിരുന്നു. കുഞ്ഞിനെ ജീവനോടെ പ്രതീക്ഷിക്കണ്ടെന്ന്  ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നുവെങ്കിലും അവർ പ്രതീക്ഷ കൈവിട്ടില്ല. പക്ഷേ ഗർഭത്തിന്റെ 31–ാം ആഴ്ച സാറ ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകി.

സങ്കടംകൊണ്ടു ചങ്കുപൊട്ടുമ്പോഴും അവനെ എന്നെന്നും ഓർത്തിരിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് ആ അമ്മ ഉറച്ചു. അവർ അവന് അക്സെൽ എന്നു പേരിട്ടു. അവനായി കരുതിവെച്ചിരുന്ന കുഞ്ഞുടുപ്പുകൾ അണിയിച്ച് അവനെ നെഞ്ചോടു ചേർത്തു. അവന്റെ ജനനം മുതൽ അവന്റെ അവസാന യാത്രാമൊഴിവരെയുള്ള നിമിഷങ്ങൾ പകർത്താൻ ഒരു ഫൊട്ടോഗ്രാഫറെ ഏർപ്പാടാക്കി.

ഉള്ളുപൊള്ളിക്കുന്ന വേദനയിലും അവർ ആ ഫൊട്ടോഷൂട്ട് പൂർത്തിയാക്കി. അതിനെക്കുറിച്ചു ചോദിക്കുമ്പോൾ ആ അമ്മ പറയുന്നതിങ്ങനെ. ഫോട്ടോഷൂട്ട് നടത്തിയതിനെക്കുറിച്ച് എനിക്ക് ഖേദമൊന്നുമില്ല. മറിച്ച് ഈ ദുരവസ്ഥയെക്കുറിച്ചോർത്താണ് എനിക്ക് സങ്കടം. ഒരു കുഞ്ഞുണ്ടായിരുന്ന അവസ്ഥയിലും ഞാനും ഭർത്താവും സന്തുഷ്ടരായിരുന്നു. ആ സന്തോഷമാണ് ഇപ്പോൾ ഇല്ലാതായത്. മറ്റൊരു കുഞ്ഞു ജീവനെ തരാമെന്നാശിപ്പിച്ചിട്ട് ദൈവം അവനെ എന്നെന്നേക്കുമായി തട്ടിയെടുത്തു.

അക്സെലിനെ അടക്കം ചെയ്യും മുമ്പ് എന്റെ മൂത്തമകൻ ആർതറിന് അവനെ കാട്ടിക്കൊടുത്തു. നിന്റെ അനിയനാണിതെന്നു പറഞ്ഞ് അവനെ പരിചയപ്പെടുത്തി. എന്നിട്ട് കുഞ്ഞെന്താഎന്നോടൊന്നും മിണ്ടാതെ ഉറങ്ങുന്നത് എന്നായിരുന്നു അവന്റെ ചോദ്യം. ആ നിഷ്കളങ്കത എന്നെ കരയിച്ചു. എന്റെ കുഞ്ഞിനെ ഇനിയെന്നും ഓർമ്മിക്കാൻ ഞാനീ ഫൊട്ടോഗ്രാഫുകൾ എന്നും സൂക്ഷിക്കും സാറ പറയുന്നു