മകന്റെ വിവാഹനിശ്ചയ ദിനത്തിൽ നിത അംബാനി ആരാധ്യയ്ക്കു നൽകിയ സർപ്രൈസ്

മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ ആകാശ് അംബാനിയും ശ്ലോകമേത്തയും തമ്മിലുള്ള വിവാഹനിശ്ചയ ആഘോഷങ്ങളുടെ വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നിറയുമ്പോഴാണ് മറ്റൊരു കൗതുകകരമായ വാർത്ത കൂടി പുറത്തു വരുന്നത്. മകന്റെ വിവാഹ നിശ്ചയദിനത്തിൽ കുടുംബസുഹൃത്തിന്റെ മകളും തന്റെ സ്കൂളിലെ വിദ്യാർഥിനിയുമായ ആരാധ്യയ്ക്ക് നിത അംബാനി ഒരു സർപ്രൈസ് നൽകി.

വിവാഹനിശ്ചയ സൽക്കാരത്തിന്റെ ഭാഗമായി മുതിർന്നവർക്കുള്ള പാർട്ടിയിൽ ആരാധ്യയെ പ്രത്യേകം ക്ഷണിച്ചുകൊണ്ടാണ് നിത അംബാനി സർപ്രൈസ് ഒരുക്കിയത്. പാർട്ടിക്കു വരുമ്പോൾ ഉറപ്പായും ആരാധ്യയേയും കൊണ്ടുവരണമെന്ന് നിത ഐശ്വര്യറായിയെ നിർബന്ധിച്ചിരുന്നുവെന്നും ഇരുകുടുംബത്തോടും അടുപ്പമുള്ള ആളുകൾ വെളിപ്പെടുത്തി.

പാർട്ടിയിൽ ചെറിയ കുട്ടികൾ നൃത്തനാടകം അവതരിപ്പിക്കുന്നുണ്ടെന്നും അത് ആരാധ്യയ്ക്ക് ഏറെയിഷ്ടപ്പെടുമെന്നും പറഞ്ഞുകൊണ്ടാണ് പാർട്ടിയിൽ ആരാധ്യയെ ഒപ്പം കൂട്ടാൻ നിത ഐശ്വര്യയെ നിർബന്ധിച്ചത്. വെക്കേഷൻ തുടങ്ങിയതിനാൽ ക്ലാസ്മിസ് ആകുമെന്ന പേടിവേണ്ടല്ലോയെന്ന ന്യായം പറഞ്ഞാണ് ആരാധ്യയുടെ സാന്നിധ്യം നിത ഉറപ്പിച്ചതെന്നും പരിപാടിയിൽ പങ്കെടുത്ത ആളുകൾ പറയുന്നു.

കുഞ്ഞുബാലെ നർത്തകരോടൊപ്പം പോസ് ചെയ്യുന്ന ആരാധ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പിങ്ക് ഗൗരി നൈനിക ഡ്രസ്സിൽ ഫ്ലോറൽ ടിയാര ധരിച്ചുനിൽക്കുന്ന ആരാധ്യ തങ്ങളുടെ മനംകവർന്നുവെന്നു പറഞ്ഞുകൊണ്ടാണ് ആരാധകർ ആ ചിത്രങ്ങൾ പങ്കുവെച്ചത്.

നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ധീരുഭായി അംബാനി സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത് അതുകൊണ്ടു തന്നെ സ്കൂൾ ഷെഡ്യൂളുകളിൽ നിതയും ആരാധ്യയും മിക്കവാറും കണ്ടുമുട്ടാറുണ്ടെന്നും നിതയുടെ അമ്മ കോകില ബെന്നിന് ആരാധ്യയോട് പ്രത്യേക വാത്സല്യമുണ്ടെന്നും ആരാധ്യയെക്കാണുമ്പോഴെല്ലാം മിഠായിയും മധുരവും നൽകിക്കൊണ്ടാണ് അവർ സ്നേഹം പ്രകടിപ്പിക്കാറുള്ളതെന്നുമാണ് ഇവരുടെ കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.