ഐശ്വര്യക്കെന്താ കുഴപ്പം മകളെ നോക്കാൻ ജോലിക്കാരുടെ ഒരു പട തന്നെ കൂടെയില്ലേ?

അല്ലെങ്കിലും  സെലിബ്രിറ്റികൾക്കെന്താ ഒരു കുറവ് സൗന്ദര്യം സംരക്ഷിച്ച് വെറുതേയിരുന്നാൽ പോരെ. വീട്ടുകാര്യങ്ങൾ നോക്കാനും കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കാനും ജോലിക്കാരുടെ ഒരു പട തന്നെ കൂടെയില്ലേ?. ആളുകളുടെ ഈ അഭിപ്രായപ്രകടനം മുൻലോകസുന്ദരി ഐശ്വര്യ റായ് ബച്ചനും ഏറെ കേട്ടിട്ടുണ്ട്. വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് തനിക്കു പറയാനുള്ള കാര്യങ്ങൾ ഐശ്വര്യ വെളിപ്പെടുത്തിയത്.

എത്ര തിരക്കിലാണെങ്കിലും ആരാധ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താൻ തന്നെയാണെന്നും സഹായത്തിന് ഒരു നാനിയുണ്ടെന്നല്ലാതെ ആളുകൾ പറയുന്നതുപോലെ ആരാധ്യയെ നോക്കാനായി ഒരു സൈന്യമൊന്നും തന്റെ പിന്നാലെയില്ലെന്നും താരം പറയുന്നു.  വേണമെങ്കിൽ ഒരുപാടു സഹായികളെ എനിക്ക് തിരഞ്ഞെടുക്കാമായിരുന്നു പക്ഷേ ഞാൻ തിരഞ്ഞെടുത്തത് ഈ വഴിയാണ്. ആരാധ്യയാണ് എപ്പോഴും എന്നെ ബിസിയാക്കുന്നതെന്നും കുഞ്ഞിന്റെ കാര്യം സ്വയം നോക്കണമെന്ന തിരഞ്ഞെടുപ്പ് താൻ സ്വയം സ്വീകരിച്ചതാണെന്നും താരം പറയുന്നു.

വിശ്രമമെന്തന്നറിയാതെ എപ്പോഴും ജോലികളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളോട് തന്റെയുള്ളിൽ ബഹുമാനം മാത്രമാണുള്ളതെന്നും ക്ഷീണിച്ചുവെന്നു സ്വയം തോന്നുന്ന നിമിഷത്തിലാണ് ഒന്നിനും സമയം തികയാതെ വരുന്നതെന്നും ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയാൽ ഒരിക്കലും മനസ്സിൽ മടുപ്പ് ബാധിക്കില്ലെന്നും മനക്കരുത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും ഐശ്വര്യ പറയുന്നു.

'ബി പോസിറ്റീവ് എന്നത് വെറുമൊരു രക്തഗ്രൂപ്പ് മാത്രമല്ലെന്ന് ഞാൻ ആരാധ്യയോടു പറയാറുണ്ട്. പോസിറ്റീവായി ജീവിതത്തെ നോക്കിക്കാണണമെന്നും ജീവിതത്തിലെ ഓരോ നിമഷത്തേയും അനുഭവിക്കണമെന്നും ആ അനുഭവങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നതെന്നും ഞാൻ മകളോട് പറയാറുണ്ട്'. 'കഴിഞ്ഞ വർഷത്തെ കാൻ ഫിലിംഫെസ്റ്റിവെല്ലിൽ ഐശ്വര്യ പറഞ്ഞതിങ്ങനെ :- ഒരു സ്റ്റാർ കിഡിന്റെ ജീവിതം എങ്ങനെയാണെന്ന് ആരാധ്യ ഇപ്പോൾ പഠിച്ചു കഴിഞ്ഞു. യാത്രകളിലും പാർട്ടികളിലും ഒപ്പം വന്നും പുതിയ ആളുകളേയും പുതിയ സ്ഥലങ്ങളേയുമൊക്കെ കണ്ടുകണ്ടാണ് അവൾ ജീവിതത്തെ മനസ്സിലാക്കിത്തുടങ്ങിയത്. ഒരിക്കലും അവൾക്കരുകിലിരുന്ന് അമ്മയുടെ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് അവൾക്കു ഞാൻ പറഞ്ഞുകൊടുത്തിട്ടില്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞുമാണ് അവൾ കാര്യങ്ങൾ മനസ്സിലാക്കിയത്' :- ഐശ്വര്യ പറയുന്നു.

വിവിധതരം അനുഭവങ്ങൾ മകൾക്കു നൽകാനായി യാത്രകളിലും പാർട്ടികളിലുമെല്ലാം ഐശ്വര്യ ആരാധ്യയെ ഒപ്പം കൂട്ടാറുണ്ട്. ചില സെലിബ്രിറ്റികൾ മക്കളെ ക്യാമറക്കണ്ണുകളിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ഐശ്വര്യ വളരെച്ചെറുപ്പം മുതലേ ആരാധ്യയെ ഒപ്പംകൂട്ടി. ആദ്യമൊക്കെ ക്യാമറകളെ ഭയന്ന ആ കുഞ്ഞ് പിന്നെ അതിസുന്ദരമായി പൊതുചടങ്ങുകളിലും മറ്റും ക്യാമറകളെ അഭിമുഖീകരിക്കുവാൻ തുടങ്ങി. അങ്ങനെ കുഞ്ഞ് ആരാധ്യയും ഒരു കുട്ടിസെലിബ്രിറ്റിയാകുന്ന കാഴ്ചയാണ് ആരാധകർ പിന്നെ കണ്ടത്. 

ഈ അടുത്തു നടന്ന ഒരു ഗംഭീര ചടങ്ങിലാണ് ആരാധ്യയുടെ സെലിബ്രിറ്റി ഇമേജ് എത്രത്തോളമാണെന്ന് ലോകം മനസ്സിലാക്കിയത്. മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയച്ചടങ്ങിൽ ആരാധ്യയ്ക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. കുട്ടിസെലിബ്രിറ്റിക്കുവേണ്ടി പാർട്ടിയിൽ ഒരു സർപ്രൈസ് ഒരുക്കിയാണ് നിത അംബാനി ആരാധ്യയെ ഞെട്ടിച്ചത്.

2007 ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹതിരാകുന്നത്. 2011 ലാണ് ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നൽകുന്നത്. അതോടെ തിരക്കുപിടിച്ച സിനിമാ ജീവിതത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത് താരം മകളുടെയൊപ്പം മുഴുവൻ സമയവും ചിലവഴിച്ചു. പ്രസവശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെ കാര്യമാക്കാതിരുന്ന താരത്തെ അവരുടെ ആരാധകരുൾപ്പെടേയുള്ളവർ പഴിച്ചു.

അഴകല്ല മാതൃത്വമാണ് വലുതെന്ന അവരുടെ നിലപാടിനെ പലരും ചോദ്യം ചെയ്തു. പിന്നീട് പൂർവാധികം ശക്തിയോടെ അവർ തന്റെ അഴകളവുകൾ തിരിച്ചുപിടിച്ചു അപ്പോഴും അമ്മയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവർ തയാറായില്ല. അതുകൊണ്ടു തന്നെയാണ് ഈയടുത്ത് ഐശ്വര്യയുടെ അഭിനയജീവിതത്തെ പ്രശംസിച്ചുകൊണ്ട് നടി രേഖയെഴുതിയ കത്തിലും അവർ ആ വാചകം പ്രത്യേകമെടുത്തു പറഞ്ഞത്. അതു തന്നെയാണ് ലോകവും ഐശ്വര്യയോട് പറയാനാഗ്രഹിക്കുന്നത് ഐശ്വര്യാ നിന്നിലെ അമ്മയെയാണ് ഏറെയിഷ്ടം.