നവദമ്പതികളേക്കാൾ സന്തുഷ്ടർ വിവാഹിതരായിട്ട് ഇരുപതിലേറെ വർഷങ്ങൾ പിന്നിട്ടവർ

നവദമ്പതികളാണോ കൂടുതല്‍ സന്തോഷം അനുഭവിക്കുന്നത്? അവരാണോ ദാമ്പത്യത്തില്‍ കൂടുതല്‍ സന്തോഷമുള്ളവര്‍? പലരുടെയും വിശ്വാസം  അങ്ങനെയാണ്. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഇവരെക്കാളും സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നത് വിവാഹം കഴിഞ്ഞ് ഇരുപതിലേറെ വര്‍ഷം കഴിഞ്ഞവരാണെന്നാണ് യു എസിലെ പെൻസിൽവാനിയയിലെയും ബെർമിങ്ഹാം യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെയും നിഗമനം. 

കൂടുതല്‍ സമയം ഒരുമിച്ച് കഴിയാന്‍ സാധിക്കുന്നതും ജോലികളും മറ്റും പങ്കുവയ്ക്കുന്നതും ദീര്‍ഘകാല ദാമ്പത്യത്തിന്റെ ഗുണമായി ഇവര്‍ കണ്ടെത്തുന്നു. 2034  ദമ്പതികള്‍ക്കിടയില്‍ നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് അവർ പറയുന്നു. 

വിവാഹജീവിതത്തില്‍ വര്‍ഷം കൂടും തോറും സംതൃപ്തി ഏറി വരുന്നു എന്നാണ് പങ്കെടുത്ത ദമ്പതികളുടെ അഭിപ്രായം. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ഓരോ ദാമ്പത്യങ്ങളും. തുടക്കത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളും കല്ലുകടികളും കണ്ട് ഉടന്‍ തന്നെ വിവാഹമോചിതരാകരുതെന്നും പരസ്പരം മനസ്സിലാക്കാനും ആഴത്തില്‍ ‌സനേഹിക്കാനും ചിലപ്പോള്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കാമെന്നുമാണ് ആ ദമ്പതികൾ പറയുന്നത്. ഏറ്റവും നല്ലത് വരാനിരിക്കുന്നതേയുള്ളൂ എന്ന് വിശ്വസിച്ചുകൊണ്ട് ദാമ്പത്യജീവിതത്തിലെ  ഓരോ ദിനങ്ങളെയും പ്രതീക്ഷയോടെ കാത്തിരിക്കണമെന്നാണ് അവർ നൽകുന്ന ഉപദേശം.