അജയ്ക്കത് പ്രയാസമായി തോന്നിയില്ല പക്ഷേ ഞാനൊരുപാടു വിഷമിച്ചു

ആരാധകർക്കേറെയിഷ്ടപ്പെട്ട ബി ടൗണിലെ ദമ്പതിമാരാണ് അജയ് ദേവ്ഗണും കജോളും. കുടുംബ ബന്ധങ്ങൾക്കു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ഇരുവരും കുടുംബസമേതമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ആരാധകർക്കുവേണ്ടി പങ്കുവെയ്ക്കാറുമുണ്ട്.

ഇക്കുറി കജോൾ  പങ്കുവെച്ച ചിത്രത്തിന് മകൾ നൽകിയ കമന്റാണ് ആരാധകരുടെ മനംകവർന്നത്. അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നാണ് മകൾ കുറിച്ചത്. അതിലേറെ അവളെ മിസ് ചെയ്യുന്നുണ്ടെന്ന് കജോൾ മറുപടിയും നൽകി.

സിംഗപ്പൂരിലാണ് അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകൾ നൈസ പഠിക്കുന്നത്. മകളെ ദൂരെയയച്ചു പഠിപ്പിക്കുന്നതിനെപ്പറ്റി കജോൾ പറഞ്ഞതിങ്ങനെ: ‘പഠനത്തിന്റെ ഭാഗമായി ബോർഡിങ് സ്കൂളിലൊക്കെ നിന്നിട്ടുള്ളയാളാണ് ഞാൻ. അതുകൊണ്ടുതന്നെ പഠനകാലത്ത് അച്ഛനമ്മമാരെ വിട്ടു നിൽക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ എനിക്കു നന്നായറിയാം.

മകളെ സിംഗപ്പൂരിലയച്ച് പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനം തന്നെയായിരുന്നു. എന്നാൽ അജയ്ക്ക് അത് അത്ര കടുത്ത തീരുമാനമായി തോന്നിയില്ല. എല്ലാം കുഞ്ഞുങ്ങളുടെ നന്മയ്ക്കുവേണ്ടിയാണല്ലോ എന്നു ചിന്തിക്കുന്നതുകൊണ്ടായിരിക്കാം അങ്ങനെ’.