'ആ തീരുമാനമെടുക്കാൻ ധൈര്യം തന്നത് ഐശ്യര്യ': അഭിഷേക്

ഐശ്വര്യയുടെയും അഭിഷേകിന്റെയും പ്രണയ ജീവിതം ആരേയും കൊതിപ്പിക്കുന്നതാണ്. ബി ടൗണിലെ മാതൃകാ ദമ്പതികളെന്ന് അസൂയ കലർന്ന സന്തോഷത്തോടെയാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. സന്തോഷങ്ങളിൽ മാത്രമല്ല പ്രതിസന്ധികളിലും കൂടെ നിൽക്കുന്നവരാണ് യഥാർഥ ദമ്പതികളെന്ന് പലകുറി ഇവർ ജീവിതം കൊണ്ടു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ജീവിതത്തിൽ എടുത്ത ചില നിർണായകമായ തീരുമാനങ്ങളെക്കുറിച്ചും ആ സമയത്ത് ഭാര്യ ഐശ്വര്യ തനിക്കു തന്ന ധൈര്യത്തെക്കുറിച്ചും തുറന്നു പറയുകയാണ് അഭിഷേക് ബച്ചൻ. സിനിമയിൽനിന്ന് കുറച്ചുനാളത്തെ ഇടവേളയെടുത്തതിനെക്കുറിച്ചാണ് അഭിഷേക് പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ ചെറിയ ആശങ്കയുണ്ടായിരുന്നുവെന്നും എന്നാൽ ഭാര്യ ഐശ്വര്യ മാത്രമാണ് ഒരു ആശങ്കയുമില്ലാതെ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ തനിക്കു ധൈര്യം തന്നതെന്നും അഭിഷേക് പറയുന്നു.

ഒരു വാക്കുപോലും പറയാതെ പ്രിയ നടൻ സിനിമയിൽനിന്നു വിട്ടു നിന്നപ്പോൾ ആരാധകരുടെ മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. അഭിഷേക് എവിടെയാണ്, ഇനി സിനിമയിൽ അഭിനയിക്കില്ലേ എന്നിങ്ങനെയുള്ള സംശയങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും അഭിഷേക് നൽകിയ മറുപടിയിതാണ്:- ‘ഇനി സിനിമയിൽ അഭിനയിക്കില്ല എന്നു പറഞ്ഞിട്ടില്ല, അങ്ങനെയൊരു തീരുമാനവും എടുത്തിട്ടില്ല. ഒരേ രീതിയിലുള്ള കഥാപാത്രങ്ങളിൽനിന്നു മാറ്റം വേണമെന്ന് ആഗ്രഹിച്ചപ്പോഴാണ് സിനിമയിൽനിന്നു മാറി നിൽക്കാൻ തീരുമാനിച്ചത്’.

ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് പുതിയ ചിത്രവുമായി അഭിഷേക് ബച്ചനെത്തുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘മൻമർസിയൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിഷേകിന്റെ തിരിച്ചുവരവ്.