ദാമ്പത്യബന്ധത്തെ ശിഥിലമാക്കുന്നത് ഈ കാര്യങ്ങളാണ്

എല്ലാത്തരം ബന്ധങ്ങളും കൂടുതല്‍ സുന്ദരമാകുന്നത് അവ അടിസ്ഥാനപരമായ ചില സവിശേഷഗുണങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടുമ്പോഴാണ്. സൗഹൃദങ്ങള്‍ മുതല്‍ ദാമ്പത്യം വരെയുള്ള എല്ലാത്തരം ബന്ധങ്ങള്‍ക്കും ഇത് ബാധകമാണ്.  പരസ്പരം എല്ലാവരും ആഗ്രഹിക്കുന്നത് ഇത്തരം ഗുണങ്ങള്‍ തന്നെയാണ്. ഇവ കിട്ടാതെ വരുന്നതോ കുറഞ്ഞുപോകുന്നതോ പലപ്പോഴും ബന്ധങ്ങളെ ശിഥിലമാക്കിയേക്കാം. 

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും സ്‌നേഹം പ്രകടിപ്പിക്കണം. പലര്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല. കിടപ്പറയ്ക്ക് വെളിയില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും മറന്നുപോകുന്നവര്‍ ഏറെയാണ്. അതല്ല ശരിയായ രീതി. ഇടയ്‌ക്കൊക്കെ ഒന്ന് ആലിംഗനം ചെയ്യുക, ഒരു ചുംബനം നൽകുക. കൈകള്‍ കോര്‍ത്ത് പിടിച്ച് വെറുതെയിരിക്കുക. ഇതെല്ലാം ഇണയോട് തനിക്ക് മമതയും സ്‌നേഹവും ഉണ്ടെന്ന് തെളിയിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്.

അനുകമ്പയുണ്ടായിരിക്കുക എന്നതാണ് മറ്റൊരു ഗുണം. പല കാരണങ്ങള്‍ കൊണ്ട് മനസ്സ് വിഷമിച്ചിരിക്കുമ്പോള്‍, തളര്‍ന്നിരിക്കുമ്പോള്‍ സ്‌നേഹമായി, വാത്സല്യമായി അനുകമ്പയോടെ ഒന്ന് പങ്കാളിയുടെ അരികില്‍ ചേര്‍ന്നിരിക്കുക. ഒന്ന് ആശ്വസിപ്പിക്കുക, തലോടുക. തന്റെ വേദനകളും പ്രയാസങ്ങളും പങ്കാളി മനസ്സിലാക്കുന്നുണ്ട് എന്ന തിരിച്ചറിവ് വളരെ ആശ്വാസം നൽകും.

പരസ്പരം ആദരവ് പ്രകടിപ്പിക്കണം. ഓരോരുത്തരും മറ്റുള്ളവരുടെ വ്യക്തിത്വത്തെ ആദരിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളാണുള്ളത്. വിയോജിപ്പുകള്‍ പറയുമ്പോഴാണെങ്കിലും മാന്യത കൈവിടരുത്. പരുഷവാക്കുകള്‍ ഉപയോഗിക്കുകയുമരുത്. നല്ലൊരു പങ്കാളി മറ്റേയാളുടെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ തിരിച്ചറിയും.

പരസ്പരം പരിഗണിക്കാതെ പോകുന്നതാണ് നമ്മുടെ പല ബന്ധങ്ങളും ശിഥിലമാകുന്നതിന് കാരണം. ഇണയോടുള്ള പരിഗണന വ്യക്തമാക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട് അനുദിന ജീവിതത്തില്‍. സുഖമില്ലാത്ത പങ്കാളിയെ ജോലിയില്‍ സഹായിക്കുന്നതുപോലെയുള്ള എത്രയോ കാര്യങ്ങളുണ്ട് മനസ്സു വച്ചാൽ പരിഗണന പ്രകടിപ്പിക്കാൻ അനവധി മാർഗ്ഗങ്ങൾ മുന്നിൽ തുറന്നു കിട്ടും.

ഒരുമിച്ചു സമയം പങ്കിടുന്നതും സംസാരിക്കുന്നതും അടുത്തിരിക്കുന്നതുമാണ് ഏതൊരു ബന്ധത്തിന്റെയും ക്രമാനുഗതമായ വളര്‍ച്ചയക്കുള്ള കാരണങ്ങളിലൊന്ന്. പകരം മൊബൈലിലും ഇന്റര്‍നെറ്റിലും സമയം ചെലവഴിക്കാനാണ് പങ്കാളികള്‍ക്ക് താൽപ്പര്യമെങ്കില്‍ അവിടെ സ്‌നേഹമുണ്ടാവില്ല.