18–ാം പിറന്നാളിന് ഷാരൂഖ് സുഹാനയോടു പറഞ്ഞത്

ബോളിവുഡിലെ കിങ്ഖാൻ ഷാരൂഖിനെ സ്നേഹിക്കുന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ മക്കളെയും ആരാധകർ സ്നേഹിക്കുന്നുണ്ട്. ഷാരൂഖിന്റെ വീട്ടിലെ കുട്ടിത്താരമായ അബ്രാമിനോട് അൽപ്പം വാൽസല്യം കൂടതലുണ്ടെങ്കിലും ഏവരുടേയും പ്രിയങ്കരിയാണ് ഷാരൂഖിന്റെ മകൾ സുഹാന. സുഹാനയുടെ 18–ാം പിറന്നാൾ ദിനത്തിൽ ഷാരൂഖ് മകളോടു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

എല്ലാ പെൺകുട്ടികളെയും പോലെ ഒരു നാൾ നീയും പറന്നുയരുമെന്ന് എനിക്കറിയാമായിരുന്നുവെന്നും പതിനാറു വയസ്സു മുതൽ നീ ചെയ്ത എല്ലാക്കാര്യങ്ങളും ഇനി നിയമപരമായി ചെയ്യാമെന്ന് പറഞ്ഞുകൊണ്ടാണ് ഷാരൂഖ് ഖാൻ മകൾക്ക് പിറന്നാളാശംസകൾ നേർന്നത്. മകൾക്ക് അഭിനയത്തോട് താൽപ്പര്യമുണ്ടെങ്കിലും ഈ പ്രായത്തിൽ പഠനത്തിനാണ് മുൻതൂക്കം കൊടുക്കേണ്ടതെന്ന അഭിപ്രായക്കാരനാണ് താനെന്നും പഠനശേഷം അവൾക്കിഷ്ടപ്പെട്ട കരിയർ തിരഞ്ഞെടുക്കാനായി എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം മുൻപ് പല  അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് സുഹാന. സ്കൂളിലും കൊളേജിലുമൊക്കെ നടന്ന നാടകങ്ങളിൽ സുഹാന അഭിനയിക്കുന്നതിന്റെ ദൃശ്യങ്ങൾ പലകുറി സമൂഹമാധ്യമങ്ങളിൽ തരംഗമായതിനെത്തുടർന്നാണ് ഷാരൂഖിന്റെ മകളും അധികം വൈകാതെ സിനിമയിലേക്കെത്തുമെന്ന് അഭ്യുദയകാംക്ഷികൾ ഉറപ്പിച്ചത്. സുഹാനയുടെ സിനിമാ അരങ്ങേറ്റം അധികം വൈകില്ലെന്ന പ്രതീക്ഷയിലാണവർ.

മകൾ സിനിമയിലെത്തുന്നതിനെപ്പറ്റി ഗൗരിഖാനും അഭിമുഖങ്ങളിൽ സൂചന നൽകിയിട്ടുണ്ട്. ഷാരൂഖിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി കുടുംബത്തിൽ നിന്ന് ഒരാൾ കൂടി സിനിമയിലെത്താൻ പോകുന്നതിന്റെ സന്തോഷം മറച്ചുപിടിക്കാതെയാണ് ഗൗരിഖാൻ പലപ്പോഴും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.