നിറവയറിന്റെ ചിത്രം അഭിമാനത്തോടെ പങ്കുവെച്ച് രംഭ

കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി എന്ന പാട്ടിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ രംഭ അടുത്തിടെ ചില വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. സർഗ്ഗം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സു കവർന്ന നടി വിവാഹമോചിതയാകാൻ പോകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 

എന്നാൽ വിവാഹമോചനം സംബന്ധിച്ച വാർത്തകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നും പറഞ്ഞുകൊണ്ട് നടി തന്നെ രംഗത്തു വന്നതോടെയാണ് ആരാധകർക്ക് സമാധാനമായത്. എന്നാലിപ്പോൾ ഇരട്ടി സന്തോഷം നൽകുന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോവുകയാണെന്ന വാർത്ത പറഞ്ഞുകൊണ്ട് നിറവയറിന്റെ ചിത്രം പങ്കുവെച്ചത് രംഭ തന്നെയാണ്.

 സിനിമയിൽ തിളങ്ങി നിന്ന രംഭ വിവാഹത്തോടെയാണ് അഭിനയരംഗത്തോട് വിടപറഞ്ഞത്. വിവാഹശേഷം ബിസിനസ്സുകാരനായ ഭർത്താവ് ഇന്ദ്രൻ പദ്മനാഭനോടൊപ്പം കാനഡയിലായിരുന്നു. രണ്ടു പെൺകുട്ടികളാണ് ഇവർക്ക്. ഇതിനിടയിലാണ് രംഭ വിവാഹമോചനം നേടാൻ പോകുന്നുവെന്നും മക്കളെ വിട്ടു കിട്ടാൻ കോടതിയെ സമീപിക്കുമെന്ന തരത്തിലൊക്കെ വ്യാജ വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ രംഭ തന്നെ രംഗത്തു വന്ന് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ആ വാർത്ത കെട്ടടങ്ങിയത്.

ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും ആഹ്ലാദം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും മൂന്നാമത്തെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന കാര്യം അഭിമാനത്തോടെ പങ്കുവെയ്ക്കുന്നുവെന്നും കുടുംബത്തിനായി പ്രാർഥിക്കണമെന്നും പറഞ്ഞുകൊണ്ടാണ് രമഭ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്.