ഈ അച്ഛന്മാർ പൊളിച്ചു; 18 ദിവസം പ്രായമായ പെൺകുഞ്ഞിനുവേണ്ടി ഇവർ ചെയ്തത്

നവജാതശിശുക്കളുമായി ഒരു  യാത്ര മാതാപിതാക്കൾക്കെന്നപോലെ സഹയാത്രികർക്കും ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്. യാത്രയ്ക്കിടെ കുട്ടികൾ എങ്ങനെയൊക്കെ പെരുമാറാമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ചിലർ നിർത്താതെ കരഞ്ഞു മാതാപിതാക്കളുടെ നെഞ്ചിടിപ്പു കൂട്ടും. കുസൃതികളുമായി സഹയാത്രികരെ ശല്യം ചെയ്യുന്നവരുമുണ്ട്. എന്തായാലും യാത്ര കഴിയുന്നതുവരെ നെഞ്ചിടിപ്പു കൂടിക്കൊണ്ടിരിക്കും. 

18 ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയുമായി ഒരു വിമാനയാത്ര. അതും 10 മണിക്കൂർ. യഥാർഥത്തിൽ അങ്ങനെയൊരു സംഭവം നടന്നു. കുട്ടിയുടെ കൂടെയുള്ളതാകട്ടെ രണ്ട് അച്ഛൻമാരും. സ്വവർഗ ദമ്പതികൾ. കുട്ടി യാത്രയ്ക്കിടെ മറ്റു യാത്രക്കാർക്കു ശല്യമുണ്ടാക്കുമോ എന്നു പേടിച്ച അച്ഛൻമാർ ഒരു വിദ്യ കണ്ടുപിടിച്ചു. ചെറിയൊരു നോട്ട് യാത്രക്കാർക്കു വിതരണം ചെയ്തു.  18 ദിവസം മാത്രം പ്രായമുള്ള കുട്ടി എഴുതുന്നതായിട്ടാണ് കുറിപ്പ്. തന്നെക്കൊണ്ട് എന്തെങ്കിലും ശല്യം ഉണ്ടാകുകയാണെങ്കിൽ മുൻപേതന്നെ മാപ്പു ചോദിച്ചുകൊണ്ട്. കുട്ടി എഴുതുന്നതായി സങ്കൽപിച്ചു യാതക്കാർക്കു കിട്ടിയ കുറിപ്പ് ഇപ്രകാരമായിരുന്നു. 

സുഹൃത്തേ, 

''എന്റെ പേര് മാരിറ്റ്. എനിക്കിന്നു 18 ദിവസം തികഞ്ഞു. യൂറോപ്പിൽ വീട്ടിലേക്കു പോകുകയാണ് ഞാൻ. കുടെ എന്റെ അച്ഛൻമാരുണ്ട്. ഇതെന്റെ ആദ്യ വിമാനയാത്രയാണ്. എന്നെക്കൊണ്ടു കഴിയാവുന്ന ശല്യമൊക്കെ ഞാൻ ചെയ്യും. മുന്നാലെ, ക്ഷമ ചോദിക്കുകയാണ്. ഏതെങ്കിലും കാരണവശാൽ കരഞ്ഞോ ചിരിച്ചോ ബഹളം വച്ചോ ഞാൻ ശല്യമുണ്ടാക്കിയാൽ ക്ഷമിക്കുമല്ലോ. നല്ലൊരു യാത്ര ആശംസിക്കുന്നു. 

ഈ കുറിപ്പു കിട്ടിയവരിലൊരാൾ പ്രസിദ്ധ ഐറിഷ് പാട്ടുകാരൻ നയൽ ഹെറൻ. ബോയ് ബാൻഡ് വൺ ഡിറക്ഷൻ എന്ന ആൽബത്തിലൂടെ പ്രസിദ്ധനായ സംഗീതജ്ഞൻ. അച്ഛൻമാരുടെ കുറിപ്പിൽ ആകൃഷ്ടനായ ഹെറൻ കുറിപ്പിന്റെ ചിത്രവുമായി ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു. എനിക്കു കിട്ടിയ ഏറ്റവും നല്ല കുട്ടിസമ്മാനങ്ങളിലൊന്ന്. മാരിറ്റ് എന്ന കുട്ടി യാത്രയിലുടനീളം ശാന്തയായിരുന്നു. ഏറ്റവും നന്നായി ആസ്വദിച്ച യാത്ര. മാരിറ്റിന്റെ രണ്ട് അച്ഛൻമാർക്കും നന്മകൾ നേരുന്നു. 

ഹെറൻ ട്വീറ്റ് ചെയ്തതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂന്നുലക്ഷം പേരോളം ലൈക്കു ചെയ്തു. അറുപതിനായിരത്തോളം പേർ ഷെയർ ചെയ്തു. പെൺകുട്ടി വളർന്നുവലുതായി കുട്ടിക്കാലത്തെ ഈ അനുഭവം അറിയുമ്പോൾ എന്തൊരു അത്ഭുതമായിരിക്കും കാത്തിരിക്കുക. അതും ഹെറനെപ്പോലെ ഒരു സംഗീതജ്ഞന്റെ പങ്കാളിത്തവും. 

നൂറുകണക്കിനുപേർ ട്വീറ്റിനു കമന്റുകളും രേഖപ്പെടുത്തി. അച്ഛൻമാർക്ക് അഭിനന്ദനങ്ങളാണ് എല്ലാ കമന്റുകളിലും. എല്ലാ മാതാപിതാക്കളും ഇതുപോലെ മര്യദയുള്ളവരായിരുന്നെങ്കിൽ എന്ന ആഗ്രഹവും. കുട്ടിക്കും സ്വവർഗ ദമ്പതികൾക്കും എല്ലാവരും സ്നേഹാശംസയും നേർന്നു. യാത്രയ്ക്കിടെ കുട്ടിക്കു കിട്ടിയ സമ്മാനങ്ങളുമായി സ്വവർഗ ദമ്പതികൾ ട്വിറ്ററിൽ നന്ദി കൂടി പറഞ്ഞതോടെ യാത്രയ്ക്കു ശുഭപര്യവസാനം.