അപകടത്തിൽ മകൻ മരിച്ചു; മകന്റെ പെൺസുഹൃത്തിനുവേണ്ടി അച്ഛൻ ചെയ്തത്

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

പ്രോം എന്നറിയപ്പെടുന്ന പ്രൊമനേഡ് ഡാൻസ് ഹൈസ്കൂൾ വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷികചടങ്ങാണ്. അമേരിക്കയിൽ സ്കൂൾ വർഷത്തിന്റെ അവസാനം നടക്കുന്ന അനൗപചാരിക ഒത്തുകൂടലും നൃത്തവും. കെയ്‍ലി സുദേർസ് എന്ന വിദ്യാർഥിനിയും പ്രോമിൽ പോകാൻ ആഗ്രഹിച്ചു. തനിച്ചല്ല, ബോയ്ഫ്രണ്ട് കാർടർ ബ്രൗണിനൊപ്പം. കെയ്‍ലിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. പക്ഷേ, ഒരു വാഹനാപകടം ആ പെൺകുട്ടിയുടെ കൗമാരസ്വപ്നങ്ങളെ തകർത്തു. 

ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ ഛിന്നഭിന്നമാക്കി. പ്രോമിന് ഏതാനും ആഴ്ചകൾക്കുമുമ്പ് ഒരു കാറപകടത്തിൽ ബ്രൗൺ മരിച്ചു. താങ്ങാനാവാത്ത ആഘാതം. ദുരന്തത്തിൽനിന്നു മുക്തയാകാൻ കഴിയാതെ കെയ്‍ലി ഒരു തീരുമാനമെടുത്തു: ഇത്തവണ പ്രോമിനു പോകുന്നില്ല. ബ്രൗണില്ലാതെ ആ ചടങ്ങിൽ പങ്കെടുക്കുന്നതു കെയ്‍ലിക്കു ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷേ, കെയ്‍ലിയുടെ ആഗ്രഹം നടന്നില്ല. പ്രോമിൽ കെയ്‍‍ലി പങ്കടുക്കുകതന്നെ ചെയ്തു. ബ്രൗണിനു പകരം അവന്റെ അച്ഛനായിരുന്നു കെയ്‍ലിയുടെ പങ്കാളി എന്നു മാത്രം. വേദനയോടെ മാത്രം വായിക്കാവുന്ന സംഭവം നടന്നത് പെൻസിൽവാനിയയിൽ. ഫെയ്സ്ബുക്കിലൂടെ ഈ അപൂർവസംഭവം വായിച്ചവർക്കും കണ്ണീരടക്കാൻ ആയില്ല. 

ബ്രൗണിന്റെ അകാലമരണം ആകെത്തകർത്തു അയാളുടെ കുടുംബത്തെ. പ്രത്യേകിച്ചും പിതാവ് റോബർട്ടിനെ. സ്കൂളിൽനിന്നു പരിശീലകനായി വിരമിച്ച വ്യക്തി കൂടിയാണു റോബർട്ട്. മകന്റെ അകാലവേർപാടിന്റെ ദുഃഖം മനസ്സിലൊതുക്കി റോബർട്ട് പ്രോമിൽ പങ്കെടുക്കാൻ സ്കൂൾ പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി. കെയ്‍ലി സുദേർസിനെ ചെന്നുകണ്ട് മകനു പകരം തനിക്കൊപ്പം പ്രോമിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു. മകൻ നഷ്ടപ്പെട്ട പിതാവിന്റെ അഭ്യർഥന തള്ളിക്കളയാൻ കഴിയുമായിരുന്നില്ല സുദേർസിന്. പ്രോമിൽ പങ്കെടുക്കുക മാത്രമല്ല, സുദേർസിനൊപ്പം ബുക്കാനൻ ഹൈ സ്കൂളിൽ നൃത്തം ചെയ്യുകയും ചെയ്തു റോബർട്ട്. അടുത്ത സുഹൃത്തുക്കളെപ്പോലെ ചേർന്നു നിന്നു ചിത്രങ്ങളെടുത്തു. ആടി,പാടി. അവിസ്മരണീയമായ അനുഭവമാക്കി. മരിച്ചുപോയ മകനുവേണ്ടിയായിരുന്നു റോബർട്ടിന്റെ അസാധാരണ തീരുമാനവും കൗതുകകരമായ നൃത്തവും. ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത അനുഭവവും നൃത്തത്തിന്റെ വീഡിയോയും വൈറലാവുകയും ചെയ്തു. 

എന്റെ ഭർത്താവിനെ ഞാൻ അഗാധമായി സ്നേഹിക്കാനുള്ള കാരണങ്ങളിൽ‌ ഒന്നുകൂടി. കെയ്‍ലി സുദേർസിനൊപ്പം ബ്രൗണിനു പ്രോമിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ റോബർട്ട് മുന്നോട്ടുവന്നു. നൃത്തത്തിൽ റോബിനെ കൂടെക്കൂട്ടാനായിരുന്നില്ല നീ ആഗ്രഹിച്ചതെന്ന് എനിക്കറിയാം. എങ്കിലും മകൻ നഷ്ടപ്പെട്ട ഈ മാതാപിതാക്കളുടെ ദുഖം നീ മനസ്സിലാക്കിയല്ലോ. അവർക്കൊപ്പം നീ ചേർന്നുവല്ലോ. എന്റെ എന്നുമെന്നും സ്വന്തമായ റോബിനൊപ്പം– ഈ വരികളോടെ ബ്രൗണിന്റെ അമ്മയാണ് ചിത്രങ്ങളും വീഡിയോയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

ബ്രൗണിന്റെ പിതാവ് എന്നോടു പ്രോമിൽ അദ്ദേഹത്തിനൊപ്പം പങ്കെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസ്മയിച്ചുപോയി ഞാൻ. ഒരേസമയം ആഴത്തിലുള്ള ദുഃഖവും സന്തോഷവും തോന്നി എനിക്ക്. ഊഷ്മളമായ ഒരു അനുഭവം. റോബിന്റെ ക്ഷണം സ്വീകരിച്ചതിനുശേഷം കെയ്‍ലി സുദേർസ് ചടങ്ങിനുവേണ്ടി മനോഹരമായ ഒരു ഗൗൺ തിരഞ്ഞെടുത്തു. 

എന്റെ മകൻ പോകാൻ ആഗ്രഹിച്ച ച‍ടങ്ങാണിത്. അവർ, സുഹൃത്തുക്കളിരുവരും കൂടി അവിസ്മരണീയമാക്കേണ്ട സുദിനം. പക്ഷേ, അവനതിനു കഴിഞ്ഞില്ലല്ലോ. പിന്നെ ഞാനല്ലേ ഉള്ളൂ...കണ്ണീരുമായി റോബർട്ട് പറയുന്നു. 

ബ്രൗണിന്റെ മരണത്തിൽ ദുഃഖിതയായ കെയ്‍ലി സുദേർസ് ഒരു ദിവസത്തേക്കെങ്കിലും സന്തോഷവതിയായി കണ്ടതിൽ ബ്രൗണിന്റെ കുടുംബത്തിനും സന്തോഷം.