ഓട്ടിസം ബാധിച്ച മകൾക്കായി അച്ഛന്റെ പ്രോഗ്രസ് കാർഡ്; കണ്ണു നനയിക്കും

പെൺമക്കളുടെ കാര്യത്തിൽ എല്ലാ അച്ഛന്മാരും പൊസസീവ് ആയിരിക്കും. അവരുടെ കണ്ണു നിറയുന്നതോ മുഖം വാടുന്നതോ അച്ഛന്മാർക്ക് സഹിക്കാനാവില്ല. ഷെയ്ൻ ജാക്സൺ എന്ന അച്ഛനും വ്യത്യസ്തനല്ല. ഓട്ടിസം ബാധിച്ച മകൾക്ക് മറ്റു കുഞ്ഞുങ്ങളേക്കാൾ കരുതലും സ്നേഹവും ആവശ്യമാണന്ന് മറ്റാരേക്കാളും നന്നായി അദ്ദേഹത്തിനറിയാം.

ഷെയിനിന്റെ മകൾ സോഫിയയ്ക്ക് 10 വയസ്സുണ്ട്. ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡർ എന്ന രോഗവാസ്ഥയാണവൾക്ക്. സാമൂഹ്യബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും വ്യക്തമായി ആശയവിനിമയം നടത്താനും പിന്നോക്കമായിരിക്കും ഈ രോഗാവസ്ഥയിലുള്ള കുട്ടികൾ. തുടർച്ചയായി ഒരു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഇവർക്കു കഴിയാത്തതുകൊണ്ട് അക്കാദമിക് നിലവാരത്തിലും മറ്റുകുട്ടികളെ അപേക്ഷിച്ച് ഇവർ വളരെ പിന്നിലായിരിക്കും. സോഫിയ നല്ലൊരു ആർട്ടിസ്റ്റ് ആണെങ്കിലും കഴിഞ്ഞിടെ കിട്ടിയ പ്രോഗ്രസ്സ് കാർഡ് അവളെ വല്ലാതെ നിരാശപ്പെടുത്തി.

എല്ലാവരെയും താൻ നിരാശപ്പെടുത്തിയെന്നു പറഞ്ഞ് കരഞ്ഞു നിൽക്കുന്ന മകളെ കണ്ടപ്പോൾ ആ അച്ഛന്റെ മനസ്സു തകർന്നു. മകളുടെ വിഷമം മാറ്റാൻ അച്ഛൻ തന്നെ ഒരു റിപ്പോർട്ട്കാർഡ് ഉണ്ടാക്കി. ശേഷം അത് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു.ഒരു വ്യക്തി എന്ന നിലയിൽ മകളുടെ നന്മകളെക്കുറിച്ചും അവൾ ആർജ്ജിച്ചെടുത്ത കഴിവുകളെക്കുറിച്ചുമായിരുന്നു ആ റിപ്പോർട്ട് കാർഡ്. അച്ഛൻ തയാറാക്കിയ റിപ്പോർട്ട് കാർഡിൽ എയും എപ്ലസും മാത്രമാണ് ആ കുഞ്ഞ് സ്കോർ ചെയ്തത്.

തമാശക്കാരിയായ, നായ്ക്കളെ ഇഷ്ടപ്പെടുന്ന, ആൺകുട്ടികളോടു വഴക്കുകൂടുന്ന, നന്നായി പടം വരക്കുന്ന, റോബോട്ടുകളെ ഉണ്ടാക്കുന്ന, നല്ല ഇമാജിനേഷനുള്ള, ലോകത്തിലെ ഏറ്റവും നല്ല പെൺകുട്ടി എന്നീ വിശേഷണങ്ങൾ നൽകിയാണ് ഇവയ്ക്കോരോന്നിനും ആ അച്ഛൻ മാർക്കു നൽകിയത്.

കുഞ്ഞുങ്ങൾ ഏതവസ്ഥയിലായാലും അവരെ ഹൃദയത്തോടു ചേർത്തു പിടിക്കാൻ ഷെയിനിനെപ്പോലെ ഒരച്ഛനുണ്ടെങ്കിൽ അവർ ജീവിതത്തിൽ വിജയിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ആളുകൾ ഈ അച്ഛന്റെ പോസ്റ്റിന് ലൈക്ക് നൽകുന്നതും അതു പങ്കുവയ്ക്കുന്നതും.