അൽപ്പം 'കടുപ്പ'മാണ് ഈ പ്രണയം; സ്വാദിഷ്ഠമായ ഒരിഞ്ചിച്ചായ പോലെ

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

ഇരുപതാം വയസ്സിൽ തന്നെ ഇഷ്ടമാണെന്നു പറഞ്ഞ മനുഷ്യന്റെ മുഖത്തു നോക്കി അവൾ ആദ്യം ചോദിച്ചതിതാണ്. ഞാൻ എന്തിന് നിങ്ങളെ വിവാഹം കഴിക്കണം?. പ്രണയം പറയുമ്പോൾ ഭയന്നു നാണിച്ചു നിൽക്കുന്ന പെൺകുട്ടികളെക്കുറിച്ച് അയാളൊരുപാടു കേട്ടിട്ടുണ്ട്. എന്നാൽ പ്രണയം തോന്നിയ പെണ്ണ് നിങ്ങളെ എന്തിന് വിവാഹം കഴിക്കണമെന്ന് അപ്രതീക്ഷിതമായി ചോദിച്ചപ്പോൾ ആദ്യം ഒന്നമ്പരന്നു പിന്നെ മനസ്സിൽ അവൾക്കു നൽകാനായി കാത്തുവെച്ച ഉത്തരം അവളുടെ ചോദ്യത്തിനുള്ള മറുപടിയായി നൽകി.

അയാളുടെ ആത്മാർഥമായ മറുപടിയിൽ അവൾ വീണുപോയി. അങ്ങനെ വിവാഹിതരായ അവരിപ്പോൾ ബിസിനസ്സ് പാർട്ട്‌നേഴ്സ് കൂടിയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വന്ന ആ പ്രണയകഥ ഇപ്പോൾ നിറയെ ലൈക്കുകളും ഷെയറുകളും വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്. അന്ന് ഭർത്താവ് നൽകിയ മറുപടിയെക്കുറിച്ച് ആ ഭാര്യ പറയുന്നതിങ്ങനെ.

'എന്തിനാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിതാണ്. നിനക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പിന്നെ വീട്ടിലെ ജോലികൾ ചെയ്യാൻ. അതെ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രണയിനിക്കു നൽകിയ വാക്ക് അദ്ദേഹം മറന്നിട്ടില്ല. എല്ലാ ദിവസവും രാവിലെ ഇഞ്ചിച്ചായയുമായി വന്നാണ് അദ്ദേഹം എന്നെ ഉണർത്തുന്നത്. എന്റെ ഭർത്താവുണ്ടാക്കുന്ന ചായയാണ് ഏറ്റവും നല്ല ചായയെന്ന് പറയാൻ ഭാഗ്യം ലഭിച്ച ലോകത്തിലെ ഏക ഭാര്യ ചിലപ്പോൾ ഞാനാകും'. നാണത്തോടെ അതിലുപരി അഭിമാനത്തോടെ ഭാര്യ പറയുന്നു.

ഈ പ്രണയത്തിന് കടുപ്പമൽപ്പം കൂടുതലാണെന്നാണ് ടീസ്റ്റോൾ നടത്തുന്ന ദമ്പതികളുടെ കഥയറിഞ്ഞവർ പറയുന്നത്.