Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിന്റെ ഹൃദയം കീഴടക്കി കുഞ്ഞുരാജകുമാരന്റെ പുഞ്ചിരി

smile-01 ചിത്രത്തിന് കടപ്പാട് : ട്വിറ്റർ.

ബ്രിട്ടീഷ് രാജകുടുംബത്തിലെ കുഞ്ഞുരാജകുമാരന്റെ മാമ്മോദീസ ചടങ്ങിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അമ്മയുടെ കൈയിലിരുന്നു നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന കുഞ്ഞു രാജകുമാരന്റെ ചിത്രം  രാജകുടുംബം പുറത്തുവിട്ടത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പല്‍ റോയലിൽ നടന്ന ലൂയിസ് രാജകുമാരന്റെ മാമ്മോദീസച്ചടങ്ങിന്റെ ചിത്രമുൾപ്പടെ നാലുചിത്രങ്ങളാണ് കെൻസിംഗ്ടൺ കൊട്ടാരം ഔദ്യോഗികമായി പുറത്തുവിട്ടത്.

അമ്മ കേറ്റിന്റെ കൈയിലിരുന്ന് കുസൃതിച്ചിരി ചിരിക്കുന്ന ലൂയിസ് രാജകുമാരന്റെ ചിത്രമാണ് അതിലൊന്ന്. കുഞ്ഞുരാജകുമാരനെ വാത്സല്യത്തോടെ നോക്കുന്ന കേറ്റിന്റ മുഖത്തും നിറപുഞ്ചിരിയാണ്. ചടങ്ങിലുടനീളം അമ്മയുടെ കൈയിൽ ഉറങ്ങിക്കിടന്ന ലൂയിസ് രാജകുമാരന്റെ മറ്റുചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

അടുത്തിടെ വിവാഹം കഴിഞ്ഞ ഹാരിരാജകുമാരനും മേഗൻ മാർക്കിളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും കുഞ്ഞനിയനെ കൗതുകത്തോടെ നോക്കിക്കൊണ്ട് അമ്മയ്ക്കും അച്ഛനും അരികിൽത്തന്നെയുണ്ടായിരുന്നു. രാഞ്ജിയും ഫിലിപ്പ് രാജകുമാരനും വിട്ടുനിന്ന ചടങ്ങിൽ പതിവിന് വിപരീതമായി കേറ്റിന്റെ വീട്ടുകാരാണ് കുടുംബചിത്രങ്ങളിലെ മധ്യനിര അലങ്കരിച്ചത്. കെയ്റ്റിന്റെ സഹോദരിയും ഭര്‍ത്താവ് ജെയിംസും ചടങ്ങിൽ പങ്കെടുത്തിരുന്നു.

നീളമുള്ള സിൽക്ക്–ലെയ്സ് റോബാണ് മാമോദീസ ചടങ്ങിൽ ലൂയിസ് രാജകുമാരൻ അണിഞ്ഞിരുന്നത്. 1841ൽ നിർമ്മിച്ച റോയൽ ക്രിസ്റ്റനിങ് റോബിന്റെ ഹാൻഡ്മെയ്ഡ് റിപ്ലിക്കയാണ് ലൂയിസ് രാജകുമാരൻ ധരിച്ചത്. രാജകുടുംബത്തിലെ 62 ഓളം കുഞ്ഞുങ്ങൾ അണിഞ്ഞ റോയൽ ക്രിസ്റ്റനിങ് റോബിന്റെ ഒറിജിനൽ നിലനിർത്തുന്നതിനുവേണ്ടിയാണ് 2008ൽ അതിന്റെ റിപ്ലിക്ക നിർമ്മിക്കാൻ രാജ്ഞി ഉത്തരവിട്ടത്.