Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിഹാബിന്റെ പോരാട്ടം, ഒപ്പം ഷഹാനയുടെ പ്രണയവും

shihab-shahana-845-7 (1)

ഷിഹാബിനു ജൻമനാ സുഹൃത്തായി ലഭിച്ചത് ഒരാളും ഒരുനിഷത്തേക്കുപോലും കൂടെക്കൂട്ടാൻ തയാറാകാത്ത ഒരു രോഗത്തെ. ടെട്ര അമേലിയ. പേശികളെ ബാധിക്കുന്ന രോഗം. കൈകളും കാലുകളും ഇല്ലാത്ത ശാരീരികാവസ്ഥ. വൈദ്യശാസ്ത്രത്തിൽ അപൂർവമായ ഈ രോഗാവസ്ഥയുമായാണ് ഷിഹാബ് അബൂബക്കർ ജനിക്കുന്നത്.

shihab-shahana-845-10

പക്ഷേ, ഷിഹാബിന്റെ നേട്ടങ്ങൾ കൈകളും കാലുകളുമുള്ളവരെ നാണിപ്പിക്കും. ആരുടെയും സഹതാപത്തിനു കാത്തുനിൽക്കാതെ വൈകല്യങ്ങളെ നേട്ടത്തിലേക്കുള്ള വഴിയിലെ നാഴികക്കല്ലുകളാക്കി ഈ ചെറുപ്പക്കാരൻ. നർത്തകൻ, സ്റ്റൺഡ് പെർഫോർമർ, വയലിനിസ്റ്റ്, മജീഷ്യൻ എന്നിവയ്ക്കു പുറമെ പ്രചോദനാത്മക പ്രഭാഷകൻ കൂടിയാണ് ഷിഹാബ്. കഴിവുകളെ മാറ്റുരച്ചു നോക്കുന്ന ഒരു വേദിയിൽ പങ്കെടുത്ത് ജീവിതപങ്കാളിയെയും സ്വന്തമാക്കിയിരിക്കുന്നു മലപ്പുറം പൂക്കോട്ടൂരിൽനിന്നുള്ള ഈ ചെറുപ്പക്കാരൻ. 

അബൂബക്കറിന്റെയും മെഹ്ജാബിയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെയാളാണ് ഷിഹാബ്. 13 വയസ്സുവരെ സ്കൂളിൽ പോയിട്ടേയില്ല. വീട്ടിൽത്തന്നെ പഠനം നടത്തിയതിനുശേഷം എട്ടാംക്ലാസിൽ വിദ്യാർഥിയായി. പത്താംക്ലാസിൽ 90 ശതമാനം മാർക്ക് നേടി അഭിമാനാർഹമായ വിജയം. പിന്നീടു നർത്തകനായി പേര് എടുക്കുന്നതിനിടെ മഴവിൽ മനോരമയുടെ ‘ഉഗ്രം ഉജ്ജ്വലം’ ഷോയിൽ പങ്കെടുത്തു. അതു ഷിഹാബിന്റെ ജീവിത്തിലെ ഏറ്റവും വലിയ വഴിത്തിരിവുമായി. രാജ്യമെങ്ങുനിന്നും ഒട്ടേറെ ആരാധകരെ ലഭിച്ചതിനൊപ്പം നിരന്തരമായി വിളിച്ച ഒരു പെൺകുട്ടി ഷിഹാബിന്റെ സുഹൃത്തായി–ഷഹാന. ഇപ്പോൾ ജീവിതപങ്കാളിയുമായി. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. അതിശയകരമായ ജീവിതവും പ്രണയവും പോരാട്ടവും നയിച്ച ഷിഹാബിന്റെ കഥ; ഒപ്പം ഷഹാനയുടെ പ്രണയവും.

shihab-shahana-845-3

21 വയസ്സുള്ളപ്പോഴാണ് ഷിഹാബ് ഉഗ്രം ഉജ്ജ്വലം ഷോയിൽ പങ്കെടുക്കുന്നത്. ഇപ്പോഴും യൂ ട്യൂബിൽ ഒട്ടേറെപ്പേർ കാണുന്ന ഷോ. കൈകളും കാലുകളുമില്ലാത്ത ഒരാൾ സ്റ്റൺഡ് ഉൾപ്പെടെ ചെയ്യുന്നതു കണ്ടപ്പോൾ പലർക്കും അത്ഭുതം അടക്കാനായില്ല. പൂർണ ആരോഗ്യവാൻമാർക്കുപോലും ചെയ്യാൻ കഴിയാത്ത പ്രകടനങ്ങളുണ്ട് ആ ഷോയിൽ. അന്നത്തെ പ്രകടനം കണ്ടു വിളിച്ച അനേകരിൽ ഒരാളായിരുന്നു ഷഹാന. 16 വയസ്സുകാരി പെൺകുട്ടി. നിരന്തരം സന്ദേശങ്ങൾ അയച്ചുകൊണ്ടായിരുന്നു ബന്ധത്തിന്റെ തുടക്കം. അന്നൊന്നും വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ചിന്തിക്കാവുന്ന മാനസികാവസ്ഥയിൽ  ആയിരുന്നില്ല ഷിഹാബ്. അതുകൊണ്ടുതന്നെ ഷഹാനയുടെ സന്ദേശങ്ങൾ ആദ്യമൊക്കെ അവഗണിച്ചു. 

shihab-shahana-845-16

പരിമിതികളെ അതിജീവിച്ച ഒരു ചെറുപ്പക്കാരനെ അവഗണിക്കാൻ‌ തനിക്ക് ആയില്ലെന്നു പറയുന്നു ഷഹാന. ഒരിക്കൽ ഷഹാനയുടെ നാട്ടിൽ മാജിക് ഷോ അവതരിപ്പിക്കാൻ ഷിഹാബ് എത്തിയപ്പോൾ അമ്മയോടൊപ്പം നേരിൽകണ്ടു. പ്രണയം തുറന്നുപറഞ്ഞു. വീട്ടിലെ ഒറ്റപ്പെൺകുട്ടിയാണു ഷഹാന. നാലാം വയസ്സിൽ പിതാവു മരിച്ചു. വ്യത്യസ്ത ജോലികൾ ചെയ്തു കഷ്ടപ്പെട്ടാണ് അമ്മ ഷഹാനയെ വളർത്തിവലുതാക്കിയത്. തയ്യൽക്കാരിയും ഡിസൈനറും ബ്യൂട്ടീഷ്യനുമൊക്കെയായി വിവിധ ജോലികൾ. ഷഹാനയുടെ സന്തോഷമായിരുന്നു അമ്മയുടെ ലക്ഷ്യം. ഷിഹാബിനോടുള്ള പ്രണയം അറിഞ്ഞപ്പോഴും മകളെ ഏറ്റവും നന്നായി അറിയുന്ന അമ്മ തടസ്സം പറഞ്ഞില്ല. ബന്ധുക്കളും സുഹൃത്തുക്കളിൽ ചിലരും തടസ്സം പറയുകയും എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും ഷഹാന അവഗണിച്ചു. 

shihab-shahana-845-4

അതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി തിരുവനന്തപുരത്തു വച്ച് വിവാഹാഭ്യർഥനയുമായി മുന്നിൽവന്നപ്പോൾ ആദ്യമൊന്നു പകച്ചു ഷിഹാബ്. പക്ഷേ പിന്നീടു ചിന്തിച്ചു. താൻ ആർക്കുവേണ്ടിയാണു കാത്തിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്. ഇന്നല്ലെങ്കിൽ നാളെ വിവാഹം കഴിക്കണ്ടേ...നാണം കുണുങ്ങിയായ കുട്ടിയാണെങ്കിലും ജീവിതത്തിലെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഷഹാന പ്രദർശിപ്പിച്ച ധീരതയും ദൃ‍ഢനിശ്ചയും ഒടുവിൽ ഷിഹാബിന്റെയും മനസ്സു കീഴടക്കി. 

shihab-shahana-845-13

കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കു പഠിക്കുമ്പോഴാണ് ഷിഹാബ് ഉഗ്രം ഉജ്ജ്വലം ഷോയിൽ പങ്കെടുക്കുന്നത്. പിന്നീടു മജ്യീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സംഘത്തിൽചേർന്നു തിരുവനന്തപുരത്തേക്കു മാറി. അപ്പോഴേക്കും പഠനത്തിന് ഇടവേള കൊടുത്ത് ഷഹാന ഷിഹാബിന്റെ കൂടെക്കൂടി. വേദികളിൽ അനുഗമിച്ചു. ആദ്യനിരയിൽത്തന്നെ ഇരുന്ന് പ്രകടനം പ്രോത്സാഹിപ്പിച്ചു. പിഴവു പറ്റുമ്പോൾ തിരുത്തിയും അസാധാരണ പ്രകടനം വരുമ്പോൾ പിന്തുണച്ചും കൂടെത്തന്നെ നിന്നു. ആ ഒരു വർഷം ഇരുവർക്കും അടുത്തറിയാനുള്ള അവസരമായിരുന്നു. ഇപ്പോൾ 19 വയസ്സാണു ഷഹാനയ്ക്ക്. അടുത്തവർഷം തന്നെ കോളജിൽ തിരിച്ചുപോയി പഠനം തുടരാനാണു തീരുമാനം. ഡോക്ടറേറ്റ് എടുക്കുകയാണു മോഹം. 

shihab-shahana-845-6

ഇന്ത്യയിൽ പല സ്ഥലങ്ങളിലായി 700 വേദികളിൽ പ്രസംഗിച്ചുകഴിഞ്ഞു ഷിഹാബ്. ഏതെങ്കിലും ഒരു കുറവ് ഒരിക്കലും ഒരു പരിമിതിയല്ലെന്നു തെളിയിക്കുകയാണു ഷിഹാബിന്റെ ലക്ഷ്യം. അവസരങ്ങൾ എവിടെയുമുണ്ട്. നിരന്തരമായി പരിശീലിക്കുകയും അധ്വാനിക്കുകയും മാത്രമാണു വേണ്ടത്. ഫലം താനേ വരും. ആഗ്രഹിച്ചാൽ നേടാനാകാത്ത ഒന്നുമില്ല ഈ ലോകത്ത് എന്നു തെളിയിക്കുകയാണ് ഷിഹാബ് ജീവിതത്തിലൂടെ എന്നാണു ഷഹാനയുടെ അഭിപ്രായം. ഷിഹാബിന്റെ അസാധാരണമെന്നു തോന്നാവുന്ന ഒരോ പ്രവൃത്തിയും ഒരു സന്ദേശമാണ്. പരിമിതികളെ അതിജീവിക്കാനാവുമെന്ന സന്ദേശം. 

shihab-shahana-845-14

ഷിഹാബിന്റെ മനസ്സു വായിക്കാനുള്ള കഴിവുണ്ട് ഇപ്പോൾ ഷഹാനയ്ക്ക്. കൈകളില്ലാത്ത യുവാവിന്റെ കൈകളാണ് ഇന്ന് ആ പെൺകുട്ടി. കാലുകളും. ഷിഹാബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്നാഗ്രഹിക്കുമ്പോഴേക്കും ഷഹാന വെള്ളവുമായെത്തിയിരിക്കും. അത്രമാത്രം ഐക്യവും പൊരുത്തവുമാണ് അവരുടെ ജീവിതം. പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് ഷിഹാബ്.  പക്ഷേ അപ്പോൾപ്പോലും വെറുക്കാതെ കൂടെ നിൽക്കാൻ ഷഹാനയുണ്ട് കൂടെ. വയലിൻ ഏറെയിഷ്ടമാണ് ഷഹാനയ്ക്ക്. ലോകം അറിയുന്ന വയലിനിസ്റ്റ് ആകുന്നത് ഏറ്റവും വലിയ മോഹവും. ഇപ്പോൾ ഷിഹാബിൽനിന്നും വയലിനിൽ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നുണ്ട്. അധികം താമസിയാതെ ഇരുവരും ഒരുമിച്ചു വയലിൻ പ്രോഗാം നടത്താനുള്ള ഒരുക്കത്തിലുമാണ്. 

കൈകളോ കാലുകളോ ഇല്ലാത്ത അവസ്ഥയല്ല വൈകല്യം. ആഗ്രഹം ഇല്ലാത്ത അവസ്ഥയാണ്. പരിമിതികൾ തിരിച്ചറിയണം. ഒരോ ചുവടു മുന്നോട്ടുവയ്ക്കുമ്പോഴും അവയെക്കുറിച്ചുള്ള ബോധം ഉണ്ടാകണം. പരിമിതികളെ ശക്തിയാക്കി മാറ്റുകയും വേണം. പ്രചോദിപ്പിക്കുക. ഒപ്പം പ്രചോദനം നേടുക. ജീവിക്കുക. ഒപ്പം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക. സഹായിക്കുക. അദ്ഭുതങ്ങൾക്കുവേണ്ടി കാത്തിരിക്കാതെ, സ്വയമൊരു അദ്ഭുതമായി മാറുക– പുതിയ തലമുറയ്ക്ക് ഷിഹാബിന്റെ സന്ദേശം. ജീവിതത്തിലെ ആഗ്രഹങ്ങളെ നിരന്തരം പിന്തുടരുക – ഷഹാനയും തന്റെ സന്ദേശം പങ്കുവയ്ക്കുന്നു.