Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം രണ്ടുമാസം; വിശപ്പ് ശീലിച്ച് അഞ്ചുദിവസം

alappuzha-MOTHER-CHILD ഈ ചിരിയാണു കുഞ്ഞേ, കരുത്തായത്...ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടുത്തിയ അഖില, രണ്ടു മാസം പ്രായമായ മകൻ ആരവിന്റെ ചിരി കണ്ടു വിതുമ്പുന്നു. അഞ്ചു ദിവസമായി വീട്ടിൽ അകപ്പെട്ട ഈ അമ്മയെയും മകനെയും അച്ഛൻ അരുണിന്റെ നേതൃത്വത്തിൽ മൂന്നാം തവണത്തെ ശ്രമത്തിലാണു രക്ഷിക്കാൻ കഴിഞ്ഞത്. ഭക്ഷണം പോലുമില്ലാതെ കഴിയുകയായിരുന്നു അഖില. മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിനും ഈ ദിവസങ്ങളിൽ പട്ടിണിയുടെ രുചി അറിയേണ്ടിവന്നു. ചിത്രം: ആർ.എസ്. ഗോപൻ മനോരമ.

ചെങ്ങന്നൂർ ∙ രണ്ടു മാസത്തെ ജീവിതം പിന്നിട്ടപ്പോൾ അഞ്ചു ദിവസം വെള്ളത്തിന്റെ വെല്ലുവിളി. മുലപ്പാൽ നൽകേണ്ട അമ്മ ദിവസങ്ങളായി പട്ടിണി. രക്ഷിക്കാനെത്തിയ അച്ഛനെ രണ്ടു വട്ടം വെള്ളം വഴിയിൽ തടഞ്ഞു. എല്ലാം അതിജീവിച്ച് ആരവ് ഇതാ രക്ഷയുടെ കരയിൽ. പലരുടെ നെടുവീർപ്പുകൾക്കിടയിൽ അവന്റെ പാൽപ്പുഞ്ചിരി. അമ്മയുടെ കയ്യിൽ, കമ്പിളിയുടെ ഇളംചൂടിലിരുന്ന ആരവിന്റെ ചിരി അമ്മ അഖിലയെ കരയിച്ചു. തിരുവൻവണ്ടൂർ അനിതാലയത്തിൽ അഖില പ്രസവത്തിനായി തിരുവനന്തപുരം കണിയാപുരത്തെ ഭർത്താവ് അരുണിന്റെ വീട്ടിൽ നിന്നു തിരുവൻവണ്ടൂരിലെത്തിയതാണ്.

തിരിച്ചുപോക്ക് പ്രളയം തടഞ്ഞു. അഞ്ചു ദിവസമായി വീട്ടിൽ കുടുങ്ങിയിട്ട്. അമ്മ അനിതയും അനുജത്തി അനിലയും അമ്മൂമ്മ അമ്മിണിയും മറ്റു കുറേപ്പേരും ഒപ്പം. ആരവ് മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞാണ്. പക്ഷേ, ദിവസങ്ങളായി അമ്മ പട്ടിണിയാണ്. അമ്മയെ അശക്തയാക്കി കുഞ്ഞ് ഇടയ്ക്കു നിർത്താതെ കരഞ്ഞു. ഭാഗ്യം, ആരവിന് അസുഖമൊന്നും വന്നില്ല. തണുപ്പു പേടിച്ച് അവനെ കുളിപ്പിച്ചിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളം ജീവനക്കാരനാണ് അരുൺ. അഖിലയും ആരവും അകപ്പെട്ട ധർമസങ്കടത്തിലേക്ക് ഓടിയെത്താൻ അരുൺ ശ്രമിച്ചുകൊണ്ടേയിരുന്നു. ആദ്യം എത്തിയപ്പോൾ കല്ലിശേരി കടന്നുപോകാൻ കഴിയാത്ത വെള്ളക്കെട്ട്

അടുത്ത ദിവസം പന്തളത്തു വച്ചുതന്നെ യാത്ര മുടങ്ങി. ഇന്നലെ ആറ്റുവെള്ളം വലിഞ്ഞുതുടങ്ങിയപ്പോഴാണു രക്ഷാപ്രവർത്തകർക്കൊപ്പം അരുണും ജ്യേഷ്ഠൻ കിരണും ഉറ്റവർ തടവിലായ വെള്ളം കടന്നുചെന്നത്. രക്ഷയുടെ കരയിലേക്കു നെഞ്ചറ്റം വെള്ളത്തിലൂടെയായിരുന്നു യാത്ര. ആരവിനെ ഉയർത്തിപ്പിടിച്ചും ബോട്ടിൽ കിടത്തിയും കരപറ്റി. പിന്നെ, നനഞ്ഞ ഒരുപാടു ജീവിതങ്ങൾക്കൊപ്പം ടിപ്പറിൽ അവരും ഇടം കണ്ടു. എംസി റോഡിലിറങ്ങി കണിയാപുരത്തേക്കു പുറപ്പെടാനൊരുങ്ങുമ്പോൾ ആരവ് ചിരിച്ചു കൊണ്ടേയിരുന്നു. അവനറിയില്ല, എത്ര വലിയ ദുരന്തമാണു നീന്തിക്കടന്നതെന്ന്. ആരവ് മുതിരുമ്പോൾ അവനെ കരുത്തനാക്കാൻ അരുണും അഖിലയും ആ കഥ പറഞ്ഞു കൊടുക്കട്ടെ.