ഭർത്താവുമൊത്തു നേഹ റാംപിലെത്തി; പാപ്പരാസികളുടെ സംശയത്തിന് മറുപടി കിട്ടി

ഭർത്താവിന്റെ കൈപിടിച്ച് ലാക്മേ ഫാഷൻ വീക്കിൽ ബോളിവുഡ് താരം നേഹ ധൂപിയ ചുവടുവച്ചപ്പോൾ കള്ളക്കഥകൾ പറഞ്ഞു പരത്തിയ പാപ്പരാസികളിൽ പലർക്കും ഉത്തരം മുട്ടിപ്പോയി. ഇക്കഴിഞ്ഞ മെയിലാണ് അംഗദ് ബേദിയും നേഹ ധൂപിയയും ഡൽഹിയിൽവച്ച് വിവാഹിതരായത്. നേഹ ഗർഭിണിയായതുകൊണ്ടാണ് പെട്ടന്നുള്ള വിവാഹം എന്ന തരത്തിലായിരുന്നു വ്യാജവാർത്തകൾ പരന്നത്. വാർത്തക്കെതിരെ നേഹയുടെ അച്ഛനുൾപ്പടെയുള്ളവർ രംഗത്തു വന്നിരുന്നു.

അംഗദും വാർത്തയെ നിഷേധിച്ചിരുന്നു. എന്നാൽ വ്യാജവാർത്തയോട് വളരെ കൂളായിട്ടായിരുന്നു നേഹയുടെ പ്രതികരണം. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നതിനെക്കുറിച്ച് തനിക്ക് വേവലാതിയില്ലെന്നും  പറ്റുന്ന കാലത്തോളം ആരോഗ്യത്തോടെ, ചെയ്യുന്ന ജോലിയോട് ബഹുമാനത്തോടെയിരിക്കുകയെന്നതും വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും സമനിലയിൽ കൊണ്ടുപോകുകയെന്നതാണ് പ്രധാനമെന്നും അതു സ്ത്രീകളേക്കാൾ നന്നായി മറ്റാർക്കും കഴയില്ലെന്നും നേഹ പറഞ്ഞിരുന്നു.

പിന്നീട് റൂമറുകൾ സത്യമായപ്പോൾ എന്ന അടിക്കുറിപ്പോടെയാണ്  നേഹഗർഭിണിയാണെന്ന വാർത്ത നേഹയുടെ ഭർത്താവ് പങ്കുവച്ചത്. ഭർത്താവിനൊപ്പമുള്ള ചിത്രത്തിൽ വയറിൽ കൈചേർത്തുവെച്ചുകൊണ്ടാണ് നേഹ പോസ് ചെയ്തത്. ഗർഭിണിയാണെന്ന് പരസ്യപ്പെടുത്തുന്നതിന് മുമ്പ് തന്റെ വസ്ത്രധാരണത്തെയും ശരീരഭാരം കൂടുന്നതിനെയും ആളുകൾ വിമർശിച്ചിരുന്നെന്നും നേഹ വെളിപ്പെടുത്തി. എന്തിനാണ് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത്?, എന്താണിങ്ങനെ ശരീരഭാരം കൂടുന്നത് എന്നൊക്കെയായിരുന്നു പലരുടെയും സംശയമെന്നും നേഹ പറയുന്നു.

ഗർഭിണിയാണെന്നു കരുതി ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തയാറല്ലെന്നും ഒരു ഛായാഗ്രാഹക ഗർഭത്തിന്റെ എട്ടാംമാസവും ജോലിചെയ്യുന്ന വാർത്ത അടുത്തിടെ വായിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും നേഹ പറയുന്നു.