ഇഷ്ടപ്പെട്ട പുരുഷനിൽ സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങൾ

ഇഷ്ടപ്പെട്ട പുരുഷനെ കണ്ടെത്തുക എന്നത് സ്ത്രീയെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. മാര്യേജ് കൗണ്‍സിലര്‍, ഫാമിലി തെറാപ്പിസ്റ്റ് തുടങ്ങിയവര്‍ പറയുന്നത്  എല്ലാ സ്ത്രീകളും പുരുഷന്മാരില്‍ നിന്ന്  ചില അടിസ്ഥാന ഗുണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ്. ഈ ഗുണങ്ങള്‍ ഉളള ഒരുപുരുഷനെയാണ് അവര്‍ക്ക് സ്നേഹിക്കുന്നത്.അവനൊപ്പം ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഏതൊക്കെയാണ് പുരുഷനില്‍ ഉണ്ടാവണമെന്ന്  സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍? 

പരസ്പരം നല്ല കെമിസ്ട്രിയുണ്ടാകണം

ഏതൊരു ബന്ധവും മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ആ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തമ്മില്‍ ഒരു കെമിസ്ട്രി ഉണ്ടായിരിക്കണം. ഈ വ്യക്തിയുമായി സംസാരിക്കുമ്പോള്‍ എനര്‍ജി ഫീല്‍ ചെയ്യുന്നുണ്ടോ, സംസാരിച്ചിരിക്കാന്‍ സന്തോഷം തോന്നുന്നുണ്ടോ ഇങ്ങനെയൊരു ചിന്ത ഏതുബന്ധത്തിന്റെയും അടിസ്ഥാനമാണ്. ദാമ്പത്യബന്ധത്തിലും അങ്ങനെ തന്നെ. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ആദ്യം തന്നെ ബന്ധം മെച്ചപ്പെടുത്താൻ പരസ്പരം സഹായിക്കുക എന്നിട്ടും പരസ്പരം സ്നേഹിക്കുവാനും സഹകരിക്കുവാനും മനസ്സിലാക്കാനും കഴിയുന്നില്ലെങ്കിൽ പരസ്പരസമ്മതത്തോടെ ആ ബന്ധം അവസാനിപ്പിക്കുക. പകരം ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ ആ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുക. സംസാരിച്ചിരിക്കുമ്പോള്‍ പോലും സന്തോഷം അനുഭവപ്പെടാത്ത ബന്ധങ്ങള്‍ ഏറെ മാനസീകബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് ഓർക്കുക.

തുറന്ന മനോഭാവം

മനസ്സു തുറന്നു സംസാരിക്കാത്ത, വികാരങ്ങൾ പ്രകടിപ്പിക്കാത്ത പങ്കാളികളുമായി പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് പൊതുവെ പ്രയാസമാണ്. പുരുഷന്റെ പുറംമോടിയോ സൗന്ദര്യമോ അവരെ അത്രയൊന്നും സ്വാധീനിക്കാറില്ല. തുറന്ന പെരുമാറ്റവും വിശ്വാസ്യതയുമാണ് സ്ത്രീകൾ ഇഷ്ടപ്പെട്ട പുരുഷന്മാരിൽ തേടുന്ന ഗുണങ്ങൾ. അടുപ്പം തോന്നാത്ത ഒരു പുരുഷനുമൊത്ത് ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീ ആഗ്രഹിക്കുന്നില്ല. 

സ്ഥിരത

മൂന്നുതരത്തിലുള്ള സ്ഥിരതയാണ് പുരുഷനില്‍ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത്. ഒന്ന് വൈകാരികമായ സ്ഥിരത, രണ്ട് സാമ്പത്തിക സ്ഥിരത, മൂന്ന് ബന്ധങ്ങളിലുള്ള സ്ഥിരത. ചിലപ്പോള്‍ ചില പുരുഷന്മാര്‍ക്ക് സാമ്പത്തിക സ്ഥിരതയുണ്ടായിരിക്കാം. എന്നാല്‍ ബന്ധങ്ങളില്‍ സ്ഥിരത ഉണ്ടായിരിക്കുകയില്ല. അത്തരക്കാര്‍ക്ക് കുടുംബം, മക്കള്‍ എന്നെല്ലാമുള്ള വ്യവസ്ഥിതിയിൽ നീതിപുലര്‍ത്താന്‍ കഴിയണമെന്നില്ല.

തുല്യതാ മനോഭാവം

തനിക്ക് തുല്യത കൽപിക്കുന്ന പുരുഷനെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. മേധാവിത്വം പ്രകടിപ്പിക്കുന്ന പുരുഷനെ അംഗീകരിക്കാനും സ്നേഹിക്കാനും സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ട്.

സ്വാധീനിക്കാന്‍ കഴിവുണ്ടായിരിക്കണം

തന്നെ സ്വാധീനിക്കാന്‍ പുരുഷന് കഴിവുണ്ടായിരിക്കണം എന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇതൊരിക്കലും തന്നെ മാറ്റിയെടുക്കുന്ന വിധത്തിലായിരിക്കുകയുമരുത്. തന്റെ വൈകാരികമായ ആവശ്യങ്ങളെ പുരുഷന്‍ പരിഗണിക്കണമെന്ന് സ്ത്രീ ആഗ്രഹിക്കുന്നുണ്ട്.

വൈകാരികമായ സാന്നിധ്യമുണ്ടായിരിക്കണം

തന്റെ ജീവിതത്തിന്റെ നിര്‍ണ്ണായകമായ പ്രതിസന്ധികളിലും സാഹചര്യങ്ങളിലും വൈകാരികമായ സാന്നിധ്യം നൽകി കൂടെയുണ്ടാവുന്ന പുരുഷനെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. എത്ര വിഷമകരമായ സാഹചര്യങ്ങളിൽക്കൂടി കടന്നുപോകേണ്ടി വന്നാലും തന്നെക്കുറിച്ച് താൻ സ്നേഹിക്കുന്ന പുരുഷൻ ചിന്തിക്കുന്നുണ്ടെന്ന ബോധ്യം സ്ത്രീകൾക്ക് കൂടുതൽ മനക്കരുത്ത് നൽകും. തനിക്ക് കരുതലും വൈകാരിക പിന്തുണയും നൽകുന്ന പങ്കാളിയെയാണ് സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുക.

സംരക്ഷണം

കൂടെയുള്ളപ്പോൾ താൻ സുരക്ഷിതയാണ് എന്ന് തോന്നിപ്പിക്കുന്ന പുരുഷന്മാരുടെ സാന്നിധ്യം സ്ത്രീകൾ ആഗ്രഹിക്കാറുണ്ട്.  സ്നേഹിക്കുന്ന പുരുഷൻ അടുത്തുള്ളപ്പോഴും അകലെയായിരിക്കുമ്പോഴും അവരുടെ സ്നേഹത്തണലിൽ തനിക്ക് ആപത്തൊന്നുമുണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പലപ്പോഴും സ്ത്രീകൾ ജീവിക്കുന്നത്.

അംഗീകാരം

സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്നെ മാറ്റിയെടുക്കുന്ന പങ്കാളിയെ സ്ത്രീകൾ ആഗ്രഹിക്കുന്നില്ല. കഴിവുകളും കുറവുകളും മനസ്സിലാക്കി തന്നെ അംഗീകരിക്കുന്ന പുരഷനെയാണ് അവർ സ്നേഹിക്കുന്നത്. നീ ശരിയല്ല ഞാന്‍ മാത്രമാണ് ശരിയെന്ന് ശഠിക്കുന്ന പുരുഷനെ സഹിക്കാനും സ്ത്രീകൾക്ക് ബുദ്ധിമുട്ടാണ്

അഹംഭാവിയായിരിക്കരുത്

അഹംഭാവവും സ്വാർഥതയുമുള്ള പുരുഷന്മാരെ പൊതുവെ സ്ത്രീകളിഷ്ടപ്പെടുന്നില്ല‍. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പങ്കാളിക്കും ആവശ്യമില്ല എന്ന് ചില പുരുഷന്മാർ ചിന്തിക്കാറുണ്ട്. അങ്ങനെയുള്ളവരെ സഹിക്കാൻ ഒട്ടുമിക്ക സ്ത്രീകളും തയാറല്ല. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്നു മനസ്സിലാക്കി തങ്ങളെക്കൂടി പരിഗണിക്കാൻ തയാറാകുന്ന പുരുഷന്മാരെയാണ് സ്ത്രീകൾക്കിഷ്ടം.