13 വയസ്സിൽ ആത്മഹത്യയ്ക്കു ശ്രമിച്ച മകളെക്കുറിച്ച് മഹേഷ്ഭട്ട്; ആലിയയുടെ സഹോദരിക്ക് സംഭവിച്ചത്?

ഷഹീൻ, മഹേഷ്ഭട്ട്, ആലിയ

കൗമാരപ്രായത്തിൽ തന്നെ തന്റെ മകൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നു വെളിപ്പെടുത്തുകയാണ്  ബോളിവുഡിലെ അറിയപ്പെടുന്ന ചലച്ചിത്രകാരൻ മഹേഷ് ഭട്ട്. തന്റെ മൂത്ത മകൾ ഷഹീനാണ് വിഷാദരോഗത്തിന്റെ അടിമയായി ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഈ വർഷമാദ്യം തന്റെ വിഷാദരോഗത്തെക്കുറിച്ചു ഷഹീൻ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണു പിതാവു മഹേഷ് ഭട്ട് അക്കാര്യം സ്ഥിതീകരിക്കുന്നതും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതും. 16–ാം വയസ്സിൽ എന്റെ മകൾ ഷഹീൻ ഒരു വസ്തുത തിരിച്ചറിഞ്ഞു– മാരക വിഷാദരോഗത്തിന്റെ അടിമയാണെന്ന്. 12–13 വയസ്സുള്ളപ്പോൾ തന്നെ മകൾ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചിരുന്നത്രേ. അലിയ ഭട്ടിന്റെ മൂത്ത സഹോദരിയായ ഷഹീൻ അക്കാലത്തൊക്കെ ഈ രോഗത്തിന്റെ ദുരിതഫലങ്ങളും വലിയതോതിൽ അനുഭവിച്ചിരുന്നത്രേ. 

ഇതൊരു വെളിപ്പെടുത്തലോ കുറ്റസമ്മതമോ അല്ല. 12–13 വയസ്സുമുതൽ ഞാൻ വിഷാദരോഗത്തിന്റെ അടിമയാണ്. എന്നെ അറിയുന്നവർക്കൊക്കെ ഈ വസ്തുത അറിയാം. രോഗം മറച്ചുവയ്ക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. രോഗിയാണെന്നു പറയുന്നതിൽ എനിക്കു നാണക്കേടോ അസ്വസ്ഥതയോ ഇല്ലതാനും. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണു വിഷാദം. ആ രോഗവും. ചില ദിവസങ്ങളിൽ ഞാൻ സാധാരണനിലയിലായിരിക്കും. ചിലപ്പോൾ അസ്വസ്ഥയും. സന്തോഷത്തോടെ ഇരിക്കുന്ന നിമിഷത്തിനു തൊട്ടടുത്ത നിമിഷം തലയിലെ വെളിച്ചമെല്ലാം ആരോ കെടുത്തിയതുപോലെ പെട്ടെന്നു തോന്നും. ഞാൻ മൗനത്തിലേക്കു പിൻവലിയും. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലുമാവില്ല. ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുനിൽക്കും. മറ്റുചിലപ്പോൾ ദിവസങ്ങൾ തന്നെ– ഷഹീൻ പറയുന്നു. 

സിനിമാ വ്യവസായത്തിലും വ്യാപകമാണു വിഷാദരോഗം. ഒരിക്കൽ ഒരു പെൺകുട്ടി ജോലി അന്വേഷിച്ചുവന്നു. ആ കുട്ടിയോടൊപ്പം ജോലി ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. പിന്നീടു കണ്ടത് ആ കുട്ടിയുടെ മൃതദേഹം. അതേ, ബോളിവുഡിൽ ഇങ്ങനെയും സംഭവിക്കാറുണ്ട്– മഹേഷ് ഭട്ട് പറഞ്ഞു. 

വിഷാദരോഗത്തെ താൻ നേരിട്ടതിനെക്കുറിച്ച് ഷഹീൻ ഒരു പുസ്തകം തന്നെ എഴുതുന്നുണ്ട്. ബോളിവുഡിൽ ഇതാദ്യമല്ല വിഷാദരോഗം ചർച്ച ചെയ്യപ്പെടുന്നത്. ദീപിക പദുക്കോൺ, കരൺ ജോഹർ എന്നിവർ മുമ്പ് തങ്ങൾ എങ്ങനെയാണ് രോഗത്തെ നേരിട്ടതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ദീപിക വിഷാദരോഗത്തിന്റെ ഇരകളെ സഹായിക്കാൻ ഒരു സംഘടനയും സ്ഥാപിച്ചിട്ടുണ്ട്.