ഐഎഎസ് ദമ്പതികളുടെ പ്രണയത്തെ പരിഹസിച്ചവർ കാണണം ഈ ചിത്രങ്ങൾ

ഐഎഎസ് റാങ്ക് ഹോൾഡേഴ്സ് ആയ രണ്ടു പ്രണയികൾ വിവാഹം കഴിച്ചപ്പോൾ അന്നത് വലിയ വാർത്തയായിരുന്നു. അതുപക്ഷേ ഒരു പോസിറ്റീവ് വാർത്തയായിരുന്നില്ല. പരസ്പരം പ്രണയിക്കുന്നവരുടെ ജാതിയും മതവും ചർച്ച ചെയ്ത് അവരുടെ പ്രണയത്തിന് മറ്റൊരു വ്യാഖ്യാനം നൽകാനാണ് അവരെ വിമർശിച്ചവർ മുന്നിട്ടു നിന്നത്.

2015 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ടിന ടാബിയുടെയും രണ്ടാം റാങ്ക് നേടിയ അത്തർഖാന്റെയും പ്രണയവും വിവാഹവുമാണ് ഏറെ ചർച്ചയായത്. മസൂറയിലെ ഐഎഎസ് പരിശീലനത്തിനൊടുവിലാണ് ഇവർ പ്രണയത്തിലായത്. എന്നാൽ മതവും ജാതിയും ഉൾപ്പടെ ഒരുപാടു പ്രതിബന്ധങ്ങളെ താണ്ടിയാണ് ഇവർ ഒന്നിക്കാൻ തീരുമാനിച്ചത്.

രണ്ടു വിഭാഗതത്തിൽ നിന്നുള്ള മതനേതാക്കളുടെ ഭീഷണിയും ഇവർക്കു നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ഏപ്രിലിൽ അവർ വിവാഹിതരായി. ആറുമാസങ്ങൾക്കുശേഷം അവർ വീണ്ടും മാധ്യമങ്ങളിൽ ഇടംപിടിച്ചത് സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ്. ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആഗ്രാ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. താജ്മഹലിനു മുന്നിലിരുന്ന് പോസ് ചെയ്യുന്ന ടിനയുടെയും അത്തർഖാന്റെയും പ്രണയചിത്രങ്ങൾക്ക് അവരുടെ പ്രണയത്തെ സംശയിച്ചവരോട് ഒരുപാട് പറയാനുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ആളുകൾ ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.