ഒന്നിച്ചു ജനിച്ചു, പഠിച്ചു,പരീക്ഷയെഴുതി, ഇപ്പോൾ ഡോക്‌ടറേറ്റ് ഒന്നിച്ചുനേടി

മീനുവും മീരയും മാതാപിതാക്കളായ രാജേന്ദ്രനും മായയ്ക്കുമൊപ്പം.

കൊച്ചി ∙ ഇടപ്പള്ളി മാമംഗലം സ്വദേശി രാജേന്ദ്രന്റെയും മായയുടെയും മക്കളായ ബി. മീനുവും ബി. മീരയും ജോലിക്കുവേണ്ടി അപേക്ഷിക്കുന്നതിനു മുൻപേ ചോദിക്കുക, രണ്ട് ഒഴിവുണ്ടോയെന്നാണ്. ഉണ്ടെങ്കിൽ മാത്രമേ  അപേക്ഷ നൽകൂ. കാരണം ഈ ഇരട്ടകൾ ഇതുവരെ പിരിഞ്ഞിട്ടേയില്ല.

പഠനത്തിൽ പിരിയാത്തവർക്ക്, ജോലിയിലും വേർപിരിയാൻ താൽപര്യമില്ല.കഴിഞ്ഞ ദിവസം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ മീരയും മീനുവും താൽപര്യങ്ങളിലും ഇഷ്ടങ്ങളിലും വ്യത്യാസമില്ലാത്ത ഇരട്ടകളാണ്. ചെറുപ്പത്തിൽ ഇരട്ടക്കുട്ടികൾ ഒരേ വസ്ത്രങ്ങളണിഞ്ഞു നടന്നാലും വലുതാകുമ്പോൾ താൽപര്യങ്ങൾ മാറുകയാണു പതിവ്. 

എന്നാൽ മീരയുടെയും മീനുവിന്റെയും ഇഷ്ടങ്ങൾ അന്നും ഇന്നും ഒരുപോലെയാണ്. പ്ലസ്ടു കഴിഞ്ഞപ്പോൾ രണ്ടുപേർക്കും താൽപര്യം ഇംഗ്ലിഷിൽ ബിരുദമെടുക്കണമെന്നായിരുന്നു. മാർക്കിലും വലിയ വ്യത്യാസമില്ലാത്തതിനാൽ സെന്റ് തെരേസാസ് കോളജിൽ ചേർന്നു. സെൻട്രൽ യൂണിവേഴ്സിറ്റി പിജി ഇരുവർക്കും താൽപര്യമുണ്ടായിരുന്നു. എൻട്രൻസ് റാങ്കിൽ തൊട്ടടുത്തെത്തിയതിനാൽ അവിടെയും ഒന്നിച്ചു. എംഫിൽ ചെയ്തതും ഒന്നിച്ച്. നെറ്റ്, ജെആർഎഫ് പരീക്ഷകളിൽ വിജയിച്ചതും ഒരേ വർഷം.

എംഫിൽ കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ സെന്റ് തെരേസാസ് കോളജിൽ ഇരുവരും ജോലിക്കു കയറി. അതിനുശേഷം കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിലും ഒന്നിച്ചു ജോലി ചെയ്തു. ഇപ്പോൾ അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിൽ അസി. പ്രഫസർമാരാണ് ഇരുവരും. ഇപ്പോഴും ഒരേ പാറ്റേണിലുള്ള വസ്ത്രങ്ങൾ ധരിച്ചാണു മീനുവും മീരയും കോളജിൽ പോകുന്നത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമേ ആദ്യ കാഴ്ചയിൽ തിരിച്ചറിയാനാകൂ.