ആ സ്നേഹം അച്ഛൻ മുതലെടുത്തു; ദുരഭിമാനക്കൊല ആസൂത്രണം ചെയ്തതിങ്ങനെ

കുടുംബക്കാരെ വെറുപ്പിച്ച് കല്യാണം കഴിക്കുന്ന പല ദമ്പതികളും ആശ്വസിക്കുന്നത് ഒരു കുഞ്ഞുണ്ടാവുന്നതോടു കൂടി എല്ലാ പ്രശ്നങ്ങളും തീരുമെന്നാണ്. തങ്ങളെ എത്ര വെറുത്താലും പേരക്കുട്ടികളുടെ നിഷ്കളങ്കമായ ചിരിയിൽ ഇരുകുടുംബങ്ങുടെയും എല്ലാ പകയും അലിഞ്ഞില്ലാതാകുമെന്നാണ്. ഒരു പക്ഷേ  തെലങ്കാനയിൽ ദുരഭിമാനക്കൊലക്കിരയായ പ്രണയ്‌യുടെ ഭാര്യ അമൃത വർഷിണിയും അങ്ങനെയൊക്കെത്തന്നെ വിശ്വസിച്ചിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം അമ്മയാകാൻ പോകുന്ന വിവരമുൾപ്പടെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും അവൾ നിത്യവും അമ്മയെ വിളിച്ചറിച്ചത്.

പക്ഷേ അമ്മയുടെയും മകളുടെയും സ്നേഹബന്ധത്തെപ്പോലും കൊലപാതകം ആസൂത്രണം ചെയ്യാനായിട്ടുള്ള ഒരു ഉപാധിയായിട്ടാണ് അമൃതവർഷിണിയുടെ അച്ഛൻ മാരുതി റാവു കണ്ടത്. മകളിൽ നിന്നറിയുന്ന സന്തോഷവാർത്തകളെല്ലാം വള്ളിപുള്ളിവിടാതെ ഭർത്താവിനോട് വിശദീകരിച്ചിരുന്നു അമൃതയുടെ അമ്മ. മകൾ സന്തോഷത്തോടെ ജീവിക്കുന്നതു കണ്ട അമ്മയുടെ ആഹ്ലാദപ്രകടനത്തെ ചൂഷണം ചെയ്തുകൊണ്ട് മകളുടെ ഭർത്താവിനെ എങ്ങനെ കൊല്ലണമെന്ന് പദ്ധതിയിടുകയായിരുന്നു മാരുതി റാവുവെന്നാണ് പൊലീസ് പറയുന്നത്.

വീട്ടുകാരെ എതിർത്തുകൊണ്ട് താഴ്ന്ന സമുദായത്തിൽപ്പെട്ട പ്രണയ്‌യെ അമൃത വിവാഹം കഴിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. ഇതിനിടയിൽ പലവട്ടം ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ തിരിച്ചെത്തണമെന്ന് അമൃതയുടെ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഗർഭഛിദ്രം ചെയ്ത് വീട്ടിലേക്ക് തിരികെയെത്താനായിരുന്നു മാരുതി റാവുവിന്റെ ഭീഷണി. 

അമൃതയും അമ്മയും അറിയാതെയാണ് മാരുതി റാവു പ്രണയ്‌യെ കൊല്ലാനുള്ള പദ്ധതി തയാറാക്കിയത്. അമൃതയുടെയും പ്രണയ്‌യുടെയും എല്ലാക്കാര്യങ്ങളും അമൃതയുടെ അമ്മയിലൂടെ ശേഖരിച്ചു. അമൃതയുടെ ചെക്കപ്പിനായി ആശുപത്രിയിൽ പോകുന്ന കാര്യവും അമൃതയുടെ അമ്മ വഴി മനസ്സിലാക്കിയ ശേഷമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ആശുപത്രിയിൽ നിന്ന് മടങ്ങും വഴി ഗർഭിണിയായ അമൃതയുടെ കൺമുന്നിലിട്ട് പ്രണയ്‌യെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.