'അന്ന് ബാലുച്ചേട്ടൻ മകളെക്കുറിച്ച് പറഞ്ഞത്': കണ്ണീർനനവുള്ള കുറിപ്പ്

കേരളം ഒന്നാകെ കണ്ണീരോടെ വായിച്ച ഒരു അപകടവാർത്തയ്ക്കു പിന്നാലെ ഉള്ളുലയ്ക്കുന്ന ഒരു ഫെയ്സ്ബുക്ക് കുറിപ്പുമായെത്തിയിരിക്കുകയാണ് ആർ.ജെ ഫിറോസ്. വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞുകൊണ്ടു ഫിറോസ് പങ്കുവച്ച കുറിപ്പ് കണ്ണീരോടെ അല്ലാതെ വായിച്ചു തീർക്കാനാവില്ല.

 കഴിഞ്ഞ ദിവസം രാവിലെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്കറിനും കുടുംബത്തിനും അപകടംസംഭവിച്ചത്. അപകടത്തിൽ  ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി മരണപ്പെടുകയും ബാലഭാസ്കറിനും ഭാര്യയ്ക്കും സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഫിറോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

'കോളജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു. റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്നേഹമാണ് ഇപ്പോൾ ബോധം മറഞ്ഞ് ,16 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത്.

വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകടനില തരണംചെയ്തു .ബാലുച്ചേട്ടൻ സ്‌പൈനൽ കോഡിന് ഇൻച്വറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ.

സർജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാംപുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തുചെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോർക്കുന്നു. നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി മനസ്സിലെ നോവായി. കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ആകെ സങ്കടം ,ആധി.എത്രയും വേഗം ഭേദമാകട്ടെ'.