Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പ്രണയകഥ മറക്കാനാവാതെ ആരാധകർ; ഇനി ലക്ഷ്മി തനിച്ച്

Balabhaskar-family-photo

പുലർകാലത്തു കണ്ട ഒരു ദുസ്വപ്നം മാത്രമാകണേയെന്ന പ്രാർഥനയോടെയാണ് ഓരോ മലയാളിയും ആദ്യം ആ ദുരന്ത വാർത്തയെ കേട്ടത്.ശേഷം നിറഞ്ഞ കണ്ണുകളോടെ, ഉരുകുന്ന ഹൃദയത്തോടെ ആ വാർത്ത സത്യമാണെന്ന് അവർ മനസ്സിനെ പാടുപെട്ടു വിശ്വസിപ്പിച്ചു. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണവാർത്തയെ ഇനിയും ഉൾക്കൊള്ളാൻ ആരാധകർക്കു കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 25 ലെ ശപിക്കപ്പെട്ട ഒരു വെളുപ്പാൻ കാലത്താണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം പുലർച്ചെ നാലരയ്ക്കു സംഭവിച്ച അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല മരിച്ചിരുന്നു.

സാരമായ പരുക്കേറ്റ ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ബന്ധുവും ഡ്രൈവറുമായ അർജുനും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാലഭാസ്കർ ജീവിതത്തിലേക്കു മടങ്ങി വരുമെന്ന ശുഭസൂചന ആശുപത്രി വൃത്തങ്ങളിൽ നിന്നു പുറത്തു വന്നതിനെത്തുടർന്ന് പ്രതീക്ഷയിലായിരുന്നു ആരാധകർ. പക്ഷേ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ ബാലഭാസ്കറിന്റെ ജീവൻ കവർന്നപ്പോൾ ലക്ഷ്മിയെ തനിച്ചാക്കി മകൾക്കൊപ്പം ബാലഭാസ്കറും യാത്രയായി.ആരാധകരെ നടുക്കിയ ദുരന്തവാർത്ത പുറത്തു വരുമ്പോഴും മകളുടെയും ഭർത്താവിന്റെയും വിയോഗമറിയാതെ ആശുപത്രിക്കിടക്കയിലാണ് ലക്ഷ്മി.

വയലിൻ മാന്ത്രികൻ ഓർമ്മയാകുമ്പോൾ ഇന്നും നിറവോടെ ആളുകളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതൊരു പ്രണയമുണ്ട്. ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയം. 22–ാം വയസ്സിൽ വിദ്യാർഥിയായിരിക്കെയാണ് ബന്ധുക്കളുടെ എതിർപ്പിനെ വകവെയ്ക്കാതെ ബാലഭാസ്ക്കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. അപ്പോൾ ലക്ഷ്മിയും വിദ്യാർഥിനിയായിരുന്നു.

Balabhaskar-family

പ്രണയം നൽകിയ ധൈര്യവും സംഗീതം ഒപ്പമുണ്ടെന്ന ആത്മവിശ്വാസവും മാത്രമായിരുന്നു അന്ന് ബാലഭാസ്ക്കറിനും ലക്ഷ്മിക്കും കൂട്ടായി ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളജിലെ എംഎ സംസ്കൃത വിദ്യാർഥിയായ ബാലഭാസ്ക്കറും എംഎ ഹിന്ദി വിദ്യാർഥിനിയായ ലക്ഷ്മിയും ഒന്നരവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പിന്നീട്  കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ എന്ന മ്യൂസിക് ബാൻഡിലൂടെയും പ്രണയം തുളുമ്പുന്ന ആൽബങ്ങളിലൂടെയും ക്യാംപസിന്റെ ഹരമായി മാറുകയായിരുന്നു ബാലഭാസ്കർ. പ്രണയിനി ലക്ഷ്മിക്കായി എഴുതിയ ആരു നീ എന്നോമലേ എന്ന ഗാനം ഹിറ്റ് ചാർട്ടിലിടം പിടിക്കുകയും ക്യാംപസിന്റെ ഹൃദയം കവരുകയും ചെയ്തു.

സ്വന്തം സംഗീതപരിപാടികളുമായി ലോകം ചുറ്റുന്നതിനിടെ ഹിന്ദിയിൽ കൈയൊപ്പു പതിപ്പിക്കാനും അദ്ദേഹം മറന്നില്ല. സംഗീതത്തിലുള്ള അഭിരുചി ബാലഭാസ്കറിന് പാരമ്പര്യമായി കിട്ടിയതാണ്. ബാലഭാസ്ക്കറിന്റെ അമ്മയുടെ സഹോദരൻ വയലിനിൽ പ്രാവീണ്യം തെളിയിച്ചയാളാണ്. മൂന്നാം വയസ്സു മുതൽ വയലിൻ അഭ്യസിച്ച ബാലഭാസ്കറിന് ശാസ്ത്രീയ സംഗീതവും ഫ്യൂഷനും ഒരുപോലെ വഴങ്ങിയിരുന്നു. 17 വയസ്സുള്ളപ്പോഴാണ് മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് ബാലഭാസ്ക്കർ സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധാനത്തിനു പുറമേ അഭിനയത്തിലും മാറ്റുരച്ചിട്ടുണ്ട് ബാലഭാസ്കർ. രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനേതാവായത്.

നീണ്ട പ്രണയത്തിനൊടുവിൽ 2000 ൽ ആണ് ബാലഭാസ്കറും ലക്ഷ്മിയും വിവാഹിതരായത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു മകളെ ലഭിച്ചത്. തേജസ്വിനി ബാല എന്ന മകൾ ജനിച്ചതിനു ശേഷം ഏറെ സമയവും ബാലഭാസ്കർ മകൾക്കൊപ്പമാണ് ചിലവഴിച്ചിരുന്നത്. മകളുടെ പേരിലുള്ള വഴിപാടുകൾക്കായാണ് സെപ്റ്റംബർ 23 ന് ബാലഭാസ്കറും കുടുംബവും തൃശ്ശൂരിൽ പോയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് 24 ന് രാത്രിയിൽ തിരുമലയിലെ വീട്ടിലേക്ക് മടക്കയാത്രയാരംഭിച്ചു. 25 ന് പുലർച്ചെ അപകടസമയത്ത് ബാലഭാസ്കറും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിനു വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലഭാസ്കറിനെയും ലക്ഷ്മിയെയും അർജുനെയും ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.

balabhaskar-family-78

അപകടത്തിൽ മകളെ നഷ്ടപ്പെട്ട വിവരം അപകടത്തിൽ സാരമായി പരുക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും അറിഞ്ഞിരുന്നില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. ഇന്ന് പുലർച്ചെ ബാലഭാസ്കറും മരിച്ചതോടെ പാട്ടീണങ്ങൾ നിറഞ്ഞ കുടുംബത്തിൽ ലക്ഷ്മി തനിച്ചായി. പ്രിയകലാകാരന്റെ വേർപാടിൽ നെഞ്ചുവിങ്ങുമ്പോഴും ഈ കൊടിയ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തി ആ പെൺകുട്ടിക്ക് നൽകണേയെന്ന പ്രാർഥനയിലാണ് ആരാധകർ.