Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ടിവി കാഴ്ച നിർത്തി, ഇരട്ടകളുടെ റിയാലിറ്റി ഷോ കാണുകയാണിപ്പോൾ: കരൺ ജോഹർ

karan-family-01

ബോളിവുഡിലെ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ... വിശേഷണങ്ങൾ ഏറെയാണെങ്കിലും കരൺജോഹറിന് ഏറെയിഷ്ടം ഇരട്ടക്കുഞ്ഞുങ്ങളായ റൂഹിന്റെയും യാഷിന്റെയും അച്ഛനെന്ന് അറിയപ്പെടാനാണ്. തന്റെ ജീവിതത്തിന് നിറം നൽകിയ കുഞ്ഞുങ്ങളെക്കുറിച്ചും അവരെ പൊന്നുപോലെ കാക്കാൻ തന്നോടൊപ്പം ഊർജ്ജസ്വലയായി നിൽക്കുന്ന അമ്മയെക്കുറിച്ചും വാതോരാതെ സംസാരിക്കുകയാണ് കരൺ ജോഹർ.

2017ലാണ് താൻ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായ സന്തോഷവാർത്ത ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം കരൺ ജോഹർ പങ്കുവച്ചത്. '' എന്റെ 44–ാം വയസ്സിലാണ് നിങ്ങൾ ജനിച്ചത്. വളരെപ്പെട്ടന്നുതന്നെ നിങ്ങളെന്നെ സെന്റിമെന്റലാക്കി. എന്തു മാന്ത്രികതകൊണ്ടാണ് നിങ്ങളെന്റെ ജീവിതത്തിലെ ശൂന്യതയെ ഇല്ലാതാക്കിയത്, എന്റെ വീടിനെ ഒരു കുടുംബമാക്കി മാറ്റിയത്'' - മക്കളുടെ ജനനത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് കരൺ കുറിച്ചതിങ്ങനെ.

ബിടൗണിലെ സെലിബ്രിറ്റി കിഡ്സുകളുടെ മുൻനിരയിൽത്തന്നെയുണ്ട് കരണിന്റെ ഇരട്ടക്കുഞ്ഞുങ്ങളും പലപ്പോഴും അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുമുണ്ട്. അച്ഛൻ കരണിനും മുത്തശ്ശി ഹീരൂ ജോഹറിനും അല്ലെങ്കിൽ അവരുടെ നാനിക്കുമൊപ്പം കുഞ്ഞുങ്ങളെ പുറത്തു കാണുപ്പോഴൊക്കെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ അവരെ പൊതിയാറുണ്ട്.

karan-twins-01

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം എപ്പോഴും ചുറ്റിത്തിരിയുന്ന അമ്മയെപ്പറ്റി കരൺ ജോഹർ പറയുന്നതിങ്ങനെ :- '' എന്റെ അമ്മ അവർക്ക് ഒരമ്മയാണ്, മുത്തശ്ശിയാണ് അതിലുപരി ഒബ്സസീവായ ഒരു മുത്തശ്ശിയാണ് ( ഉറക്കെ ചിരിക്കുന്നു). 7 ദിവസവും 24 മണിക്കൂറും അമ്മ കുഞ്ഞുങ്ങൾക്കൊപ്പമാണ്. ചിലപ്പോഴൊക്കെ അമ്മ അവരുടെ ഔദ്യോഗിക നഴ്സും നാനിയുമൊക്കെ  ആകാറുണ്ട്. കുഞ്ഞുങ്ങളുടെ കാര്യങ്ങളൊക്കെ എപ്പോഴും അദ്ഭുതകരമായി നിർവഹിക്കുന്ന ഹെലികോപ്റ്റർ മുത്തശ്ശിയാണ് അമ്മ.  അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാവുന്ന എനിക്ക് ഒരു മേൽനോട്ടക്കാരന്റെ ചുമതലയേയുള്ളൂ''.- കരൺ പറയുന്നു.

'' ഓരോ മണിക്കൂറിലും എനിക്ക് അപ്ഡേഷൻ ലഭിക്കും. മിക്കവാറും അതു കുഞ്ഞുങ്ങളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ആയിരിക്കും. കുഞ്ഞുങ്ങൾക്കൊപ്പം അമ്മയല്ല ഞാനാണ് ഉണ്ടായിരിക്കുന്നതെങ്കിലുും ഇതു തന്നെയാണ് സംഭവിക്കുക. ഞാനും അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും അമ്മയ്ക്ക് അയച്ചുകൊണ്ടിരിക്കും. കുഞ്ഞുങ്ങളുടെ അരികിലല്ലാത്തപ്പോൾ ഞങ്ങൾ രണ്ടാളും അത്രത്തോളം ഫോണിനോട് അടുപ്പം കാണിക്കും. സത്യം പറഞ്ഞാൽ ടിവിഷോകളൊന്നും കാണാൻ അമ്മയ്ക്ക് സമയം ലഭിക്കാറേയില്ല. ഞങ്ങളുടെ വീട്ടിലെ നഴ്സറിയിൽ നടക്കുന്ന ഇരട്ടകളുടെ റിയാലിറ്റി ഷോ കാണാനേ ഇപ്പോൾ അമ്മയ്ക്ക് നേരമുള്ളൂ.''- കരൺ പറയുന്നു.

ഇന്ത്യൻസ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവായി തിരികെ വന്നിരിക്കുകയാണ് കരൺജോഹർ ഇപ്പോൾ. കോഫിവിത് കരൺ എന്ന താരഅബിമുഖ പരിപാടിയുടെ ആറാം സീസൺ ഇപ്പോഴും ടെലിവിഷൻ പരിപാടിയിൽ മുൻനിരയിലുണ്ട്.