വിവാഹം വരെ അമ്മയാകാൻ കാത്തിരിക്കാൻ വയ്യ: മകളെ സ്വന്തമാക്കി സാക്ഷി

എത്രയും വേഗം അമ്മയാകണം. പക്ഷേ അതിനായി വിവാഹം വരെ കാത്തിരിക്കാനും കഴിയില്ല. അങ്ങനെയാണ് സാക്ഷി തൻവാർ ഒരു മകളെ സ്വന്തമാക്കിയത്. 9 മാസം പ്രായമായ പെൺകുഞ്ഞിനെ ദത്തെടുത്താണ് ബോളിവുഡ് താരം സാക്ഷി തൻവാർ ആഗ്രഹം സഫലമാക്കിയത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണയോടെയാണ് സാക്ഷി മകളെ സ്വന്തമാക്കിയത്.

വിജയദശമി ദിനത്തിലാണ് സാക്ഷി അമ്മയായത്. സാക്ഷിയുടെ സഹോദരൻ രാജീവ് സിങ് തൻവാർ ആണ് കുടുംബത്തിൽ കുഞ്ഞതിഥിയെത്തി എന്ന വാർത്ത സ്ഥിരീകരിച്ചുകൊണ്ട് കുടുംബാംഗങ്ങളോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. '' ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് സ്വാഗതം'' എന്നു കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രം രാജീവ് പങ്കുവച്ചിരിക്കുന്നത്.

വിജയദശമി ദിനത്തിൽ അമ്മയായ സന്തോഷത്തിൽ കുഞ്ഞിന് ലക്ഷ്മീദേവിയുടെ പേരിന്റെ പര്യായമായ ദിത്യ എന്നപേരാണ് സാക്ഷി നൽകിയത്. ഈ വിജയദശമി ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണെന്നും അച്ഛനമ്മമാരുടെയും കുടുംബത്തിന്റെയും ആശിർവാദത്തോടെ കുഞ്ഞിനെ ദത്തെടുത്ത സന്തോഷവാർത്ത എല്ലാവരെയും അറിയിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സാക്ഷി മാധ്യമങ്ങളോട് സംസാരിച്ചത്.