അനുഭവങ്ങൾ തുറന്നുപറയണം; മക്കളോടുപോലും: കരിഷ്മ

കരിഷ്മ കപൂർ മക്കളോടൊപ്പം

ദീപിക പദുക്കോണിനും ആലിയ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടിനും പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വാർത്തയിൽ നിറയുന്നത് ബോളിവുഡ് താരം കരിഷ്മ കപൂറാണ്. അഭിനയരംഗത്ത് 27 വർഷത്തെ അനുഭവ പരിചയമുള്ള താരം രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ വിനോദവ്യവസായ മേഖലയിലെത്തുന്നവർ കടന്നു പോകുന്ന മാനസികാവസ്ഥകളെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും മാനസിക ആരോഗ്യത്തെക്കുറിച്ച് സമൂഹത്തിനു മുന്നിൽ തുറന്നു പറയാൻ ധൈര്യം കാണിക്കുന്നവർ അത്തരം കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്കും പറഞ്ഞുകൊടുക്കാൻ തയാറാകണമെന്നും കരിഷ്മ പറയുന്നു.

‘27 വർഷം ഒരു പൊതുഇടത്തിൽ ജോലിചെയ്ത ഒരാൾക്ക് ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. അതുകൊണ്ടാണ്, ഞാൻ എന്റേതായ രീതിയിൽ അതിനെക്കുറിച്ചു സംസാരിക്കാനാഗ്രഹിക്കുന്നത്. ഞാൻ വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് ലോകത്തിനറിയാം. പക്ഷേ ഈ ഒരുകാര്യത്തിലാണ് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നത്’.- കരിഷ്മ പറയുന്നു.

‘ദീപികയുൾപ്പടെയുള്ള ആളുകൾ വിഷാദരോഗത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ ആളുകൾ മുൻകൈയെടുത്തതോടെ ഇതിന്മേൽ സമൂഹം കൽപ്പിച്ച വിലക്ക് തകർക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് വേണ്ടത്. ആളുകൾ‌ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ മുന്നോട്ടുവരണം. അവരുടേതായ രീതിയിൽ സംസാരിക്കണം. അതാണു വേണ്ടത്. ആളുകൾക്കുമേൽ ഒരുപാട് സമ്മർദമുണ്ട്. അതാരോടെങ്കിലും തുറന്നു പറയാനുള്ള അവസരമൊരുക്കുകയാണ് പ്രധാനം. അതൊരു പ്രഫഷനലിനോടാവാം, അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരോടെങ്കിലുമാകാം. മറ്റുള്ളവരോട് സ്വന്തം പ്രയാസങ്ങൾ പങ്കുവയ്ക്കുന്നത് ആശ്വാസം നൽകും’. -കരിഷ്മ പറയുന്നു.

താൻ അക്കാര്യത്തിൽ ഭാഗ്യവതിയാണെന്നും എല്ലാക്കാര്യങ്ങളും മക്കളോടു തുറന്നു പറയാൻ തക്ക സൗഹൃദം അവരുമായുണ്ടെന്നും താരം പറയുന്നു. ‘എനിക്കും സഹോദരി കരീനയ്ക്കും എല്ലാക്കാര്യങ്ങളും അമ്മയോടു തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപോലെയുള്ള അമ്മ–മക്കൾ ബന്ധമാണ് ഞാനും എന്റെ കുട്ടികളും തമ്മിൽ. സൂര്യനുകീഴിലുള്ള എന്തിനെപ്പറ്റിയും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ട്’ - കരിഷ്മ പറയുന്നു.

കഴിഞ്ഞ ദീപാവലി ദിനത്തിൽ മക്കൾ കീയാനും സമീരയ്ക്കും സഹോദരി കരീനയ്ക്കും അവരുടെ മകൻ തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ കരിഷ്മ ആരാധകർക്കായി പങ്കുവച്ചിരുന്നു.