ആരാധ്യ സിനിമയിലേക്കെത്തുന്നതിൽ ഭയമില്ല: അഭിഷേക്

ഇടവേളയ്ക്കു ശേഷം വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ വീണ്ടും ബിടൗണിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് അഭിഷേക് ബച്ചൻ. അടുത്തിടെ സംവിധായകൻ സൂജിത്തിന് നൽകിയ അഭിമുഖത്തിലാണ് ബച്ചൻ കുടുംബത്തിലെ അംഗമെന്ന നിലയിൽ സിനിമയിലെ നിലനിൽപ്പിനെക്കുറിച്ചും സിനിമാ മേഖലയിലെ മീടൂവിനെക്കുറിച്ചും ആരാധ്യയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിഷേക് ബച്ചൻ മനസ്സു തുറന്നത്.

''എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ത്രീകളും സിനിമാ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. എന്റെ അമ്മയും ഭാര്യയും. എന്നാൽ ഒരിക്കൽപ്പോലും ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാൻ അവരെ ആരും നിർബന്ധിച്ചിട്ടില്ല. സിനിമാ മേഖലയിലെ ലിംഗസമത്വത്തെപ്പറ്റി വലിയ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. ഭാര്യ ഐശ്വര്യയോടൊപ്പം 9 സിനിമകളിൽ ‍ഞാൻ അഭിനയിച്ചിട്ടുണ്ട്. എട്ടു സിനിമകളിലും ഐശ്വര്യയ്ക്കായിരുന്നു എന്നേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചിരുന്നത്. അതുപോലെ തന്നെ പികു എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത് ദീപിക പദുക്കോണിനായിരുന്നു. ഇതൊരു ബിസിനസ്സാണ് നിങ്ങളൊരു സെയിലബിൾ ആക്ടറാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും. നാളെ ഒരു പുതുമുഖം വന്ന് എനിക്ക് ഷാരൂഖാന്റെത്രയും പ്രതിഫലം വേണമെന്ന് പറഞ്ഞാൽ അതു നടക്കില്ല'':- അഭിഷേക് പറയുന്നു.

നാളെ ആരാധ്യ സിനിമാ മേഖല തിരഞ്ഞെടുക്കുകയാമെങ്കിൽ താൻ ഭയക്കുകയില്ലെന്നും. എന്നാൽ  നാളെ അവളൊരു അഭിനേത്രിയായാൽ സ്വയം സംരക്ഷിക്കാമനുള്ള തിരിച്ചറിവുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അഭിഷേക് പറയുന്നു. ഇന്ത്യയിലെ മീടൂ ക്യാംപെയിനെക്കുറിച്ചുള്ള ചോദ്യത്തിന് അതുതന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും. നമ്മുടെ സമൂഹം അതിനെ ഉൾക്കൊള്ളാൻ തയാറായിട്ടില്ലെന്നും തലമുറകളായി പിന്തുടരുന്ന പെരുമാറ്റ രീതികളെക്കുറിച്ച് പുനർചിന്തനം നടത്താനുള്ള സമയമായിരിക്കുന്നുവെന്നും അഭിഷേക് പറയുന്നു. ഇത്രയും വർഷങ്ങളായി എത്രയൊക്കെ അതിക്രമങ്ങൾ സഹിച്ചാണ് ഓരോ സ്ത്രീയും ജീവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.

വീട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നും തനിക്കും സഹോദരി ശ്വേതയ്ക്കും ഒരേ പരിഗണന തന്നെയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. മീ ടൂ ക്യാംപെയ്ൻ ആളുകളുടെ ചിന്താശേഷിയെ സ്വാധീനിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും പക്ഷേ ഈ ക്യാംപെയിനിന്റെ അവസാനത്തെക്കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ടെന്നും. ഒരു കാര്യം കേട്ട് ആളുകളെ വിധിക്കരുതെന്നും കേട്ടകാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തിഹത്യ നടത്തുന്നത് അവസാനിപ്പിക്കണമെന്നും അഭിഷേക് പറയുന്നു.