സുഹാന ഇരുണ്ടിട്ടാണ്, പക്ഷേ ഈ ലോകത്തെ ഏറ്റവും സുന്ദരിയും: ഷാരൂഖ്

ഷാരൂഖ് ഖാൻ, സുഹാന

തന്റെ മകളാണ് ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെന്ന് വിശ്വസിക്കുന്ന അച്ഛന്മാരിൽ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ഫിലിംഫെസ്റ്റിവലിൽ മകളെക്കുറിച്ചും അവളോടുള്ള അടുപ്പത്തെക്കുറിച്ചുമെല്ലാം ഷാരൂഖ് മനസ്സു തുറന്നു സംസാരിച്ചിരുന്നു.

സൗന്ദര്യവർധക ഉൽപ്പന്നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് മകളുടെ നിറത്തെക്കുറിച്ചും മകളോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷാരൂഖ് വാചാലനായത്. 'എന്റെ മകൾ ഇരുണ്ടിട്ടാണ്. പക്ഷേ അവളാണ് ഈ ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടി എന്നും ഞാൻ വിശ്വസിക്കുന്നു ഇതുവരെ മറിച്ചാരും എന്നോട് പറഞ്ഞിട്ടില്ല.

ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ബോളിവുഡിലേക്ക് ഞാനെത്തിയത്. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ.എന്റെ ഭാര്യയും മക്കളുമെല്ലാം വളരെ സാധാരണക്കാരായ ആളുകളാണ്. ഞാൻ കാണാൻ അത്ര സുന്ദരനായ ഒരാളല്ല, എനിക്കധികം പൊക്കമില്ല, നല്ലൊരു ഡാൻസറല്ല, എങ്ങനെ ഒരു മികച്ച ബോളിവുഡ് നടനാകണമെന്ന് ഞാൻ ഒരു ആക്റ്റിങ് സ്കൂളിൽ നിന്നും പഠിച്ചിട്ടുമില്ല. പക്ഷേ ഇപ്പോൾ കാര്യങ്ങൾക്ക് കുറച്ചു മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ പോസ്റ്ററുകളിൽ ചിരിച്ചു നിൽക്കുന്ന സുന്ദരനായ ചെരുപ്പക്കാരന്റെ രൂപമൊക്കെ എനിക്ക് ഈ സ്റ്റാർഡം തന്നതാണ്'- ഷാരൂഖ് പറയുന്നു.

18 വയസ്സു പൂർത്തിയായ ഈ വർഷം വോഗ് മാസികയുടെ കവർഗേൾ ആയി സുഹാനയെത്തിയിരുന്നു. മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സുഹാന പറഞ്ഞതിങ്ങനെ :-

''16 വയസ്സിൽ വീട്ടിൽ നിന്നു മാറി നിൽക്കാൻ തീരുമാനിച്ചത് ജീവിതത്തിൽ ‍ഞാനെടുത്ത മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു. വളരെ വ്യത്യസ്തമായ ചുറ്റുപാടുകളിൽ ജീവിക്കാനും ഒരുപാടാളുകളെ പരിചയപ്പെടാനും സാധിച്ചതിലൂടെ എന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. നഗരത്തിരക്കിലൂടെ നടക്കാനും, ട്രെയിനിൽ സഞ്ചരിക്കാനും അങ്ങനെ മുംബൈയിലായിരുന്നപ്പോൾ ചെയ്യാൻ കഴിയാതിരുന്ന പല ചെറിയകാര്യങ്ങളും ഇപ്പോൾ ചെയ്യാൻ കഴിയുന്നുണ്ട്. വീട്ടിൽ നിന്ന് അകലയായിരിക്കുമ്പോഴും വീടിനെ ഏറെ സ്നേഹിക്കുന്നുമുണ്ട്.''- സുഹാന പറയുന്നു. ലണ്ടനിലെ പ്രൈവറ്റ് ബോർഡിങ് സ്കൂളിലാണ് ഇപ്പോൾ സുഹാന പഠിക്കുന്നത്.