ആ കൊലപാതകം ഭർത്താവിന്റെ കൈയബദ്ധമല്ല, ആസൂത്രിതം; വാട്സാപ്പിൽ തെളിവുണ്ട്

പ്രതീകാത്മക ചിത്രം

അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ബാങ്ക് ഉദ്യോഗസ്ഥയായ ദീപികയെ വിക്രം ചൗഹാൻ വിവാഹം കഴിച്ചത്. നാലു വയസ്സും ആറുമാസവും പ്രായമായ പെൺകുഞ്ഞുങ്ങൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനിടയിലേക്കാണ് ഇവരുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ വന്നുകയറിയത്.

ഫസീരബാദിലെ അൻസൽ വാലി വ്യൂ സൊസൈറ്റിയിലെ ഫ്ലാറ്റിലായിരുന്നു ഇവരുടെ താമസം അതേ സമുച്ചയത്തിൽത്തന്നെയുള്ള ഷെഫാലി ബാസ് എന്ന വിവാഹിതയായ സ്തരീയുമായി വിക്രമിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ ദീപിക പലപ്പോഴും ചോദ്യം ചെയ്യുകയും ഇത് തുടർച്ചയായ കുടുംബ കലഹത്തിനു കാരണമാവുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

എന്നാൽ കഴിഞ്ഞ കർവാ ചൗഥ് ദിനത്തിലാണ് കാര്യങ്ങൾ ദുരന്തത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഉത്തരേന്ത്യയിലെ വിവാഹിതരായ സ്ത്രീകൾക്കിടയിൽ വളരെ പ്രാധാന്യമുള്ള ആചാരമാണ് കർവാ ചൗഥ്. ഭർത്താവിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഭാര്യമാർ വ്രതമെടുക്കുന്ന ദിവസം. താൻ വ്രതത്തിലാണെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞുകൊണ്ട് ദീപിക അന്നു പകൽ മുഴുവൻ ഭർത്താവിന് ഫോൺ ചെയ്തുകൊണ്ടിരുന്നു. വൈകിട്ടോടെ ഫ്ലാറ്റിലെത്തിയ വിക്രമും ദീപികയും ഷെഫാലിയുടെ കാര്യത്തെച്ചൊല്ലി വഴക്കിട്ടു.

വഴക്കിനു ശേഷം അവളൊരു ഭ്രാന്തിയെപ്പോലെ അലറുകയാണ് എന്ന് വിക്രം ഷെഫാലിക്ക് വാട്സാപ് സന്ദേശമയച്ചു. അവളെ ബാൽക്കണിയിൽ നിന്നു തള്ളിയിടൂ എന്നായിരുന്നു ഷെഫാലി മറുപടിയയച്ചത്. എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നതെന്ന് വിക്രം പറഞ്ഞപ്പോൾ എങ്കിൽ അങ്ങനെ തന്നെ ചെയ്യൂ. അതാണ് നല്ലതെന്നും ഷെഫാലി മറുപടി നൽകി.

പെട്ടന്നുണ്ടായ പ്രകോപനം കാരണമല്ല വിക്രം ഭാര്യയെ കൊലപ്പെടുത്തിയതെന്നും മാസങ്ങളായി വിക്രം കൊലപാതകത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒന്നുകിൽ ഭാര്യയെ കൊലപ്പെടുത്തുക, അല്ലെങ്കിൽ വിവാഹ മോചനം നേടുക എന്നീ രണ്ടാവശ്യങ്ങളാണ് ഷെഫാലി വിക്രമിന് മുന്നിൽ വച്ചതെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിന് മുൻപ് ദീപികയും വിക്രവുമായി കൈയ്യാങ്കളികൾ നടന്നിട്ടുണ്ടെന്നും വിക്രമിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ അയാളുടെ ശരീരത്തിൽ ചില അടയാളങ്ങൾ കണ്ടുവെന്നും പൊലീസ് പറയുന്നു. രാത്രി ഒൻപതര വരെ മാതാപിതാക്കൾ ദമ്പതികളുടെയൊപ്പമുണ്ടായിരുന്നുവെന്നും 9.37 ഓടെയാണ് ദീപികയുടെ കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു.

'എന്നെ കൊല്ലരുതേ, നമ്മുടെ മക്കളെ ഞാനൊരുപാട് സ്നേഹിക്കുന്നുണ്ടെന്ന്' ദീപിക പറയുന്നത് കേട്ടുവെന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. ദീപിക ഏറ്റവും അവസാനമായി പറഞ്ഞ വാക്കുകൾ അതാകാമെന്നും പൊലീസ് പറയുന്നു. ഭാര്യയെ ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും തള്ളിയിട്ട ശേഷം വിക്രം സഹായത്തിനായി അലറി വിളിച്ചെന്നും അയൽക്കാർ ദീപികയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.

ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് അച്ഛൻ അമ്മയെ തള്ളിയിട്ട് കൊല്ലുമ്പോൾ ഇവരുടെ കുഞ്ഞുമക്കൾ ഫ്ലാറ്റിനുള്ളിൽ ഉറക്കത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ദീപികയെ കൊലപ്പെടുത്താൻ മുൻപും പദ്ധതി ആസൂത്രണം ചെയ്തതിലും ഇപ്പോൾ കൊലപാതകത്തിന് പ്രേരിപ്പിച്ചതിലും ഷെഫാലിക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഷെഫാലി. ഷെഫാലിയും വിക്രം ചൗഹാനും തമ്മിൽ ഗൂഗിൾ ടോക്കിലൂടെയും വാട്സാപ്പിലൂടെയും നടത്തിയ സംഭാഷണങ്ങളിൽ നിന്നാണ് കൊലപാതകം ആസൂത്രിതമാണെന്നതിനെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഷെഫാലിക്കെതിരെ ചുമത്തിയിരിക്കുന്നത്.