ഒബാമയുമായുള്ള ആദ്യ ഡേറ്റിങ്ങിനെക്കുറിച്ച് മനസ്സു തുറന്ന് മിഷേൽ

ബറാക് ബാമയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ചും ഒരുമിച്ചു ജീവിതം തുടങ്ങിയ ശേഷം ചില സമയങ്ങളിൽ ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് മിഷേൽ ഒബാമ. ഓർമക്കുറിപ്പിലൂടെയാണ് ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച്  മിഷേൽ ഒബാമ തുറന്നു പറയുന്നത് ആദ്യകാഴ്ചയിൽ ഒബാമയെ കണ്ടപ്പോൾ, ഇങ്ങനെയൊരാളെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് ഒരുവട്ടം പോലും തോന്നിയില്ലെന്നും മിഷേൽ പറയുന്നു.

1989 ൽ ഷിക്കാഗോയിലെ സിഡ്‌ലി ആൻഡ് ഓസ്റ്റിൻ എന്ന നിയമ സ്ഥാപനത്തിൽ തന്റെ അസോസിയേറ്റായി ജോലി ചെയ്യാനെത്തിയപ്പോഴാണ് ഒബാമയെ ആദ്യം പരിചയപ്പെടുന്നത്. നന്നായി പെരുമാറുന്ന ഒരാളെന്ന രീതിയിൽ ഒബാമയോട് ഇഷ്ടം തോന്നിയിരുന്നുവെന്നും മിഷേൽ വെളിപ്പെടുത്തുന്നു.

‘ജോലിസ്ഥലത്ത് ഞാൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. ഒരിക്കൽ ഉച്ചഭക്ഷണത്തിനു ശേഷം ഒബാമ ഒരു സിഗരറ്റിനു തീ കൊളുത്തി. സിഗരറ്റ് വലി എനിക്കത്ര ഇഷ്ടമല്ല. എന്റെ മാതാപിതാക്കളെപ്പോലെയായിരുന്നു ഒബാമയും സിഗരറ്റ് വലിച്ചിരുന്നത്. അന്ന് ഭക്ഷണത്തിനുശേഷം നഗരത്തിരക്കിലൂടെ നടക്കുമ്പോഴാണ് കാര്യങ്ങൾ പെട്ടെന്നു മാറിമറിഞ്ഞത്.

ഊണു കഴിഞ്ഞതും ഒബാമ പ്രഖ്യാപിച്ചു- ‘നമുക്കു പുറത്തു പോകാം’. ‘എന്ത്, ഞാനും നിങ്ങളുമോ?’ എന്ന് ചെറിയൊരു ഞെട്ടലോടെ ഞാൻ ചോദിച്ചു. ‘നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങളുമായി ഡേറ്റ് ചെയ്യുകയല്ല, നിങ്ങളുടെ ഉപദേഷ്ടാവാണെന്ന്’. എന്റെ ആ തർക്കത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നീ എന്റെ ബോസ് അല്ല, നീ വളരെ സുന്ദരിയാണ്’ എന്നും അദ്ദേഹം പറഞ്ഞു- തന്റെ ഓർമക്കുറിപ്പിൽ‌ മിഷേൽ എഴുതുന്നു.

ചെറുപ്പത്തിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഷിക്കാഗോയുടെ തെക്കൻപ്രദേശത്തായിരുന്നു മിഷേലിന്റെ താമസം. അച്ഛൻ ഫ്രേസർ റോബിൻസണും അമ്മ മരിയനും ധൈര്യമുള്ള ‌പെൺകുട്ടിയായാണ് മിഷേലിനെ വളർത്തിയത്. കോർപറേറ്റ് അഭിഭാഷക എന്ന പദവിയിലിരിക്കുമ്പോഴും ആ വലിയ ഓഫിസ് മുറിയിലെ ഒരേയൊരു ബ്ലാക്ക്‌വുമൺ ആണ് താനെന്ന് മിഷേൽ തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരു ഗ്രീഷ്മകാലത്തിലാണ് മിഷേലിന്റെ ജീവിതത്തിലെ അതുവരെയുള്ള പദ്ധതികളെയെല്ലാം തകിടം മറിച്ചുകൊണ്ട് ബറാക് ഒബാമ എന്നു പേരുള്ള ഒരു നിമയവിദ്യാർഥി അവരുടെ ഓഫിസിലെത്തിയത്.

ജീവിതത്തിന്റെ തുടക്കകാലത്ത്, ഒബാമയുടെ പെട്ടെന്നുള്ള രാഷ്ട്രീയ വളർച്ചയുടെ സമയങ്ങളിൽ ജോലിയും ജീവിതവും ബാലൻസ് ചെയ്തുകൊണ്ടു പോകാൻ താൻ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പദവിയെക്കുറിച്ച് ഒബാമയും താനും തമ്മിൽ നടന്ന സ്വകാര്യവാഗ്വാദത്തെക്കുറിച്ചും മിഷേൽ പുസ്തകത്തിൽ പറയുന്നുണ്ട്.