Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനിയുടെ വിവാഹമേളം; തകർത്താടി ഷാരൂഖ്–ഗൗരി, ആഷ്–അഭിഷേക് ജോഡികൾ

dance-01jpg ഇഷ അംബാനി, ഗൗരിഖാൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകളിൽ നിറഞ്ഞാടുന്നത് ബി ടൗണിലെ താര ദമ്പതികളാണ്. ആട്ടവും പാട്ടും മേളവും കൊഴുക്കുന്ന ആഘോഷങ്ങളിൽ അതിസുന്ദരമായി ചുവടുകൾ വച്ചുകൊണ്ടാണ് താരദമ്പതികൾ ശ്രദ്ധയാകർഷിക്കുന്നത്.

ഉദയ്പൂരിൽ നടക്കുന്ന വിവാഹപൂർവ ആഘോഷച്ചടങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയതോടെയാണ് താരദമ്പതികളുടെ മനംകവരുന്ന നൃത്ത ദൃശ്യങ്ങൾ ആരാധകരേറ്റെടുത്തത്. 2013 ൽ പുറത്തിറങ്ങിയ യേ ജവാനി ഹായ് ദീവാനീ എന്ന ചിത്രത്തിലെ ദിൽ വാലി ഗേൾഫ്രണ്ട് എന്ന ഗാനത്തിലാണ് ബിടൗണിലെ കിങ്ഖാൻ ഷാരൂഖും ഭാര്യ ഗൗരിയും ചുവടുവച്ചത്. ഷർവാണിയും പത്താനി സൽവാറും ധരിച്ചെത്തിയ ഷാരൂഖും ലെഹംഗയണിഞ്ഞെത്തിയ ഗൗരിയും സ്റ്റേജിൽ നിറഞ്ഞാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണിപ്പോൾ.

ഗുരു എന്ന ചിത്രത്തിലെ തേരെ ബിന എന്ന ഗാനത്തിലാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിബച്ചനും ചുവടുവച്ചത്. പിങ്കിന്റെ വ്യത്യസ്ത ഷെയ്ഡിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ആഷും അഭിഷേകും വേദിയിലെത്തിയത്. പിങ്ക് ലെഹങ്കയിൽ ഐശ്വര്യ തിളങ്ങിയപ്പോൾ പിങ്ക് കുർത്തയും പൈജാമയുമണിഞ്ഞാണ് അഭിഷേക് എത്തിയത്. ഉദയ്പൂരിലെ ദ് ഒബ്രോയ് ഉദയ്‌വിലാസ് ഹോട്ടലിലാണ് ഇഷയുടെയും ആനന്ദിന്റെയും സംഗീത് ചടങ്ങുകൾ നടക്കുന്നത്. ബോളിവുഡ് താരങ്ങൾ മാത്രമല്ല യുഎസ്എയിലെ മുൻ പ്രഥമ വനിത ഹിലരി ക്ലിന്റനും അതിഥികളുടെ പട്ടികയിലുണ്ട്.

ഡിംസംബർ 12 ന് അംബാനി കുടുംബത്തിലാണ് ഇഷയുടെയും ആനന്ദിന്റെയും വിവാഹം നടക്കുക. ഇറ്റലിയിൽവച്ച് സെപ്റ്റംബറിലാണ് ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.