കൗസല്യയുടെ പോരാട്ടങ്ങൾ‌ക്കൊപ്പം 'ശക്തി'യുണ്ട് ഇനിയെന്നും

കൗസല്യ അന്ന്, ഇന്ന് വിവാഹവേളയിൽ കൗസല്യയും ശക്തിയും

ദുരഭിമാനക്കൊല അനാഥയാക്കിയൊരു ഭൂതകാലമുണ്ടായിരുന്നു പഴനി സ്വദേശിനിയായ കൗസല്യയ്ക്ക്. ദുരഭിമാനക്കൊലയുടെ ഇര എന്ന ലേബലുമായി ജീവിതത്തിൽ നിന്ന് ഒളിച്ചോടാതെ അവൾ പൊരുതി. ജാതിവെറിക്കെതിരെ, ദുരഭിമാനക്കൊലക്കെതിരെ സധൈര്യം പോരാടിക്കൊണ്ട് അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നു.

ഒരുകാലത്ത് ദുരഭിമാനക്കൊലയുടെ ഇരയായി വാർത്തകളിൽ നിറഞ്ഞ കൗസല്യ ഇന്ന് വാർത്തകളിൽ ഇടം പിടിച്ചത് വീണ്ടും വിവാഹിതയായതോടെയാണ്.  ജാതിവിവേചനത്തിനെതിരെയുള്ള ‘സ്വാഭിമാന’ വിവാഹം പ്രോൽസാഹിപ്പിക്കാൻ ഇതര ജാതിയിൽപ്പെട്ട പറ ഇശയ് (ചെണ്ടമേളം) കലാകാരൻ ശക്തിയെയാണു  കൗസല്യ വിവാഹം കഴിച്ചത്. 

കൗസല്യയുടെ ജീവിതമിങ്ങനെ :- 

പഴനി സ്വദേശിയായ കൗസല്യ പൊള്ളാച്ചിയിൽ വിദ്യാർഥിനിയായിരിക്കെയാണ് ഇതരജാതിയിൽപെട്ട ഉദുമൽപേട്ട സ്വദേശി ശങ്കറിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. കൗസല്യയുടെ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തു. 2016 മാർച്ച് 13ന് ഉദുമൽപേട്ട ബസ് സ്റ്റാൻഡിനു സമീപം ഏതാനും പേർ ചേർന്നു ശങ്കറിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ കൗസല്യയ്ക്കും പരുക്കേറ്റു. കേസിൽ കൗസല്യയുടെ അച്ഛൻ ചിന്നസ്വാമിയടക്കം 11 പേർ അറസ്റ്റിലായി. കോടതി ചിന്നസ്വാമിയടക്കം 6 പേർക്കു വധശിക്ഷ വിധിച്ചു.

ശങ്കറിന്റെ മരണശേഷവും സ്വന്തം വീട്ടിലേക്കു മടങ്ങാതെ ശങ്കറിന്റെ കുടുംബത്തോടൊപ്പമാണ് കൗസല്യ കഴിഞ്ഞിരുന്നത്. പരുക്കുകൾ സുഖപ്പെട്ട ശേഷം കൗസല്യ തന്റെ ശ്രദ്ധ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ടു. ശങ്കറിന്റെ പേരിൽ ട്രസ്റ്റ് തുടങ്ങുകയും ജാതിവെറിക്കെതിരെയും  ദുരഭിമാനക്കൊലക്കെതിരെയും തന്റെ പോരാട്ടം തുടരുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ശങ്കറിനെ കൗസല്യയ്ക്ക് നഷ്ടപ്പെട്ടത്. അന്ന് അവൾക്ക് പ്രായം 19 വയസ്സ്. മുടങ്ങിപ്പോയ പഠനവും ഭർത്താവിന്റെ കൊലപാതകവും മനസ്സിനെ തളർത്തിയെങ്കിലും കൗസല്യ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പാതിയിൽ മുടങ്ങിയ ബിടെക് പഠനത്തിനു പകരം ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു ചേർന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു. . ശങ്കറിന്റെ ഓർമ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കർ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കർ സാമൂഹിക നീതി ഫൗണ്ടേഷനും ആരംഭിച്ചു.

ആദ്യം ആരംഭിച്ചത് ‘ശങ്കർ തനിപ്പേച്ചി മയ്യം’ ആയിരുന്നു. ജാതിപരമായും സാമ്പത്തികമായും  പിന്നാക്കം നിൽക്കുന്ന വരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.  അതിനായി രണ്ട് അധ്യാപികമാരെ നിയമിച്ചു കുറെ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകുന്നുണ്ട്. വ്യത്യസ്ത ജാതിയിൽ നിന്നു വിവാഹം കഴിക്കുന്നവർ‌ക്കു വേണ്ട പിന്തുണയും സഹായവും നൽകുകാനും അവർക്കു സംരക്ഷണം നൽകാനുമാണ് ശങ്കർ സാമൂഹ്യ നീതി ഫൗണ്ടേഷൻ ആരംഭിച്ചത്. ദുരഭിമാനക്കൊലയ്ക്കെതിരെ സർക്കാർ നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടി ശങ്കർ സമൂഹനീതി ഫൗണ്ടേഷൻ വഴി ചെയ്യാനും കൗസല്യ  ഉദ്ദേശിക്കുന്നുണ്ട്.

ഇനി കൗസല്യയുടെ പോരാട്ടാത്തിനു കരുത്തു പകരാൻ ശക്തിയുമുണ്ട്.വിഷ്വൽ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയ ശക്തി 10 വർഷമായി നിമിർവ് എന്ന പേരിൽ സംഗീത ട്രൂപ്പ് നടത്തുകയാണ്. ശങ്കറിന്റെ മരണശേഷം അവനു പകരം മകളായി നിന്ന് കുടുംബത്തെ സംരക്ഷിച്ച കൗസല്യ പുതിയൊരു ജീവിതം തുടങ്ങുന്ന സന്തോഷ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ശങ്കറിന്റെ അച്ഛൻ വേലുസ്വാമി, മുത്തശ്ശി മാരിയമ്മാൾ, അനിയൻ വിഘ്നേഷ് എന്നിവരും എത്തിയിരുന്നു.