ആ അമ്മ 'മരിച്ച' മകളെ ആദ്യമായി കണ്ടു, 69 വർഷങ്ങൾക്കു ശേഷം

ജനിവീവ് പ്യൂരിൻ്റൺ മകൾ കോനി മൾട്രൂപിനൊപ്പം. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

ജനിവീവ് പ്യൂരിൻ്റൺ എന്ന 88 കാരി മുത്തശ്ശിക്ക് ഈ ക്രിസ്തുമസ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒന്നാണ്. കാരണം 69 വർഷം മുൻപ് താൻ ജന്മം നൽകിയ ശേഷം 'മരിച്ചു പോയ' മകളോടൊപ്പമാണ് ജനിവീവിൻ്റെ ഇത്തവണത്തെ ക്രിസ്തുമസ് .

1949 ൽ തൻറെ പതിനെട്ടാം വയസ്സിലാണ് അവിവാഹിത ആയിരുന്ന ജനിവീവ് മകൾക്ക്  ജന്മം നൽകിയത്. എന്നാൽ കുഞ്ഞ് ജനനത്തോടെ തന്നെ മരിച്ചു എന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും ജനിവീവിനെ അറിയിക്കുകയായിരുന്നു. ജന്മം നൽകിയ ശേഷം കുഞ്ഞിനെ ഒരു നോക്കു കാണാൻ പോലും ജനിവീവിന് സാധിച്ചിരുന്നില്ല. ആശുപത്രിയിൽ വച്ച് തന്നെ ചില കടലാസുകളിൽ ഒപ്പിട്ടെങ്കിലും അത് എന്തിനെ സംബന്ധിച്ചുള്ളതായിരുന്നു എന്ന് ജനിവീവിന്‌ അറിവുണ്ടായിരുന്നില്ല. 

കുഞ്ഞിനെ തെക്കൻ കാലിഫോർണിയയിലുള്ള ഒരു കുടുംബത്തിന് വിട്ടു നൽകികൊണ്ടുള്ള കടലാസുകളിൽ ആണ് ജനിവീവ് അന്ന് ഒപ്പിട്ടത്. കോനി മൾട്രൂപ് എന്ന പേരു നൽകി അവർ ആ കുഞ്ഞിനെ വളർത്തി. ദത്തുപുത്രി ആണെന്ന് പറഞ്ഞെങ്കിലും തന്റെ യഥാർഥ അമ്മ  ആരാണെന്നുള്ള സത്യം  അവർ കോനിയിൽ നിന്നും മറച്ചുവച്ചു. കോനിക്ക് അഞ്ച് വയസ്സ് ആയപ്പോഴേക്കും വളർത്തമ്മ മരണമടഞ്ഞിരുന്നു. വളർത്തച്ഛൻ രണ്ടാമത് വിവാഹം കഴിച്ചെങ്കിലും അവർ കോനിയെ സ്നേഹിക്കാൻ തയാറായിരുന്നില്ല.അങ്ങനെ തിരിച്ചറിവായ കാലംതൊട്ട് തന്റെ യഥാർഥ അമ്മയ്ക്കായുള്ള അന്വേഷണം ആരംഭിച്ചതാണ് കോനി. ഒടുവിൽ തന്റെ 69–ാം വയസ്സിൽ മകളുടെ സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തി അതുവഴി തന്റെ ബന്ധുക്കളിൽ ഒരാളെ കണ്ടെത്തി. അവരുമായി നേരിട്ട് ബന്ധപ്പെട്ട ശേഷമാണ് തൻറെ യഥാർഥ അമ്മയെക്കുറിച്ച് കോനിക്ക്‌ അറിയാൻ കഴിഞ്ഞത്. 

ജനിവീവ്‌ ആകട്ടെ പ്രസവശേഷം മാതാപിതാക്കളിൽ നിന്നും അകന്നു ഫ്ലോറിഡയിൽ താമസമാക്കിയിരുന്നു. മറ്റു മക്കളൊന്നും ഇല്ലാതെ ഫ്ലോറിഡയിലെ ഒരു റിട്ടയർമെൻറ് ഹോമിൽ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു ജനിവീവ്. ഡിഎൻഎ ടെസ്റ്റ് വഴി കോനി കണ്ടെത്തിയ ബന്ധു ജനിവീവിനെ വിവരം അറിയിച്ചതോടെയാണ് ഇരുവരും തമ്മിൽ കണ്ടു മുട്ടാനുള്ള വഴിയൊരുങ്ങിയത്. മരിച്ചെന്നു കരുതിയ, ഒരിക്കലും കാണാത്ത മകളെ 69 വർഷങ്ങൾക്കുശേഷം തിരികെ ലഭിച്ച ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് ജനിവീവ്‌ പറയുന്നു. ഓരോ ക്രിസ്മസ് കാലത്തും സ്വന്തം അമ്മയെ കണ്ടെത്തണമെന്ന ആഗ്രഹവുമായി കഴിഞ്ഞ കോനിക്കാകട്ടെ പുതിയ ഒരു ജീവിതം തന്നെ ക്രിസ്തുമസ് സമ്മാനമായി ലഭിച്ച സന്തോഷമാണ്.